സയ്യിദ് ഉമര്‍ മുക്താര്‍
കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏറ പരാമര്‍ശിക്കപ്പെട്ട പേരാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാരുടെത്. സുന്നികളുടെ പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള പക്ഷം ലീഗ് വിരുദ്ധ രാഷ്ട്രീയം സ്വീകരിക്കുകയും മറുപക്ഷം ലീഗിനോടൊപ്പം നില്‍ക്കുകയുമായിരുന്നു. ലീഗ് വിരുദ്ധ പക്ഷത്തേക്ക് നീങ്ങിയ കാന്തപുരം ഗ്രൂപ്പിന് പിന്നീട് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കേണ്ടി വന്നുവെന്നതാണ് ചരിത്രം.
ധാര്‍മ്മികത കൈമോശം വന്നുകൊണ്ടിരുന്ന ലീഗ് രാഷ്ട്രീയത്തിന് പിന്നില്‍ ഒരു മതസംഘടനയെ കെട്ടിയിടേണ്ടെന്ന കാന്തപുരത്തിന്റെ തീരുമാനത്തെ പൊതു സമൂഹം സ്വാഗതം ചെയ്തു. യാഥാസ്ഥിതികമായ മത കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുമ്പോള്‍ തന്നെ കാന്തപുരത്തിന്റെ ഈ ലീഗ് വിരുദ്ധ രാഷ്ട്രീയം പുരോഗമനവാദികളുടെ ഇടയില്‍ വരെ അദ്ദേഹത്തിന് സ്വീകാര്യത നല്‍കുകയും ചെയ്തു.
കാന്തപുരത്തിന്റെ ലീഗ് വിരോധത്തിന് രണ്ട് മുഖങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന്, ലീഗിനെ വെറുമൊരു രാഷ്ട്രീയ പാര്‍ട്ടി മാത്രമായിക്കണ്ട്, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി പ്രത്യേക അടുപ്പമോ അകല്‍ച്ചയോ സൂക്ഷിക്കാതിരിക്കാനുള്ള തീരുമാനം.
രണ്ട്, സുന്നി വിരുദ്ധരായ മുജാഹിദുകള്‍ക്ക് ലീഗ് നേതൃത്വത്തിലുള്ള സ്വാധീനം. മുസ്‌ലിം ലീഗിന്റെ പ്രസിഡന്റ് സ്ഥാനത്ത് സുന്നിയായ തങ്ങള്‍ കുടുംബമായിരുന്നുവെങ്കിലും അതിന്റെ നേതൃസ്ഥാനങ്ങളില്‍ പിടിമുറുക്കാന്‍ മുജാഹിദുകള്‍ക്ക് കഴിഞ്ഞിരുന്നുവെന്നായിരുന്നു കാന്തപുരത്തിന്റെ ആരോപണം. സുന്നിസത്തെ തകര്‍ക്കാന്‍ കേരളത്തിലെ മുജാഹിദ് നേതൃത്വം ലീഗ് കൈപ്പിടിയിലാക്കുകയാണെന്ന ഭയം കാന്തപുരത്തിനുണ്ടായിരുന്നു. ലീഗിനോടൊട്ടി നിന്നാല്‍ അധികം കഴിയും മുമ്പ് മുജാഹിദുകള്‍ തങ്ങളെ വിഴുങ്ങുമെന്നും അവര്‍ ഭയപ്പെട്ടു.
സമുദായത്തെ മുഴുവന്‍ ലീഗിന്റെ ആലയില്‍ കെട്ടാനുള്ള നീക്കത്തെ എക്കാലത്തും ശക്തമായി പ്രതിരോധിച്ചവരാണ് കാന്തപുരം ഗ്രൂപ്പുകാര്‍. മത സ്ഥാപന ദുരുപയോഗ ബില്ലിനെ എല്ലാ മുസ്‌ലിം സംഘടകളും എതിര്‍ത്തപ്പോഴും കാന്തപുരത്തിന് ബില്ലിനെ പിന്തുണക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. കേരളത്തിലെ മുസ്‌ലിം പള്ളികളെ ലീഗ് രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി ഉപയോഗിച്ചപ്പോള്‍ അത് പാടില്ലെന്ന് പറഞ്ഞു കാന്തപുരം. ലീഗ് രാഷ്ട്രീയത്തെ മതത്തിന്റെ മേലങ്കികൊണ്ട് പുതപ്പിക്കാനുള്ള ശ്രമത്തെ അദ്ദേഹം ശക്തിയുക്തം എതിര്‍ത്തു. മതവും രാഷ്ട്രീയവും രണ്ടാണെന്ന് വ്യക്തമായി പറഞ്ഞു.
കാന്തപുരത്തിനും ലീഗിനും കൊടുക്കല്‍ വാങ്ങലുകളുടെ വലിയ അധ്യായങ്ങള്‍ തുറന്നുകിട്ടുമെങ്കിലും കാന്തപുരത്തിന്റെ അണികള്‍ക്ക് എല്ലാം മറന്ന് ഈ ബന്ധത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുമോ?
ഏറ്റവും അത്ഭുതകരമായ വസ്തുത കാന്തപുരത്തിന്റെ ഈ നിലപാട് പതിനായിരക്കണക്കിന് അണികളെ അരാഷ്ട്രീയവത്കരിക്കുകയല്ല, മറിച്ച് രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തതെന്നതാണ്. ലീഗ് വിരുദ്ധമായതും എന്നാല്‍ സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ കാഴ്ചപ്പാടുകളോടുകൂടിയുള്ളതുമായ ഒരു രാഷ്ട്രീയം കാന്തപുരത്തിന്റെ സംഘടനക്കുള്ളില്‍ ഉയര്‍ന്നുവന്നു. കാന്തപുരത്തിന്റെ ലീഗ് വിരുദ്ധതക്ക് പ്രത്യയശാസ്ത്രപരമായ മുഖം ഇത് നല്‍കുകയും ചെയ്തു.
