എഡിറ്റര്‍
എഡിറ്റര്‍
‘മോദിയെ കിങ് ജോങ് ഉന്നുമായി താരതമ്യം ചെയ്ത പോസ്റ്റര്‍ ഉയര്‍ത്തി പ്രതിഷേധം’ യു.പിയിലെ കച്ചവടക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ്
എഡിറ്റര്‍
Saturday 14th October 2017 7:52am

കാണ്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ ഉയര്‍ത്തി പ്രതിഷേധിച്ച കച്ചവടക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ്. കാണ്‍പൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇത്തരം ഹോര്‍ഡിങ്ങുകള്‍ വെച്ചതിന്റെ പേരില്‍ ഷാര്‍ദ നഗര്‍ സ്വദേശിയായ പ്രവീണ്‍ കുമാറിനെ കാണ്‍പൂര്‍ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. മറ്റുള്ളവരെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് പൊലീസ് സൂപ്രണ്ട് അശോക് വര്‍മ്മ അറിയിച്ചു.

‘ലോകം നശിപ്പിച്ചശേഷമേ ഞാന്‍ വിശ്രമിക്കൂ’ എന്ന കുറിപ്പോടെ കിങ് ജോങ് ഉന്നിന്റെ പോസ്റ്ററും തൊട്ടടുത്ത് ‘ഞാന്‍ കച്ചവടങ്ങളും ബിസിനസും ഇല്ലാതാക്കും; എന്ന കുറിപ്പോടെ മോദിയുടെ ചിത്രങ്ങളുമാണ് വെച്ചിരുന്നത്. ബി.ജെ.പിയുടെ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം നടക്കാനിരിക്കെയാണ് കാണ്‍പൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഈ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.


Must Read: ശശിതരുരിന്റെ ചാരയെന്ന് ആരോപിച്ച് മാനസിക പീഡനം; റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തക രാജി വെച്ചു; ആരോപണം തരൂര്‍ ട്വിറ്ററില്‍ ഫോളോ ചെയ്തതിനെ തുടര്‍ന്ന്


നഗരത്തിലെ ബാങ്കുകള്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ചെറിയ കോയിനുകള്‍ സ്വീകരിക്കാതായതോടെയാണ് കച്ചവടക്കാര്‍ ഇത്തരമൊരു പ്രതിഷേധവുമായി രംഗത്തുവന്നത്. പല ഹോള്‍സെയില്‍ ഗ്രോസറി കച്ചവടക്കാരുടെ കയ്യിലും 10 മുതല്‍ 15 ലക്ഷം വരെ മൂല്യമുള്ള കോയിനുകള്‍ ഉണ്ടെന്നും റീട്ടെയ്‌ലര്‍മാരുടെ കയ്യില്‍ ശരാശരി ആറുമുതല്‍ എഴുവരെ ലക്ഷം കോയിനുകള്‍ ഉണ്ടെന്നുമാണ് കച്ചവടക്കാര്‍ പറയുന്നത്. കാണ്‍പൂരില്‍ 200 കോടിയുടെ കോയിനുകളാണ് നിലവില്‍ വിനിമയത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ പല കച്ചവടക്കാരും തൊഴിലാളികള്‍ക്കുള്ള ശമ്പളം കോയിനുകളില്‍ നല്‍കാന്‍ തുടങ്ങി. എന്നാല്‍ ബാങ്കുകളും പ്രദേശത്തെ കച്ചവടക്കാരും ഇത് സ്വീകരിക്കാതായതോടെ തൊഴിലാളികളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് കച്ചവടം തന്നെ അവസാനിപ്പിക്കേണ്ടിവരുമെന്നാണ് പലരും പറയുന്നത്.

വിവിധ ബാങ്കുകളുമായും ജില്ലാ ഭരണകൂടവുമായും ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെട്ടെന്നും ഇക്കാര്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് തങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും കച്ചവടക്കാരുടെ അസോസിയേഷന്റെ നേതാവ് രാജു ഖാന പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് ബോര്‍ഡുകളും പോസ്റ്ററുകളും ഉയര്‍ത്തിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

‘ഞങ്ങളെല്ലാം മോദിയെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ ഈ ചില്ലറ ഞങ്ങളെയും ഞങ്ങളുടെ ബിസിനസിനെയും നശിപ്പിക്കുകയാണെങ്കില്‍ ഞങ്ങളുടെ മുമ്പില്‍ മറ്റുവഴികളില്ല.’ അദ്ദേഹം പറയുന്നു.

Advertisement