ബിന്ദുവിനേയും കനകദുര്‍ഗയേയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസ് തടഞ്ഞുവെച്ചതായി ആക്ഷേപം; ശബരില ദര്‍ശന തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ കടുത്ത സമ്മര്‍ദ്ദമെന്നും റിപ്പോര്‍ട്ട്
Sabarimala women entry
ബിന്ദുവിനേയും കനകദുര്‍ഗയേയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസ് തടഞ്ഞുവെച്ചതായി ആക്ഷേപം; ശബരില ദര്‍ശന തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ കടുത്ത സമ്മര്‍ദ്ദമെന്നും റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Tuesday, 25th December 2018, 2:07 pm

തിരുവനന്തപുരം: ശബരിമലയില്‍ നിന്നും സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് തിരിച്ചിറക്കിയ ബിന്ദുവിനേയും കനകദുര്‍ഗയേയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസ് തടഞ്ഞുവെച്ചതായി ആക്ഷേപം. ഇരുവരേയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഇവരെ ആശുപത്രിയില്‍ നിന്ന് പുറത്തിറക്കുകയോ ഇവരുമായി ആര്‍ക്കും ഇതുവരെ ബന്ധപ്പെടാനോ സാധിച്ചിട്ടില്ല.

ശബരിമലയില്‍ കയറിയേ തീരൂവെന്ന നിലപാടില്‍ തന്നെയായിരുന്നു ബിന്ദുവും കനകദുര്‍ഗയുമെന്നും എന്നാല്‍ ഇപ്പോള്‍ പൊലീസ് പറയുന്നത് അവര്‍ പിന്‍മാറാന്‍ തയ്യാറായി എന്നാണെന്നാണെന്നും കടുത്ത സമ്മര്‍ദ്ദത്തിന് നടുവിലാണ് യുവതികള്‍ ഉള്ളതെന്നും നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് പേജുമായി സഹകരിക്കുന്ന ശ്രേയസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

“”കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും അവരെ പുറത്തേക്ക് നീക്കാന്‍ തീരുമാനിച്ചു എന്നാണ് അറിയുന്നത്. ശബരിലമയില്‍ കയറണമെന്ന നിലപാടില്‍ തന്നെയായിരുന്നു അവര്‍. പൊലീസ് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് അവര്‍ പിന്‍മാറാന്‍ തയ്യാറായി എന്നാണ്. പക്ഷേ ആര് ഫോണ്‍ ചെയ്താലും പൊലീസ് ആണ് ഫോണ്‍ എടുക്കുന്നത്. ആരോഗ്യകാര്യങ്ങള്‍ അന്വേഷിക്കാനാണ് എന്ന് പറഞ്ഞാല്‍ അത് മാത്രമേ അന്വേഷിക്കാവൂ എന്ന് പറയും. മറ്റ് കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ആരോഗ്യകാര്യങ്ങള്‍ മാത്രം ചോദിച്ചാല്‍ മതിയെന്നാണ് പൊലീസ് പറയുന്നത്.

നേരിട്ട് ബന്ധപ്പെടാന്‍ കഴിയാത്തതുകൊണ്ട് അവരുടെ ഇപ്പോഴത്തെ നിലപാട് എന്തെന്ന് പോലും മനസിലാക്കാന്‍ പറ്റുന്നില്ല. പൊലീസ് സംരക്ഷണം ഒരുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നാല്‍ നിരാഹാര സമരമുള്‍പ്പെടെ നടത്താനാണ് അവര്‍ ആലോചിക്കുന്നത് എന്നാണ് അറിഞ്ഞത്.


ഒരു ദയയും കാണിക്കരുത്, വെടിവെച്ച് കൊന്നേക്കൂ; പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ പറയുന്ന കുമാരസ്വാമിയുടെ സന്ദേശം പുറത്ത്


പക്ഷേ ഇപ്പോഴത്തെ അവരുടെ നിലപാട് എന്താണ് എന്ന് അറിയാന്‍ സാധിക്കുന്നില്ല. വീട്ടുകാരുമായും അവര്‍ക്ക് ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുണ്ട്. 24 മണിക്കൂറിലേറെയായി രണ്ട് സ്ത്രീകള്‍ പൊലീസിന്റെ സമ്മര്‍ദ്ദത്തില്‍ കഴിയുകയാണ്. അത് അവരിലുണ്ടാക്കാവുന്ന മാനസിക ബുദ്ധിമുട്ട് വലുതാണ്.””- ശ്രേയസ് പറയുന്നു.