പിളര്‍പ്പിന്റെ ആദ്യ കാലങ്ങളില്‍ മുസ്‌ലിം ലീഗില്‍ നിന്ന് കാന്തപുരം വിഭാഗത്തിന് വലിയ എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. നേതൃത്വത്തെയും അണികളെയും കായികമായി പോലും ആക്രമിക്കുന്ന നിരവധി സംഭവങ്ങളുണ്ടായി. സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചു. പല കാന്തപുരം അനുകൂലികളെയും അവരുടെ തൊഴിലിടങ്ങളായ പള്ളികളില്‍ നിന്നും മദ്രസകളില്‍ നിന്നും പുറത്താക്കി. കേരളത്തില്‍ പരക്കെ കാന്തപുരം വിഭാഗത്തിന്റെ പൊതുയോഗങ്ങള്‍ ആക്രമിക്കപ്പെട്ടു.
പ്രമുഖ സുന്നി പണ്ഡിതനായ കുണ്ടൂര്‍ അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാരുടെ മകന്‍ കുഞ്ഞു, കൊടുവള്ളിയിലെ അമ്പലക്കണ്ടി അബ്ദുല്‍ ഖാദര്‍ തുടങ്ങി അഞ്ചോളം പ്രവര്‍ത്തകര്‍ ലീഗ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടു. കാരന്തൂര്‍ മര്‍ക്കസിലെ ശരീഅത്ത് കോളജ് ഹദീസ് വിഭാഗം തലവനായ പ്രമുഖ പണ്ഡിതന്‍ നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ല്യാര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. പതിനെട്ടോളം വെട്ടുകള്‍ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്നാണ് അക്കാലത്ത് കേട്ടിരുന്നത്. ഇരു വിഭാഗം സുന്നികളുമായുള്ള തര്‍ക്കത്തില്‍ ചന്ദ്രിക ദിനപത്രിവും ലീഗും കാന്തപുരം വിഭാഗത്തെ നിരന്തരമായി വേട്ടയാടി.
ഒട്ടുമിക്ക മഹല്ല് കമ്മിറ്റികളും സമുദായത്തിലെ വ്യവസ്ഥാപിത സംവിധാനങ്ങളും ലീഗ് നേതൃത്വത്തോടൊട്ടി നിന്നപ്പോള്‍ ന്യൂനപക്ഷമായിരുന്നാലും അതിനോട് എതിര്‍ത്ത് നില്‍ക്കാന്‍ കാന്തപുരത്തിന്റെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. സംഘടനാ ശക്തി കുറഞ്ഞ സ്ഥലങ്ങളില്‍പ്പോലും ഓഫീസുകള്‍ തുറന്നു പൊതുയോഗങ്ങള്‍ നടത്തി തങ്ങളുടെ നിലപാടുകള്‍ വിശദീകരിച്ചു.
എസ്.എസ്.എഫിന്റെ പ്രവര്‍ത്തനം
1973 ഏപ്രില്‍ 29നാണ് കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സ്ഥാപിതമായത്. 1986ല്‍ താലൂക്ക് കമ്മിറ്റിയുടെ മേലെയുള്ള നേതാക്കന്‍മാര്‍ക്ക് സജീവ രാഷ്ട്രീയ പ്രവര്‍ത്തനമോ ബന്ധമോ പാടില്ലെന്ന നിലപാടിനെ തുടര്‍ന്ന് അക്കാലെത്തെ പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ എസ്.എസ്.എഫ് നേതൃസ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. തുടര്‍ന്ന് 1989ല്‍ സമസ്തയുടെ പിളര്‍പ്പിന് ശേഷമാണ് ലീഗ് അനുകൂല സുന്നി വിഭാഗമായ ഇ.കെ വിഭാഗം എസ്.കെ.എസ്.എസ്.എഫ് എന്ന പേരില്‍ പുതിയ വിദ്യാര്‍ത്ഥി സംഘടനയുണ്ടാക്കുന്നത്.
വിളര്‍പ്പിന് ശേഷം കാന്തപുരം വിഭാഗത്തിന്റെ കൂടെ നിന്ന എസ്.എസ്.എഫ് ലീഗ് വിരുദ്ധതക്ക് പ്രത്യയശാസ്ത്ര മാനം നല്‍കുന്നതില്‍ നിര്‍ണ്ണായക ഇടപെടലാണ് നടത്തിയത്. കാംപസുകള്‍ക്ക് പുറത്ത് ഗ്രാമങ്ങളില്‍പ്പോലും വേരുകളുള്ള എസ്.എസ്.എഫ് മുന്നോട്ട് വെച്ച ചിന്തയും പ്രവര്‍ത്തനവും സമുദായത്തിനുള്ളിലും പുറത്തും വിപ്ലവകരമായ മാറ്റത്തിന് കാരണമായി. പൊതുവെ പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്ന മുജാഹിദുകളെ പോലും അമ്പരപ്പിക്കുന്ന തരത്തില്‍ സമൂഹത്തോട് സംവദിക്കുന്ന കാലികപ്രാധാന്യമുള്ള കാംപെയിനുകള്‍ ഏറ്റെടുത്ത് എസ്.എസ്.എഫ് കാന്തപുരത്തിന് ശക്തമായ പിന്തുണ നല്‍കി.
