Administrator
Administrator
രാഹുല്‍ ഗാന്ധി എന്റെ പ്രിയ യുവനായകന്‍: രമ്യ
Administrator
Monday 26th September 2011 4:00pm

കന്നഡയില്‍ സിനിമ പുരുഷന്‍മാരുടെ വിഹാര കേന്ദ്രമാണെന്ന് തുറന്നടിച്ച നടിയാണ് രമ്യ. അഭിനന്ദങ്ങള്‍ ആസ്വദിക്കുകയും കുറ്റപ്പെടുത്തലുകള്‍ക്കെതിരെ ശക്തമായി നിലകൊള്ളുകയും ചെയ്ത രമ്യ രാഷ്ട്രീയത്തില്‍കൂടി ശ്രദ്ധപതിപ്പിക്കാന്‍ ശ്രമിച്ചത് അടുത്തിടെയാണ്.

ബംഗളുരു മണ്ഡലത്തിലെ ശാന്തിനഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് ബൂത്ത് തല പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച രമ്യ രാഷ്ട്രീയത്തില്‍ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. പുതിയ സിനിമാ വിശേഷങ്ങളെക്കുറിച്ചും രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ചും രമ്യ സംസാരിക്കുന്നു.

രാഷ്ട്രീയത്തിലേക്ക് എടുത്തുചാടാന്‍ എന്താണ് നിങ്ങള്‍ക്ക് പ്രേരണയായത്?

സംഭവങ്ങളെക്കുറിച്ച് നമുക്ക് ധാരണ ഉണ്ടായാല്‍ മാത്രം പോര. നമ്മള്‍ അതിലെന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന് അടുത്തിടെ കന്നഡ സിനിമ നടി നിഖിതയ്ക്ക് വിലക്കേര്‍പ്പെടുത്തിയ കാര്യമെടുക്കാം. ഇതിനെ ശക്തമായി എതിര്‍ത്തവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. നമ്മുടെ മനസിലുള്ള കാര്യം തുറന്നുപറഞ്ഞാലേ കാര്യങ്ങള്‍ മുന്നോട്ടുപോകൂ.

അതുപോലെ രാഷ്ട്രീയത്തിലെ കറകളെക്കുറിച്ച് എത്രകാലമാണ് നമ്മള്‍ പരാതി പറയുക? ഒരു നടി എന്നനിലയില്‍ എനിക്ക നല്ലൊരു ജീവിതം നയിക്കാനും, ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ച് കഴിയാനും സാധിക്കുമായിരുന്നു. എന്നാല്‍ എന്റെ രാജ്യത്തിനും എനിക്ക് സ്‌നേഹവും പ്രോത്സാഹനവും നല്‍കികൊണ്ടിരിക്കുന്ന ജനതയ്ക്കും വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ എല്ലായ്‌പ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അതിന് രാഷ്ട്രീയത്തേക്കാള്‍ വലിയ മാധ്യമമുണ്ടോ?

കൂടുതല്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തിലേക്ക് വരാന്‍ ഞാനൊരു പ്രചോദനമായിരിക്കും എന്നാണ് എന്റെ പ്രതീക്ഷ.

നിങ്ങളുടെ മണ്ഡലത്തിലെ വികസനത്തിനായി എന്തൊക്കെ ചെയ്യാനാണുദ്ദേശിക്കുന്നത്?

വിദ്യാഭ്യാസവും, അടിസ്ഥാനസൗകര്യവികസനവും, ശുചീകരണവുമാണ് പ്രധാന പ്രശ്‌നമെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ മണ്ഡലത്തിന്റെ വികസനത്തിനായി എന്റെ മനസില്‍ എന്തൊക്കെ പദ്ധതികളാണുള്ളതെന്ന് പറയുന്നതിനേക്കാള്‍ നല്ലത് എന്റെ ചുമതലകളെക്കുറിച്ച് പറയുന്നതായിരിക്കും.

എന്നില്‍ ചെറിയ ഉത്തരവാദിത്തമാണുള്ളത്. എന്നാല്‍ വലിയ പദ്ധതികളാണ് എന്റെ മനസിലുള്ളത്. കഴിവുറ്റ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതിനാണ് ഞാന്‍ ഊന്നല്‍ നല്‍കുന്നത്.

എന്തുകൊണ്ടാണ് കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്?

