എഡിറ്റര്‍
എഡിറ്റര്‍
കാഞ്ച ഐലയ്യ വീട്ടുതടങ്കലില്‍; തടവിലാക്കിയത് വിജയവാഡയിലെ റാലിയില്‍ പങ്കെടുക്കാതിരിക്കാന്‍
എഡിറ്റര്‍
Sunday 29th October 2017 7:59am

ഹൈദരാബാദ്: ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ വീട്ടുതടങ്കലില്‍. വിജഡവാഡയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത് തടയാന്‍ വേണ്ടിയാണ് കാഞ്ച ഐലയ്യയെ വീട്ടുതടങ്കലിലാക്കിയത്.

ആന്ധ്ര പ്രദേശ്, തെലുങ്കാന സര്‍ക്കാറുകള്‍ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിനെതിരെയാണ് റാലി സംഘടിപ്പിച്ചത്. റാലിയില്‍ പങ്കെടുക്കുന്നതിന് കാഞ്ച ഐലയ്യയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

റാലിയില്‍ പങ്കെടുക്കാന്‍ അനുവാദമില്ലെന്നും ഹൈദരാബാദിലെ തര്‍നാകയിലെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ ഉടന്‍ അറസ്റ്റു ചെയ്യപ്പെടുമെന്നും പൊലീസ് കാഞ്ച ഐലയ്യയെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ അനുയായികളായ ഒരു കൂട്ടം വീടിനു പുറത്ത് തമ്പടിച്ചിട്ടുണ്ട്.

അതിനിടെ, ഐലയ്യ സമ്മേളനത്തില്‍ പങ്കെടുത്താല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ആര്യവൈശ്യ- ബ്രാഹ്മണ ഐക്യവേദി ഭീഷണിമുഴക്കിയിരുന്നു.


Also Read: ‘പഠനയാത്രയിലും കാവിവല്‍ക്കരണം’; കോളേജ് വിദ്യാര്‍ത്ഥികള്‍ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ നിര്‍ബന്ധമായും പഠനയാത്ര പോകണമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍


‘സാമാജിക സ്മഗ്ലര്‍ലു: കോമാട്ടൊല്ലു’ എന്ന കാഞ്ച ഐലയ്യയുടെ പുസ്തകം വൈശ്യ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ആര്യവൈശ്യ സംഘടനകള്‍ ഐലയ്‌ക്കെതിരെ നാളുകളായി പ്രതിഷേധങ്ങള്‍ നടത്തിവരികയാണ്. പുസ്തകത്തിലൂടെ കാഞ്ച ഐലയ്യ ക്രിസ്ത്യന്‍ അജണ്ട നടപ്പിലാക്കുന്നു എന്നാണ് ആര്യവൈശ്യ സമൂഹത്തിന്റെ ആരോപണം. എസ്.സി എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെയും മറ്റും ക്രിസ്തുമതത്തിലേക്ക് കൊണ്ടുപോകാനാണ് കാഞ്ച ഐലയ്യയുടെ ശ്രമമെന്നായിരുന്നു ഇവരുടെ ആരോപണം.

ക്രിസ്ത്യന്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നു എന്നാരോപിച്ച് കെ. നാഗരാജു എന്നയാള്‍ കാഞ്ച ഐലയ്യയ്ക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കാഞ്ച ഐലയ്യയ്ക്കെതിരെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നു എന്ന കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

കാഞ്ച ഐലയ്യ ക്രിസ്ത്യന്‍ സമുദായത്തിന് ആളെക്കൂട്ടാനായി പ്രവര്‍ത്തിക്കുകയാണെന്നും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെയും മറ്റും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിടുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു. ഇതിന് അദ്ദേഹത്തിന് വിദേശ രാജ്യങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ഫണ്ടായി ലഭിക്കുന്നുണ്ടെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് കാഞ്ച ഐലയ്യ വ്യക്തമാക്കിയിരുന്നു.

Advertisement