സുന്നി വിഭാഗത്തിനുള്ളില്‍ ശക്തമായ സാമ്രാജ്യത്വ, മുതലാളിത്ത വിരുദ്ധ നിലപാടുകള്‍ എസ്.എസ്.എഫിന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ രൂപപ്പെട്ടുവന്നു. മലബാറിലെ മുസ് ലിംകള്‍ക്ക് നേരത്തെയുള്ള സാമ്രാജ്യത്വ വിരുദ്ധ നിലപാടിനെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു എസ്.എസ്.എഫിന്റെ പ്രവര്‍ത്തനങ്ങള്‍. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍, മമ്പുറം തങ്ങള്‍, വെളിയങ്കോട് ഉമര്‍ ഖാളി, ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം തുടങ്ങിയ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ മുസ് ലിം മത പണ്ഡിതരുടെ ജീവിതത്തെയും ചിന്തയെയും പുതിയകാലത്തെ വിശ്വാസികളിലേക്കെത്തിക്കാന്‍ എസ്.എസ്.എഫിന് കഴിഞ്ഞു. നീണ്ടകാലത്തെ മുസ്‌ലിം സമുാദയത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ പാരമ്പര്യത്തോട് ചേര്‍ന്ന് നില്‍ക്കുവാനോ അതിനോട് നീതി പുലര്‍ത്തുവാനോ മുസ്‌ലിം ലീഗിനായില്ലെന്ന് സംഘടന നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. സംഘടനാ മുഖപത്രമായ രിസാലയുടെ എണ്ണിയാലൊടുങ്ങാത്ത പേജുകള്‍ ഇതിനായി ഉപയോഗിക്കപ്പെട്ടു. ഇടതുപക്ഷ ബുദ്ധീ ജീവികളില്‍ പലരും രിസാലയില്‍ സ്ഥിരമായി കോളങ്ങള്‍ ചെയ്തു.
2000 കാലഘട്ടത്തില്‍ എസ്.എസ്.എഫ് മുന്നോട്ടുവെച്ച ” സാംസ്‌കാരിക സാമ്രാജ്യത്വം വിസമ്മതിക്കുക” എന്ന കാംപെയിന്‍ വലിയ ഓളങ്ങളാണ് മുസ്‌ലിം സമുദായത്തില്‍ ഉണര്‍ത്തിവിട്ടത്. ഈ സമയത്ത് കേരളത്തിന്റെ പ്രത്യേകിച്ച് മലബാറിന്റെ ഗ്രാമ-നഗരങ്ങളില്‍ കാന്തപുരം വിഭാഗം സാമ്രാജ്യത്വവിരുദ്ധ, മുതലാളിത്ത വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി നടന്നു. സമുദായത്തെ തന്നെ ഇത് വലിയ തോതില്‍ സ്വാധീനിച്ചു. അമേരിക്ക ലോക രാജ്യങ്ങള്‍ക്ക് മേല്‍ തങ്ങളുടെ സാമ്രാജ്യത്വ മോഹങ്ങള്‍ സൈനികമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. കേരളത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലും എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ വിരുദ്ധ പ്രകടനങ്ങള്‍ നടന്നു. അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി മറ്റ് സാമ്രാജ്യത്വ വിരുദ്ധ സംഘടനകളെപ്പോലെ എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ വീടുകളിലെത്തിച്ച് അവ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു.
സി.പി.ഐ.എമ്മും കാന്തപുരവും
മുസ്‌ലിം ലീഗിന് എതിര്‍ചേരിയിലുള്ള വിഭാഗം എന്ന നിലയില്‍ കാന്തപുരത്തിന് സി.പി.ഐ.എമ്മില്‍ നിന്ന് സംരക്ഷണം ലഭിച്ചു. യു.ഡി.എഫിനാലും പ്രത്യേകിച്ച് മുസ്‌ലിം ലീഗിനാലും അവഗണിക്കപ്പെട്ട അവര്‍ക്ക് ഇടതുപക്ഷത്തിന്റെ ഭരണ കാലത്ത് നീതി ലഭിക്കുന്നതായുള്ള തോന്നലുണ്ടായി. ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ വഖഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ അര്‍ഹമായ പരിഗണന കാന്തപുരം വിഭാഗത്തിന് ലഭിച്ചു. മുസ്‌ലിം ലീഗിന്റെ ആക്രമണങ്ങളുണ്ടാവുമ്പോള്‍ ചിലയിടങ്ങളിലെങ്കിലും സി.പി.ഐ.എം കാന്തപുരം വിഭാഗത്തിന് സംരക്ഷണം നല്‍കി.
സ്വഭാവികമായും കാന്തപുരത്തിന്റെ വോട്ടുകള്‍ ബഹുഭൂരിപക്ഷവും ഇടതുപക്ഷത്തിന് ലഭിച്ചു. അങ്ങിനെ കാന്തപുരം വിഭാഗം അരിവാള്‍ സുന്നികള്‍ എന്നറിയപ്പെടാന്‍ തുടങ്ങി. സി.പി.ഐ.എം മെംബര്‍ഷിപ്പുള്ള നിരവധി പ്രവര്‍ത്തകര്‍ കാന്തപുരത്തിനുണ്ടായിരുന്നു. മലപ്പുറം ജില്ല മാത്രമാണ് ഇതിന് ഒരപവാദമുണ്ടായിരുന്നത്. മലപ്പുറത്തെ കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ അധികവും കോണ്‍ഗ്രസ് അനുഭാവികളായിരുന്നു.