സാമുദായിക സമത്വത്തിനുവേണ്ടി പോരാടിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നാണ് ഞാന്‍ മനസിലാക്കിയത്. അവരുടെ ഭരണരീതി ഞാന്‍ അഭിനന്ദിക്കുന്നു. കൂടാതെ സോണിയാഗാന്ധി, എസ്.എം കൃഷ്ണ, മന്‍മോഹന്‍ സിംങ് തുടങ്ങിയ നേതാക്കളില്‍ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്.

രാഹുല്‍ ഗാന്ധിയാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള യുവനായകന്‍. പാര്‍ട്ടിയില്‍ സുതാര്യതയും ജനാധിപത്യവും ഉറപ്പുവരുത്തുന്നതിനാണ് അദ്ദേഹം ഊന്നല്‍ നല്‍കുന്നത്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തന്നെയാണ് ഇതിന് ഉദാഹരണം.

അണ്ണ ഹസാരെയ്ക്ക് പിന്തുണ നല്‍കുന്നതായി നിങ്ങള്‍ വാതോരാതെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ സമരവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ നിലാപാടിനോടുള്ള നിങ്ങളുടെ പ്രതികരണമെന്താണ്?

ചില കാര്യങ്ങളില്‍ ഞാന്‍ ഹസാരെയ്‌ക്കൊപ്പമാണ്. ഈ സമരം യുവാക്കളെ ഉണര്‍ത്തി എന്നതില്‍ യാതൊരു സംശയവുമില്ല. നീതിക്കുവേണ്ടി കുരിശിലേറ്റവര്‍ തന്നെ അനീതി കാട്ടിയാല്‍ എന്ത് ചെയ്യും എന്ന് ഞാന്‍ അത്ഭുപ്പെട്ടിട്ടുണ്ട്. ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എലികളോ പ്രാണികളോ നിങ്ങളുടെ വീട് നശിപ്പിച്ചാല്‍ നിങ്ങള്‍ വീട് മാറ്റുമോ? അതോ അവയെ നശിപ്പിക്കുമോ?

തിരക്കേറിയ സിനിമാ ജീവിതത്തിനിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എങ്ങനെയാണ് സമയം കണ്ടെത്തുന്നത്?

കൃത്യമായി ആസൂത്രണം ഉണ്ടെങ്കില്‍ ഇതെല്ലാം സാധ്യമാകും. എനിക്ക് സിനിമ ഏറെ പ്രിയപ്പെട്ടതാണ്. പക്ഷെ അതിനര്‍ത്ഥം ഞാന്‍ വര്‍ഷത്തില്‍ പത്ത് സിനിമ ചെയ്യുമെന്നല്ല. എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ സമയം താനേ കണ്ടെത്തും.

പുതിയ ചിത്രങ്ങള്‍ ഏതൊക്കെയാണ്?

സിഡ്‌ലിങ്കു വാണ് അടുത്തതായി റീലിസ് ചെയ്യാനുള്ളത്. അതിലെ എന്റെ പെര്‍ഫോമെന്‍സ് നിങ്ങളെ ഞെട്ടിക്കും. ഒരു സര്‍ക്കാര്‍ അധ്യാപികയുടെ വേഷമാണ് ഞാന്‍ ചെയ്യുന്നത്. ചിത്രത്തിലെ എന്റെ ശരീര ഭാഷയും ഏറെ വ്യത്യസ്തമാണ്.

ലക്കി യാണ് മറ്റൊരു ചിത്രം. ഒരു ടെലിവിഷന്‍ അവതാരികയുടെ റോളാണ് ഞാന്‍ ചെയ്യുന്നത്. അവളുടെ പട്ടിയോടല്ലാതെ മറ്റാരോടും അവള്‍ക്ക് അടുപ്പമില്ല. അവളെ സ്‌നേഹിക്കുന്ന ഒരു പുരുഷനുണ്ട്. പക്ഷെ അവള്‍ അവനെ തിരസ്‌കരിക്കുന്നു. അവള്‍ എന്ത്‌കൊണ്ട് അങ്ങനെയായി എന്നതാണ് ചിത്രത്തിന്റെ കഥ.

എനിക്ക് നല്ല പരീക്ഷണങ്ങള്‍ നടത്താന്‍ അവസരം ലഭിക്കുന്നില്ല എന്ന് ഞാന്‍ പരാതിപ്പെടാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് അവസരം കിട്ടുമ്പോള്‍ ആളുകള്‍ക്ക് എന്നെ വിവാഹം കഴിപ്പിക്കണം.

Advertisement