കൊയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെ അഭിനന്ദിക്കാന്‍ കനിമൊഴിയെത്തി; തുടര്‍ന്ന് ജോലി നഷ്ടമായി; വിവാദം
national news
കൊയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെ അഭിനന്ദിക്കാന്‍ കനിമൊഴിയെത്തി; തുടര്‍ന്ന് ജോലി നഷ്ടമായി; വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th June 2023, 8:11 am

ചെന്നൈ: ഡി.എം.കെ നേതാവും തൂത്തുക്കുടി എം.പിയുമായ കനിമൊഴിയുടെ ബസ് യാത്രയ്ക്ക് പിന്നാലെ കൊയമ്പത്തൂരിലെ ആദ്യ വനിതാ ഡ്രൈവര്‍ക്ക് ജോലി നഷ്ടമായെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് ബസ് ഡ്രൈവറായ ശര്‍മിളക്ക് ജോലി നഷ്ടപ്പെട്ടത്.

കൊയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെന്ന നിലയില്‍ ശര്‍മിള ശ്രദ്ധപിടിച്ചിരുന്നു. അവരെ അഭിനന്ദിക്കാനാണ് തന്റെ ബസ് സന്ദര്‍ശനമെന്ന് ഗാന്ധിപുരം മുതല്‍ പീലമേട് വരെ യാത്ര ചെയ്തതിന് ശേഷം മാധ്യമങ്ങളോട് കനിമൊഴി പറഞ്ഞു.

‘പൊതുവേ പുരുഷന്‍മാരും സ്ത്രീകളും തുല്യരാണെന്നാണ് പറയാറുള്ളത്. എന്നാല്‍ സ്ത്രീകള്‍ക്ക് ലോറിയോ ബസോ ഓടിക്കാന്‍ സാധിക്കുമോ എന്ന ചോദ്യങ്ങള്‍ വരാറുണ്ട്. എന്നാല്‍ ഇന്നിവിടെ ഒരു സ്ത്രീ ബസ് ഓടിക്കുന്നത് നിങ്ങള്‍ക്ക് കാണാം. ഡോക്ടര്‍, എഞ്ചിനീയര്‍ എന്നീ ജോലികളല്ലാതെ സ്ത്രീകള്‍ മറ്റ് ജോലികള്‍ ചെയ്യുന്നത് കാണുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്.

ഞാന്‍ നേരത്തെ തന്നെ ഫോണ്‍ വിളിച്ച് ശര്‍മിളയെ അഭിനന്ദിച്ചിരുന്നു. കൊയമ്പത്തൂര്‍ വരുന്ന സമയത്ത് നേരിട്ട് കാണാം എന്ന് അറിയിച്ചിരുന്നു. ഇന്ന് ഞാന്‍ വരികയും അവളുടെ ബസില്‍ യാത്ര ചെയ്യുകയും ചെയ്തു. ഞാന്‍ അവളെ അഭിനന്ദിക്കുന്നു,’ കനിമൊഴി പറഞ്ഞു. തുടര്‍ന്ന് കനിമൊഴി ശര്‍മിളക്ക് സമ്മാനങ്ങളും നല്‍കി.

എന്നാല്‍ ബസിന്റെ ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടാണ് പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ടിക്കറ്റ് എടുക്കരുതെന്ന് പറഞ്ഞിട്ടും ബസിലെ വനിത കണ്ടക്ടര്‍ അണ്ണാതൈ കനിമൊഴിയോട് ടിക്കറ്റ് ചോദിച്ചിരുന്നു. തുടര്‍ന്ന് കനിമൊഴിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആറ് ടിക്കറ്റിന്റെ പൈസ നല്‍കുകയായിരുന്നു. ഈ വിവരം ശര്‍മിള അറിയിച്ചപ്പോള്‍ ബസുടമ അവരെ പിന്തുണച്ചില്ല.

‘ഞാന്‍ എന്റെ പ്രശസ്തിക്ക് വേണ്ടി പ്രശസ്തരായവരെ കൊണ്ടുവരികയാണെന്ന് പറയുകയാണ് ബസുടമ. കനിമൊഴിയുടെ സന്ദര്‍ശനത്തെ കുറിച്ച് ഞാന്‍ മാനേജറോട് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം തനിക്കൊന്നും  അറിയില്ലെന്നാണ് ഉടമയോട് പറഞ്ഞത്.

എന്റെ പിതാവ് മാനേജറെ ഇക്കാര്യം ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം കേള്‍ക്കാന്‍ താല്‍പര്യമില്ലാത്ത പോലെ പെരുമാറുകയായിരുന്നു. സ്വയം കാര്യങ്ങള്‍ സൃഷ്ടിച്ച് സംസാരിക്കാന്‍ തനിക്ക് ഭ്രാന്തില്ലെന്ന് അച്ഛന്‍ ദേഷ്യത്തോടെ പറഞ്ഞിരുന്നു. ഇത് ബസുടമയ്ക്ക് ഇഷ്ടമായില്ല. അദ്ദേഹം ഞങ്ങളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. ഞാന്‍ ജോലിയില്‍ നിന്ന് ഇറങ്ങുകയാണെന്ന് അറിയിക്കുകയും ചെയ്തു,’ ശര്‍മിള പറഞ്ഞു.

എന്നാല്‍ ബസ് കണ്ടക്ടറും ബസുടമയും ശര്‍മിളയുടെ ആരോപണങ്ങള്‍ തള്ളിക്കളയുകയാണ്.

‘കണ്ടക്ടറുടെ പ്രവൃത്തികളെ കുറിച്ച് ശര്‍മിള എന്നോട് പരാതിപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് ഞാനും അറിയിച്ചു. പക്ഷേ ഡ്രൈവര്‍ കേള്‍ക്കാന്‍ തയ്യാറായില്ല.

ഞാന്‍ അവളോട് പോകാന്‍ ആവശ്യപ്പെട്ടിട്ടില്ല. അവള്‍ തിരികെ വരാന്‍ തയ്യാറാണെങ്കില്‍ ബസ് ഓടിക്കാന്‍ അനുവദിക്കും,’ ബസ് ഉടമ പറഞ്ഞു.

തന്റെ ജോലിയുടെ ഭാഗമാണ് ടിക്കറ്റ് വാങ്ങിക്കുകയെന്നതെന്നും ഒരുപാട് തവണ മാപ്പ് പറഞ്ഞിട്ടും ശര്‍മിള അത് കൂട്ടാക്കിയില്ലെന്ന് കണ്ടക്ടറും പറഞ്ഞു.

അതേസമയം സംഭവം വിവാദമായതോടെ ശര്‍മിളയെ സംരക്ഷിക്കുമെന്നും പുതിയ ജോലി ക്രമീകരിക്കുമെന്നും കനിമൊഴിയും പറഞ്ഞു.

content highlight: Kanimozhi came to congratulate Coimbatore’s first woman bus driver; Then  lost her job; Controversy