തിരഞ്ഞെടുപ്പ് രംഗത്ത് തങ്ങള്‍ നിര്‍ണ്ണായകമായ ശക്തിയായി മാറിയെന്ന് കാന്തപുരം വിഭാഗത്തിന് തോന്നിത്തുടങ്ങി. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മുസ്‌ലിം ലീഗിനേറ്റ വന്‍ തിരിച്ചടി ലീഗ് നേതൃത്വത്തെ ഇരുത്തിച്ചിന്തിപ്പിച്ചു. ഐസ്‌ക്രീം കേസ് ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്ന് രാജിവെക്കേണ്ടി വന്നിരുന്നു. ഐസ്‌ക്രീം കേസും ലീഗ് നേതാക്കളുടെ ധാര്‍മ്മികാപചയവും ആ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ ലീഗിനും യു.ഡി.എഫിനും വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പരാജയത്തിന്റെ പല കാരണങ്ങളിലൊന്ന് കാന്തപുരം വിഭാഗമാണെന്ന് ലീഗ് വിലയിരുത്തി.
കേരളത്തില്‍ പ്രകമ്പനമായി വന്ന എസ്.എസ്.എഫിന്റെ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍ നേതൃത്വത്തിന് വലിയ തിരിച്ചടിയുണ്ടാക്കി. ഈ സമയമാവുമ്പോഴേക്കും സംഘടനയുടെ നേതാക്കള്‍ കേരളത്തിലങ്ങോളമിങ്ങോളും നിരവധി മത,ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇതിനുള്ള ഫണ്ട് ഏറിയ കൂറും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരുന്നു വന്നിരുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
ഗള്‍ഫ് പണവും പ്രവര്‍ത്തകരുടെ ഊര്‍ജ്ജവും കാരണം ലീഗ് എതിര്‍പക്ഷത്തായിരുന്നുവെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ കാന്തപുരവും അണികളും പ്രാപ്തി നേടിക്കഴിഞ്ഞിരുന്നു. എന്നാല്‍ എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ സാമ്രാജ്യത്വ വിരുദ്ധ കാംപെയിന്‍ തങ്ങളുടെ ഫണ്ടിനും സ്ഥാപന താല്‍പര്യങ്ങള്‍ക്കും തടസ്സമാവുമെന്ന് കണ്ട നേതൃത്വം പതുക്കെ ഇടപെട്ടുതുടങ്ങി. പൊതു രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടേണ്ടെന്ന് എസ്.എസ്.എഫിന് നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം വന്നുതുടങ്ങി. എസ്.എസ്.എഫ് ഉയര്‍ത്തിയ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് പഴയ ചൂടും ചൂരും നഷ്ടപ്പെട്ടു. അവര്‍ പിന്നീട് സാമ്രാജ്യത്വത്തെക്കുറിച്ച് അധികമൊന്നും പറയാതായി. ഇടക്കിടെ വഴിപാടു പോലെ ചില ലേഖനങ്ങളും പ്രസ്താവനകളുമായി മാറി അത്.
നേതൃത്വത്തിന്റെ ഇടപെടലിനെ തള്ളിപ്പറയാനോ തിരുത്തിക്കാനോ എസ്.എസ്.എഫിന് കഴിഞ്ഞില്ല. കാരണം അത്തരം ഒരു ഇടപെടലിന് കഴിയാത്ത വിധം ജനാധിപത്യ വിരുദ്ധമായിരുന്നു അതിലെ സംഘടനാ രീതികള്‍. പലപ്പോഴും കാന്തപുരത്തിന് സംഘടന അമിതമായ പ്രാധാന്യം നല്‍കി. സംഘടന അതിന്റെ നിലപാട് അഴിച്ചുവെക്കുന്നതില്‍ അമര്‍ഷമുള്ള നിരവധി നേതാക്കള്‍ എസ്.എസ്.എഫിലുണ്ടായിരുന്നു. എന്നാല്‍ അവരെല്ലാം നിഷ്‌ക്രിയരാവുകയോ വിധേയപ്പെടുകയോ ചെയ്തു.
സ്വന്തം വിദ്യാര്‍ത്ഥി സംഘടന വിപ്ലവകരമായ രാഷ്ട്രീയ മുദ്രാവാക്യം വിളിച്ചപ്പോള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമ്പോള്‍ തന്നെ കാന്തപുരത്തിനോ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന നേതൃത്വത്തിനോ ഈ രാഷ്ട്രീയത്തെക്കുറിച്ച് അധികമൊന്നും പറയാന്‍ കഴിഞ്ഞില്ലെന്നതും വസ്തുതയാണ്. ലീഗ് വിരുദ്ധ രാഷ്ട്രീയത്തിനും സമ്മര്‍ദ്ദ രാഷ്ട്രീയത്തിനും അപ്പുറമുള്ള വിശാലമായ രാഷ്ട്രീയത്തിലേക്കുള്ള പാതയുടെ വഴി മധ്യെ കാന്തപുരം നിന്നു കളഞ്ഞു. പിന്നീട് തിരിച്ചു നടക്കാന്‍ തുടങ്ങുകയും ചെയ്തു.
