'ബസ്സുകള്‍ പിന്നെ ആകാശത്താണോ നിര്‍ത്തിയിടുക'; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മര്യാദ കേടാണ് കാണിച്ചതെന്ന കടകംപള്ളിയുടെ പ്രസ്താവന്‌ക്കെതിരെ കാനം രാജേന്ദ്രന്‍
Kerala
'ബസ്സുകള്‍ പിന്നെ ആകാശത്താണോ നിര്‍ത്തിയിടുക'; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മര്യാദ കേടാണ് കാണിച്ചതെന്ന കടകംപള്ളിയുടെ പ്രസ്താവന്‌ക്കെതിരെ കാനം രാജേന്ദ്രന്‍
ന്യൂസ് ഡെസ്‌ക്
Thursday, 5th March 2020, 1:21 pm

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മിന്നല്‍ സമരവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ഭിന്നത. സര്‍ക്കാര്‍ നിലപാടിനെതിരെയാണ് സി.പി.ഐ രംഗത്തെത്തിയത്.

ഗതാഗത കുരുക്കിന് കാരണം ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ടതുകൊണ്ടാണെന്നും പണിമുടക്കിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മര്യാദ കേടാണ് കാണിച്ചതെന്നുമുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്. ബസുകള്‍ പിന്നെ ആകാശത്താണോ നിര്‍ത്തിയിടുക എന്നായിരുന്നു കാനത്തിന്റെ ചോദ്യം. പ്രശ്‌നം വഷളാക്കിയതിന് കാരണം പൊലീസ് നടപടിയാണെന്നും കാനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

” ജാമ്യമില്ലാത്ത വകുപ്പ് ഉപയോഗിച്ചാണ് അവരെ അറസ്റ്റ് ചെയ്തത്. അതിനാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. പിന്നെ ബസ്സുകള്‍ പിന്നെ ആകാശത്ത് കൊണ്ട് ഇടാന്‍ പറ്റുമോ? രണ്ട് മണിക്കൂര്‍ ആ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടത്താതിരുന്നതുകൊണ്ടാണ്? വണ്ടി എവിടെയെങ്കിലും പാര്‍ക്ക് ചെയ്യണ്ടേ? വാഹനം വീട്ടില്‍ കൊണ്ടുപോകാന്‍ പറ്റുമോ? ഞാന്‍ ഈ കാര്യങ്ങളെല്ലാം അന്വേഷിച്ചു. 11.30 മണിക്ക് അവര്‍ റോഡിന്റെ സൈഡിലാണ്. പിന്നെ വന്ന ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാവാത്തതുകൊണ്ട് നഗരം മുഴുവന്‍ ബ്ലോക്ക് ആയി. ”, കാനം പറഞ്ഞു.

അതേസമയം കാനത്തിന്റെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കാനത്തിന്റെ പ്രസ്താവന അവഹേളനം ആണെന്നാണ് ചെന്നിത്തല പറഞ്ഞത്. സി.ഐ.ടി.യു പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം കെ.എസ്.ആര്‍.ടി.സിയില്‍ എസ്മ ബാധകമാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. വഴിയില്‍ ബസ് നിര്‍ത്തി സമരം ചെയ്തത് തെറ്റാണെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. സി.സി ടിവി ദൃശ്യങ്ങളും മൊഴികളും പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജീവനക്കാരുടെ ലിസ്റ്റ് നല്‍കാന്‍ കളക്ടര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