വിദേശത്ത് നിന്നെത്തിയവരുമായി പോയ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് കൊവിഡ്; കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍
Kerala
വിദേശത്ത് നിന്നെത്തിയവരുമായി പോയ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് കൊവിഡ്; കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍
ന്യൂസ് ഡെസ്‌ക്
Monday, 15th June 2020, 10:44 am

കണ്ണൂര്‍: കണ്ണൂരിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റീനില്‍. വിദേശത്ത് നിന്നെത്തിയവരെ വിമാനത്താളവത്തില്‍ നിന്ന് കൊണ്ടുവന്ന ഡ്രൈവര്‍ക്ക് കൊവിഡ് ബാധിച്ചതോടെയാണ് ജീവനക്കാരെ ക്വാറന്റീനിലാക്കിയത്.

ഈ മാസം ആറാം തിയതിയാണ് മുഴക്കുന്ന് സ്വദേശിയായ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. കസാക്കിസ്ഥാനില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയവരെ ഇദ്ദേഹമായിരുന്നു കൊല്ലത്തേക്ക് കൊണ്ടുപോയത്.

തുടര്‍ന്ന് പത്താം തിയതി രാവിലെ 9 മണിക്ക് ഇദ്ദേഹം ഡിപ്പോയില്‍ വന്നിരുന്നു. തുടര്‍ന്ന് മെക്കാനിക്കല്‍ വിഭാഗത്തിലും പെട്രോള്‍ പമ്പിലും ഇദ്ദേഹം പോയിരുന്നു. പ്രാഥമികമായി 40 പേരുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയതായാണ് അറിയുന്നത്.

ഇതിന് ശേഷം ക്വാറന്റീന്‍ കേന്ദ്രത്തിലേക്കുള്ള ട്രിപ്പിലും ഇദ്ദേഹം ഡ്രൈവറായി പോയിരുന്നു. ക്വാറന്റീനിലുള്ള 40 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നിലവില്‍ ഡിപ്പോയും കെ.എസ്.ആര്‍.ടി.സി ബസുകളും അണുവിമുക്തമാക്കിയിരിക്കുകയാണ്. 227 പേര്‍ക്കാണ് കണ്ണൂരില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. 127 പേര്‍ക്കാണ് രോഗം ഭേദമായത്.