പൊരുതി നിന്ന സംഘടനക്ക് വിശ്രമിക്കാന്‍ മോഹം
സമസ്ത പിളര്‍ന്ന ശേഷവും പിന്നീടും ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിച്ച സംഘടനയായിരുന്നു കാന്തപുരത്തിന്റെത്. നേതാക്കള്‍ വരെ കായികമായി ആക്രമിക്കപ്പെട്ടു. പള്ളികളില്‍ നിന്നും മദ്രസകളില്‍ നിന്നും അവരെ പുറത്താക്കി. ലീഗിന്റെ രാഷ്ട്രീയ പിന്തുണയോടെ ഇ.കെ വിഭാഗത്തിന് പള്ളികളിലും മദ്രസകളിലും സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞു.
കാന്തപുരത്തിന്റെ നേതൃപാടവവും അണികളുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനവും കാരണം പ്രതിസന്ധികളെ നേരിടാന്‍ സംഘടനക്ക് കഴിഞ്ഞു. അവര്‍ സ്വന്തമായി പള്ളിയും മദ്രസകളുമുണ്ടാക്കി. ലീഗുകാര്‍ തടഞ്ഞ ഭൗതിക സൗകര്യങ്ങള്‍ അവര്‍ ഇടതു ഭരണകാലത്ത് നേടിയെടുത്തു. ലീഗ് നേതൃത്വം എതിര് നിന്നെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രീയ കക്ഷികളുമായി നല്ല ബന്ധം സൂക്ഷിക്കാന്‍ കാന്തപുരത്തിന് കഴിഞ്ഞു.
കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ കാന്തപുരം വിഭാഗം പ്രാപ്തമായെങ്കിലും പൊതു മുസ്‌ലിം വേദികളില്‍ കാന്തപുരം വിഭാഗത്തിന് അനുഭവപ്പെട്ട അന്യതാ ബോധം തുടര്‍ന്നു. ഏതാണ്ട് ഇതേ സമയത്താണ് കാന്തപുരത്തെ അധിക കാലം പിണക്കി നിര്‍ത്തേണ്ടെന്ന ആലോചന മുസ്‌ലിം ലീഗില്‍ ഉദിച്ചത്. കാന്തപുരം വിഭാഗം ലീഗുമായി കടുത്ത ഭിന്നതയില്‍ തുടര്‍ന്ന കാലമായിരുന്നു അത്. 2006ലെ മലപ്പുറത്തെ പരാജയം ലീഗിന്റെ കണ്ണുതുറപ്പിച്ചു. അങ്ങിനെയാണ് പറ്റാവുന്ന എല്ലാ സമുദായ സംഘടനകളെയും ഒപ്പം നിര്‍ത്താന്‍ ലീഗ് തീരുമാനിക്കുന്നത്.
കാന്തപുരവുമായി ലീഗ് നേതാക്കള്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തി. കാന്തപുരത്തിന്റെ സ്ഥാപനങ്ങളില്‍ പോകുന്നതിന് ലീഗ് നേതാക്കള്‍ക്ക് പണ്ടുണ്ടായിരുന്ന വിലക്ക് കുറച്ചൊക്കെ ഒഴിവായി. എന്നാല്‍ ലീഗ് നേതൃത്വത്തിന്റെ ഈ സൗഹൃദത്തെ തികച്ചും സ്ഥാപന കേന്ദ്രീകൃതമായി കാണാനേ കാന്തപുരം വിഭാഗത്തിന് കഴിഞ്ഞുള്ളൂ. ലീഗ് തങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ അവരുടെ ഭാഗത്ത് നിന്നും എതിര്‍പ്പ് ഇല്ലാതാകുമെന്നും ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നുള്ള ആഗ്രഹത്തിന് മേല്‍ തങ്ങള്‍ ഉയര്‍ത്തിയ ലീഗ് വിരുദ്ധ രാഷ്ട്രീയത്തെ മറക്കാന്‍ കാന്തപുരത്തിന് കഴിഞ്ഞുവെന്നതാണ് ഏറെ അത്ഭുതകരം.
ലീഗിനൊപ്പം നിന്ന് സൗകര്യങ്ങള്‍ പരമാവധി ആസ്വദിക്കാനാണ് ഇപ്പോള്‍ കാന്തപുരം വിഭാഗം നേതാക്കളുടെ ആഗ്രഹം. സംഘടനയുടെ ലീഗ് ബന്ധത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഒരു മുതിര്‍ന്ന കാന്തപുരം നേതാവ് പറഞ്ഞത് ഇപ്രകാരമാണ് ” പോരാട്ടത്തിന്റെ കാലം കഴിഞ്ഞു, ഇനി നേടിയെടുക്കാനുള്ള കാലമാണ്” എന്നാണ്. അതായത്. ലീഗിനെ ഒരിക്കലും തങ്ങള്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്നും തങ്ങളെ എതിര്‍ത്തപ്പോള്‍ തിരിച്ചും എതിര്‍ക്കു മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഈ ലീഗ് ബന്ധം അണികള്‍ എങ്ങിനെയാണ് ഉള്‍ക്കൊള്ളുകയെന്ന് ചോദിച്ചപ്പോള്‍ അണികളില്‍ 60 ശതമാനത്തിനും ഇത് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നാണ് ഈ നേതാവ് തന്നെ സമ്മതിക്കുന്നത്.
