സി.പി.ഐ.എമ്മിനെതിരെ എന്തെങ്കിലും പറഞ്ഞാലേ ശരിയാകൂവെന്ന വിശ്വാസം ഞങ്ങള്‍ക്കില്ല; സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട സമയമെന്ന് കാനം രാജേന്ദ്രന്‍
Kerala
സി.പി.ഐ.എമ്മിനെതിരെ എന്തെങ്കിലും പറഞ്ഞാലേ ശരിയാകൂവെന്ന വിശ്വാസം ഞങ്ങള്‍ക്കില്ല; സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട സമയമെന്ന് കാനം രാജേന്ദ്രന്‍
ന്യൂസ് ഡെസ്‌ക്
Friday, 12th July 2019, 11:03 am

തിരുവനന്തപുരം: ഇടതുപക്ഷ സമീപനങ്ങളില്‍ നിന്ന് മാറി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ മാത്രമേ താന്‍ ഇതുവരെ ചോദ്യം ചെയ്തിട്ടുള്ളൂവെന്നും തിരുത്തല്‍ ശക്തിയെന്ന പ്രയോഗം മാധ്യമങ്ങള്‍ ആരോപിച്ച പദവിയാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

സി.പി.ഐ.എമ്മിനോട് സി.പി.ഐ.ക്കുള്ള വിരോധം കൊണ്ടാണ് ഞാന്‍ പല കാര്യങ്ങളും പറയുന്നത് എന്ന് ധരിച്ചുള്ള വ്യാഖ്യാനമാണ് മാധ്യമങ്ങള്‍ നല്‍കിയത്. ദിവസവും രാവിലെ സി.പി.ഐ.എമ്മിനെതിരെ എന്തെങ്കിലും പറഞ്ഞാലേ ശരിയാകൂവെന്ന വിശ്വാസം ഞങ്ങള്‍ക്കില്ല. കൂടുതല്‍ യോജിപ്പാണ് ഇന്നത്തെ സാഹചര്യം ആവശ്യപ്പെടുന്നതെന്നും മലയാള മനോരമപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ കാനം പറഞ്ഞു.

നെടുങ്കണ്ടം കസ്റ്റഡി മരണത്തെ മുഖ്യമന്ത്രി നിയസഭയില്‍ അപലപിച്ചതിന് ശേഷവും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പരസ്യമായി വിമര്‍ശിച്ചതില്‍ പിഴവ് പറ്റിയിട്ടുണ്ടെന്നും കാനം പറഞ്ഞു.

അത്തരമൊരു തെറ്റ് ചൂണ്ടിക്കാട്ടുന്നത് കൊലപാതകത്തെ ന്യായീകരിക്കാനല്ല. സര്‍ക്കാരിനെ വെള്ളപൂശാനുമല്ല. സംഭവങ്ങളോടുള്ള സമീപനം വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം. ശിവരാമനെതിരെ അച്ചടക്ക നടപടി എടുത്തിട്ടില്ല. മറിച്ച് ഔചിത്യത്തോടെ പെരുമാറുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഉണ്ടായത്- കാനം പറഞ്ഞു.


പൊലീസില്‍ അച്ചടക്കം വേണമെന്നും മര്‍ദ്ദനവും ഉരുട്ടിക്കൊലയും നടത്തുന്നത് നാലോ അഞ്ചോ പൊലീസുകാരാണെങ്കിലും അത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കാനം പറഞ്ഞു. സര്‍ക്കാര്‍ എത്ര നല്ല കാര്യങ്ങള്‍ ചെയ്താലും ഇത്തരമൊരു സംഭവം ഉണ്ടായാല്‍ അതെല്ലാം അപ്രത്യക്ഷമാകില്ലേയെന്നും കാനം ചോദിക്കുന്നു.

പൊലീസിന് മജിസ്റ്റീരിയല്‍ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള വിയോജിപ്പ് മുഖ്യമന്ത്രിയേയും സി.പി.ഐ.എം നേതൃത്വത്തേയും അറിയിച്ചതാണെന്നും അത് ആഭ്യന്തരവകുപ്പ് മാത്രം തീരുമാനിക്കേണ്ട കാര്യമില്ലെന്നും എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യുക കൂടി വേണമെന്നും കാനം പറഞ്ഞു.

അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും പൊലീസിനെ ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായാണ് ഇടതുപക്ഷം കാണുന്നത്. ആ മര്‍ദനോപകരണത്തിന് അനിയന്ത്രിതമായ അധികാരം നല്‍കുന്നത് ഇടതുപക്ഷ കാഴ്ചപപ്പാടിന് ചേരുന്നതല്ലെന്നും കാനം പറഞ്ഞു.

ഇടതുപക്ഷ കാഴ്ചപ്പാടിന് ചേരാത്ത നടപടികള്‍ക്ക് മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ഉപദേശകരാണോ എന്ന ചോദ്യത്തിന് ഉപദേശകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ അധികാരം ലഭിക്കാനുള്ള ആഗ്രഹം കാണുമെന്നും എന്നാല്‍ രാഷ്ട്രീയ നേതൃത്വത്തിന് അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു കാനം പറഞ്ഞത്. യു.എ.പി.എയുടെ കാര്യത്തില്‍ തങ്ങള്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചതും അതുകൊണ്ടാണെന്നും കാനം പറഞ്ഞു.