കഴിവിന്റെ അടിസ്ഥാനത്തിലാണ് സിനിമയില്‍ കാസ്റ്റിങ്ങ് നടക്കുന്നതെന്ന് തോന്നിയിട്ടില്ല: കനി കുസൃതി
Film News
കഴിവിന്റെ അടിസ്ഥാനത്തിലാണ് സിനിമയില്‍ കാസ്റ്റിങ്ങ് നടക്കുന്നതെന്ന് തോന്നിയിട്ടില്ല: കനി കുസൃതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th June 2022, 3:42 pm

കഴിവിന്റെ അടിസ്ഥാനത്തിലാണ് സിനിമയിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നത് എന്ന് തോന്നിയിട്ടില്ലെന്ന് നടി കനി കുസൃതി. പ്രശസ്തരായ അഭിനേതാക്കളാണെങ്കിലും ഇടയ്ക്ക് ഓഡീഷനിലും വര്‍ക്ക് ഷോപ്പിലുമൊക്കെ പങ്കെടുക്കുന്നത് നല്ലതാണെന്ന് കനി പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയക്കായി സിത്താര കൃഷ്ണകുമാര്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കനി

‘ഒരുപാട് ആര്‍ട്ടിസ്റ്റുകളെ കാണാനുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. വര്‍ക്ക് ഷോപ്പുകളിലും നാടകശാലകളിലും ഒരുപാട് കഴിവും പൊട്ടന്‍ഷ്യലുമുള്ള ആളുകളെ കണ്ടിട്ടുണ്ട്. അവരില്‍ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുള്ളവരുണ്ട്. കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇവിടെ കാസ്റ്റിങ്ങ് നടക്കുന്നതെന്ന് ഇതുവരെ തോന്നിയിട്ടില്ല. ഇതിന്റെ മാനദണ്ഡമെന്താണ്. ടാലന്റും ഹാര്‍ഡ്‌വര്‍ക്കും മാത്രമാണോ മാനദണ്ഡം. അത് തെറ്റോ ശരിയോ എന്നല്ല ഞാന്‍ പറയുന്നത്. ഇന്ന ആളുകള്‍ അഭിനയിച്ചാലേ കൊമേഴ്ഷ്യല്‍ ഹിറ്റാവൂ എന്നതൊക്കെ എനിക്ക് അറിയാം.

ഇപ്പോള്‍ കുറച്ച് ഓപ്പണ്‍ ആയിട്ടുണ്ട്. ഓഡിഷന്‍സ് നടക്കുന്നുണ്ട്. പുതിയ ആളുകള്‍ വരുന്നുണ്ട്. പണ്ടൊക്കെ സിനിമാക്കാരുമായി എന്തെങ്കിലും കണക്ഷന്‍ ഉണ്ടെങ്കില്‍ മാത്രം എത്തുന്ന ഒരു സ്ഥലമായിരുന്നു സിനിമ. ആ രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. പ്രശസ്തരായ ആക്ടേഴ്‌സ് ഓഡിഷന്‍ ചെയ്യാറില്ലല്ലോ. അതിനോട് വ്യക്തിപരമായി അഭിപ്രായവ്യത്യാസമുണ്ട്.

ക്രാഫ്റ്റില്‍ എത്രത്തോളം മുന്നോട്ട് പോയാലും വര്‍ക്ക് ഷോപ്പൊക്കെ ചെയ്യുന്നത് നല്ലതാണ്. ഓഡിഷന്‍ തന്നെ ചെയ്യണമെന്ന് ഞാന്‍ പറയില്ല. ഓഡിഷന്‍ ഇല്ലാതെ തന്നെ ഇന്ന ആള്‍ ചെയ്താല്‍ നന്നാവും എന്ന് വിചാരിച്ചാല്‍ അത് ചിലപ്പോള്‍ നന്നാവുമായിരിക്കും. പക്ഷേ ഓഡിഷന്റെ രീതിയിലേക്ക് വന്നാല്‍ നന്നാവും എന്നെനിക്ക് തോന്നാറുണ്ട്,’ കനി കുസൃതി പറഞ്ഞു.

താരാ രാമാനുജന്‍ സംവിധാനം ചെയ്ത നിഷിദ്ധോ ആണ് ഒടുവില്‍ പുറത്തിറങ്ങിയ കനിയുടെ ചിത്രം. 2021ലെ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് നിഷിദ്ധോക്ക് ലഭിച്ചിരുന്നു.

Content Highlight:  Kani Kusruthi says Casting in the film does not seem to be based on talent