കാന്തപുരം സമുദായ ഐക്യം പറയുമ്പോള്‍…
എന്നാല്‍ റിപ്പോര്‍ട്ടര്‍ ചാനലുമായി നടത്തിയ അഭിമുഖത്തില്‍ മുസ്‌ലിം ഐക്യത്തെക്കുറിച്ച് കാന്തപുരം വാചാലനാകുന്നു. മുസ്‌ലിം കള്‍ ഒന്നായി നില്‍ക്കേണ്ട സമയമാണെന്ന് തിരിച്ചറിഞ്ഞതായാണ് കാന്തപുരം പറയുന്നത്. എന്നാല്‍ പണ്ടില്ലാത്ത സമുദായ ഐക്യത്തിന് എന്ത് പുതിയ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന ചോദ്യം ബാക്കിയായി നില്‍ക്കുന്നു. ലീഗ് സമുദായ സംഘടനകളുടെ പൊതു പ്ലാറ്റ്‌ഫോമായി നില്‍ക്കണമെന്നും കാന്തപുരം പറയുന്നുണ്ട്. എന്നാല്‍ ഈ പൊതു പ്ലാറ്റ്‌ഫോമിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് കാന്തപുരം നിശ്ശബ്ദനാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലപാട് മാറ്റാമെങ്കില്‍ തങ്ങള്‍ക്കെന്തുകൊണ്ട് ആയിക്കൂട?
“രാഷ്ട്രീയം അസ്ഥിരമായ സംവിധാനമാണ്. രാഷ്ട്രീയത്തിന് ഇന്നും ഇന്നലെയുമില്ല. നാളെയെന്ന മോഹന സങ്കല്‍പത്തിലാണ് രാഷ്ട്രീയത്തിന്റെ ജാതകം നിലകൊള്ളുന്നത്. വര്‍ത്തമാന രാഷ്ട്രീയത്തിന്റെ തനിനിറവും കഴിഞ്ഞകാല രാഷ്ട്രീയ ചരിത്രവും നമുക്കുമുന്നില്‍ തെളിഞ്ഞുകിടക്കുന്ന ചതുരംഗപ്പലകയാണ്. ഇതിലൂടെ രാഷ്ട്രീയ കരുക്കള്‍ നീക്കി നേട്ടവും കോട്ടവും അനുഭവിച്ചറിഞ്ഞവര്‍ ഏറെയുണ്ട്. കരുക്കള്‍ നീക്കാനുള്ള സാമര്‍ഥ്യവും സ്വാര്‍ഥതയും ചാണക്യസൂത്രങ്ങളുമാണ് രാഷ്ട്രീയക്കാരന്റെ ഭാവിയും വര്‍ത്തമാനവും തിട്ടപ്പെടുത്തുന്നത്.
രാഷ്ട്രീയക്കാരെക്കാള്‍ ഉയര്‍ന്ന ധാര്‍മ്മിക മൂല്യം കൈവശമുണ്ടെന്ന് പറയുന്നവര്‍ തന്നെയാണ് ഒരു രാഷ്ട്രീയവും അംഗീകരിക്കാത്ത ഈ നിലപാട് സ്വീകരിക്കുന്നതെന്നതാണ് കൗതുകകരം
സ്ഥിരവും സ്ഥായിയുമായ ഒരു പ്‌ളാറ്റ്‌ഫോമോ ആദര്‍ശമൂല്യമോ സംഹിതയോ രാഷ്ട്രീയക്കാരനില്ലെന്ന നേരറിവില്‍ നിന്നാണ് പ്രബുദ്ധസമൂഹം രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരനെയും പഠിച്ചെടുക്കുന്നത്. സാംസ്‌കാരിക കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ സുനിശ്ചിതവും നിര്‍ണിതവുമായ ആദര്‍ശാവബോധത്തിന്റെ ഉള്‍ക്കരുത്തില്‍നിന്ന് രാഷ്ട്രീയം പറഞ്ഞവര്‍ നന്നേചുരുക്കമാണ്. ഗുണഫലത്തെ ആശ്രയിച്ചാണ് രാഷ്ട്രീയബോധവും ചങ്ങാത്തവുമുള്ളത്. സുന്നികളെ സഹായിച്ചവരെ സഹായിക്കുമെന്ന് പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഈ നയം തന്നെയാണ് കേരളത്തിലെ രാഷ്ട്രീയക്കാരും ഇന്നോളം കൊണ്ടുനടക്കുന്നത്. രാഷ്ട്രീയക്കളം മാറിമാറി ചവിട്ടിയ നിരവധി നേതാക്കള്‍ നമുക്കുമുന്നിലുണ്ട്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി വളരാനുള്ള സാഹചര്യം ഒരുക്കുന്നില്ലെങ്കില്‍ മറുകണ്ടം ചാടുന്ന അവസ്ഥയാണ് ഇന്നും രാഷ്ട്രീയ നേതാക്കള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി സഹായം നിഷേധിച്ചവരൊക്കെയും നേരത്തേ ശത്രുക്കളായി ഗണിച്ചവര്‍ക്കൊപ്പം ഇലയിടുന്ന കാഴ്ച രാഷ്ട്രീയത്തിന്റെ തുടര്‍ക്കഥയാണ്. സുന്നികള്‍ ഇക്കാര്യം പറയുമ്പോള്‍ രാഷ്ട്രീയധര്‍മത്തിനെതിരാവുന്നു എന്ന് പറയുന്നതിലെ ധാര്‍മികതയാണ് മനസ്സിലാവാത്തത്”.(കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍)
അതായത് തരാതരത്തിന് ആശയവും ആദര്‍ശവും ധരിക്കുകയും ഊരിയെറിയുകയും ചെയ്യുന്ന അരാഷ്ട്രീയ രാഷ്ട്രീയ സംഘടനകളെപ്പോലെയാണ് തങ്ങളുമെന്ന് അസന്നിഗ്ധം പ്രഖ്യാപിക്കുകയാണ് കാന്തപുരം ചെയ്യുന്നത്. രാഷ്ട്രീയത്തില്‍ ധാര്‍മ്മികതയും നിലപാടും നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും അത് തിരിച്ചുപിടിക്കേണ്ടതാണെന്നും പറഞ്ഞുകൊണ്ടിരുന്നവര്‍ തന്നെ അതേ രാഷ്ട്രീയത്തെച്ചൂണ്ടിക്കാട്ടി ഞങ്ങള്‍ക്കിതൊന്നും ആയിക്കൂടെയെന്ന പറയുകയാണ്. രാഷ്ട്രീയക്കാരെക്കാള്‍ ഉയര്‍ന്ന ധാര്‍മ്മിക മൂല്യം കൈവശമുണ്ടെന്ന് പറയുന്നവര്‍ തന്നെയാണ് ഒരു രാഷ്ട്രീയവും അംഗീകരിക്കാത്ത ഈ നിലപാട് സ്വീകരിക്കുന്നതെന്നതാണ് കൗതുകകരം.
ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന മാന്യത പുലര്‍ത്താന്‍ പോലും ഇവര്‍ തയ്യാറായില്ലെന്നതാണ് വാസ്തവം. മുന്നണിയും പാര്‍ട്ടിയും മാറുമ്പോള്‍ ഏതൊരു പാര്‍ട്ടിയും നേതാവും പുറത്തേക്കെങ്കിലും ഒരു ആദര്‍ശവും നിലപാടും പറയാറുണ്ട്. എന്നാല്‍ അത്തരത്തിലൊരു നിലപാടും പറയുന്നില്ലെന്ന് മാത്രമല്ല, അവസരവാദികളായ രാഷ്ട്രീയക്കാരെപ്പോലെ തന്നെയാണ് ഞങ്ങളുമെന്ന് ആണയിടുകയാണ് കാന്തപുരം ചെയ്യുന്നത്.
ഐക്യത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍
ഐസ്‌ക്രീം പാര്‍ലര്‍ കേസ് മുസ്‌ലിം ലീഗിനെ വേട്ടയാടാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്തൊന്നുമല്ല. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനേറ്റ വന്‍ പരാജയത്തിന്റെ ഒരു പ്രധാന കാരണം ഈ കേസായിരുന്നു. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി തകര്‍ന്നുവീണു. കുഞ്ഞാലിക്കുട്ടിക്കും ലീഗിനുമെതിരെ മുസ്‌ലിം സമുദായത്തില്‍ നുരഞ്ഞുപൊന്തിയ പ്രതിഷേധം തടഞ്ഞുനിര്‍ത്താന്‍ ഒരു സമുദായ സംഘടനകള്‍ക്കും കഴിഞ്ഞില്ല. അന്ന് കുഞ്ഞാലിക്കുട്ടിക്കൊപ്പം ഉറച്ചുനിന്ന സംഘടനയായിരുന്നു ഇപ്പോള്‍ കാന്തപുരത്തിന്റെ ലീഗ് ബന്ധത്തെ ശക്തമായി എതിര്‍ക്കുന്ന സമസ്ത ഇ.കെ വിഭാഗം.
സമുദായം ആക്രമിക്കപ്പെട്ടപ്പോഴൊക്കെ കോണ്‍ഗ്രസ്സിന്റെ കൂടെ നിന്ന് അധികാരം നിലനിര്‍ത്തിയത്, കോണ്‍ഗ്രസ്സിന്റെ കൂടെ നിന്ന് വിദേശ നയത്തില്‍ അമേരിക്കക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്, ലീഗ് നേതാക്കളുടെ വ്യക്തിജീവിതവും ബന്ധങ്ങളും അധാര്‍മ്മികതയില്‍ മുങ്ങിത്താണത് ഇങ്ങിനെ നിരവധി കാരണങ്ങളാലുണ്ടായ ലീഗിന്റെ ക്ഷീണം കാന്തപുരം വിരുദ്ധ നിലപാടിന്റെ പേരിലാണെന്ന തരത്തില്‍ ചുരുക്കിക്കളയുകയാണ് ലീഗ് ചെയ്തത്. എല്ലാ സമുദായ സംഘടനകളെയും കൂട്ടുപിടിച്ചാല്‍ ഐസ്‌ക്രീം കേസുള്‍പ്പെടെ നേതൃത്വത്തിനെതിരെ ഉയരുന്ന ഭീഷണിയെ അതിജീവിക്കാമെന്ന് ലീഗ് കണക്കുകൂട്ടി. അങ്ങിനെയാണ് കാന്തപുരത്തിന്റെ വാതില്‍ക്കല്‍ ലീഗ് നേതാക്കളെത്തിയത്. ലീഗ് നേതാക്കള്‍ മുട്ടിയപ്പോള്‍ മുന്‍പിന്‍ നോക്കാതെ കാന്തപുരം വാതില്‍ തുറന്നു.
സര്‍ക്കാറിനെ പിന്തുണക്കാത്ത എം.പിമാരെ ജയിപ്പിച്ച് വിട്ടിട്ട് എന്തു പ്രയോജനമെന്ന് കാന്തപുരം ചോദിച്ചതിലൂടെ സ്വന്തം ചരിത്രത്തെ തള്ളിപ്പറയുകയായിരുന്നു അദ്ദേഹം ചെയ്തത്
കാന്തപുരം ഇപ്പോള്‍ പറയുന്ന പോലെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും ലീഗിനുമായിരുന്നില്ല കാന്തപുരത്തിന്റെ പിന്തുണ. റിപ്പോര്‍ട്ടര്‍ ചാനലുമായി നടത്തിയ അഭമുഖത്തില്‍ തങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കില്ലെന്ന് എല്‍.ഡി.എഫ് നേതാക്കളോട് പറഞ്ഞതായി കാന്തപുരം വ്യക്തമാക്കുന്നുണ്ട്. ആണവ കരാറുമായി ബന്ധപ്പെട്ട് യു.പി.എക്ക് പിന്തുണ പിന്‍വലിച്ച ഇടതുപക്ഷത്തിന്റെ നിലപാടുകളെ പരിഹസിക്കുകയാണ് അഭിമുഖത്തില്‍ കാന്തപുരം ചെയ്യുന്നത്. സര്‍ക്കാറിനെ പിന്തുണക്കാത്ത നിങ്ങളെ ജയിപ്പിച്ചിച്ചുവിട്ടിട്ട് എന്ത് കാര്യമെന്ന് ഇടത് നേതാക്കളോട് ചോദിച്ചതായി കാന്തപുരം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
അത്രയും കാലം തങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളെ തള്ളിപ്പറയുകയായിരുന്നു അഭിമുഖത്തിലൂടെ കാന്തപുരം ചെയ്തത്. കണ്ണൂര്‍ ആണവ റിയാക്ടറിനെതിരെ നടത്തിയ സമരം തങ്ങളുടെ പോരാട്ട ചരിത്രത്തിലെ ഉജ്ജ്വല അധ്യായമായിപ്പറയുന്ന സംഘടനയാണ് എസ്.എസ്.എഫ്. ഇതേ സംഘടനയുടെ പരമോന്നത നേതാവാണ് ആണവ വിഷയത്തില്‍ യു.പി.എക്ക് പിന്തുണ പിന്‍വലിച്ചതിന്റെ പേരില്‍ ഇടതുപക്ഷത്തെ തള്ളിപ്പറയുന്നതെന്നതാണ് ഏറെ കൗതുകകരമായ വസ്തുത. സര്‍ക്കാറിനെ പിന്തുണക്കാത്ത എം.പിമാരെ ജയിപ്പിച്ച് വിട്ടിട്ട് എന്തു പ്രയോജനമെന്ന് കാന്തപുരം ചോദിച്ചതിലൂടെ സ്വന്തം ചരിത്രത്തെ തള്ളിപ്പറയുകയായിരുന്നു അദ്ദേഹം ചെയ്തത്.
പല രാഷ്ട്രീയ കാരണങ്ങളാലും പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ തിരിച്ചടിയേറ്റപ്പോള്‍ അത് തങ്ങളുടെ പിന്തുണയില്ലാത്തതിനാലാണെന്ന് പറയുന്നു കാന്തപുരം. യഥാര്‍ത്ഥത്തില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ വന്‍ പരാജയമാണ് കാന്തപുരത്തിലും മാറ്റങ്ങളുണ്ടാക്കിയത്. മറുകണ്ടം ചാടുകയാണ് യുക്തിയെന്ന് മനസ്സിലാക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് തിരിച്ചടിയേറ്റതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കാതിരിക്കുന്നത് വലിയ അപകടം ചെയ്യുമെന്ന “തിരിച്ചറിവും” കാന്തപുരത്തിനുണ്ടായി.
ഇപ്പുറത്ത് കാന്തപുരം വിഭാഗത്തിനുമുണ്ട് ആവശ്യങ്ങള്‍. ശഹ്‌റെ മുബാറക്ക് എന്ന പേരില്‍ കാന്തപുരം നിര്‍മ്മിക്കാനിരിക്കുന്ന പള്ളിയാണ് ഒരു വിഷയം. പള്ളി പദ്ധതി കാന്തപുരം വിഭാഗത്തെ വലിയ തോതില്‍ പ്രതിരോധത്തിലാക്കുകയായിരുന്നു. സമുദായത്തിനുള്ളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും കാന്തപുരത്തിന് ലഭിച്ചുകൊണ്ടിരുന്ന പിന്തുണയെ അട്ടിമറിക്കുന്നതായിരുന്നു പള്ളി വിവാദം. പണം സമ്പാദിക്കാന്‍ പ്രവാചക കേശത്തെ ഉപയോഗിക്കുകയാണെന്ന പ്രചാരണത്തിന് ശക്തികൂടി. പള്ളി പദ്ധതിക്ക് ഇടതുപക്ഷത്തില്‍ നിന്ന് ഉദ്ദേശിച്ച പിന്തുണയൊന്നും കിട്ടില്ലെന്ന് കാന്തപുരം മനസ്സിലാക്കി. ചിലപ്പോള്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വരികയും ചെയ്യും. അപ്പോള്‍പ്പിന്നെ ലീഗിന്റെ പിന്തുണ അനിവാര്യമായി വന്നു. അങ്ങിനെയാണ് പതിറ്റാണ്ടുകള്‍ പിന്നീട്ട രാഷ്ട്രയ ധാര തിരിച്ചു നീന്താന്‍ കാന്തപുരം തീരുമാനിച്ചത്.
കാന്തപുരത്തിനും ലീഗിനും കൊടുക്കല്‍ വാങ്ങലുകളുടെ വലിയ അധ്യായങ്ങള്‍ തുറന്നുകിട്ടുമെങ്കിലും ലീഗ് വിരുദ്ധരായ കാന്തപുരത്തിന്റെ അണികള്‍ക്ക് എല്ലാം മറന്ന് ഈ ബന്ധത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുമോയെന്നാണ് ഉയരുന്ന ചോദ്യം… കാലം മറുപടി പറയട്ടെ…