പൊലീസിന് ഇവരെ എങ്ങനെയെങ്കിലും ഒഴിവാക്കണം. അല്ലെങ്കില്‍ സുരക്ഷ നല്‍കാനാവില്ല എന്ന് പൊലീസ് എഴുതിക്കൊടുക്കുകയാണ് വേണ്ടതെന്നും ശ്രേയസ് പറഞ്ഞു.

കനകദുര്‍ഗയുമായും ബിന്ദുവുമായും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിനയും പറഞ്ഞു. ഇരുവരേയും പൊലീസ് തടഞ്ഞുവെച്ചിരിക്കുയാണെന്ന രീതിയിലാണ് വിവരം ലഭിച്ചത്. രാവിലത്തേതിന് ശേഷം ഒരു വിവരവും ലഭിച്ചിച്ചിട്ടില്ല. അവരുടെ ഫോണുകളെല്ലാം പൊലീസിന്റെ കൈയിലാണെന്നാണ് മനസിലാകുന്നത്. ആശുപത്രിയിലേക്ക് മറ്റുള്ളവരെയൊന്നും പൊലീസ് കയറ്റുന്നില്ലെന്നാണ് അറിയുന്നത്. പുറത്തുള്ളവരുമായി ഇവരെ ബന്ധപ്പെടാനും പൊലീസ് അനുവദിക്കില്ലെന്നാണ് അറിയുന്നത്. – കെ.കെ ഷാഹിന ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

“”രണ്ടു പേരും തിരിച്ചു വീട്ടില്‍ പോകാമെന്നുറപ്പുണ്ടെങ്കിലേ പോലീസ് വിടുള്ളൂവത്രെ. എന്നാല്‍ മല ചവിട്ടാതെ തങ്ങള്‍ മടങ്ങില്ല എന്നാണ് അവരുടെ നിലപാട്. സുരക്ഷ തരില്ല എന്ന് മാത്രമല്ല, സുരക്ഷ വേണ്ട എന്ന് അവര്‍ എഴുതി തരണമെന്നും പോലീസ് നിര്‍ബന്ധം പിടിച്ചു. അവര്‍ തയ്യാറായില്ല, മാത്രമല്ല സുരക്ഷ വേണമെന്ന് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. പോലീസ് നിരസിച്ചു. പുറം ലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ അവരെ അവിടെ പിടിച്ചു വെച്ചിരിക്കുകയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ബിന്ദുവിന്റെ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിയുന്നില്ല. എന്താണ് ഇവിടെ നടക്കുന്നത്? ഇത് വെള്ളരിക്കാ പട്ടണമല്ല. കേരളമാണ്. പൗരവകാശങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഇടപെടണം””- കെ.കെ ഷാഹിന ഫേസ്ബുക്കില്‍ കുറിച്ചു


ശബരിമല ദര്‍ശനം മാറ്റിവെക്കാമെന്ന് കനക ദുര്‍ഗയും ബിന്ദുവും സമ്മതിച്ചതായി പൊലീസ് പറഞ്ഞിരുന്നു. ഇപ്പോള്‍ സുരക്ഷ നല്‍കാനാവില്ലെന്ന് കനക ദുര്‍ഗയോടും ബിന്ദുവിനോടും ആവശ്യപ്പെട്ടെന്നും ഇതിന് പിന്നാലെ ഇരുവരും ദര്‍ശനം നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാവിലെ ശബരിമല ദര്‍ശനത്തിനെത്തിയ കൊയിലാണ്ടി സ്വദേശിയായ ബിന്ദുവിനേയും മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗയേയും പ്രതിഷേധം കടക്കിലെടുത്ത് പൊലീസ് തിരിച്ചുകൊണ്ടുവന്നിരുന്നു.

പമ്പയില്‍ ഇവര്‍ക്കെതിരെ യാതൊരു പ്രതിഷേധവുമുണ്ടായിരുന്നില്ല. മരക്കൂട്ടത്തും അപ്പാച്ചിമേട്ടിലും വെച്ചാണ് ഇവര്‍ക്കെതിരെ പ്രതിഷേധം തുടങ്ങിയത്.

തുടര്‍ന്ന് പൊലീസ് സുരക്ഷയില്‍ ഇവര്‍ മുന്നോട്ടുനീങ്ങിയെങ്കിലും ചന്ദ്രാനന്ദന്‍ റോഡില്‍ വെച്ച് പ്രതിഷേധവുമായി ചിലര്‍ രംഗത്തുവരികയായിരുന്നു. ഇതോടെ യുവതികളെ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചുകൊണ്ടുവരികയായിരുന്നു.

പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നെന്നും കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന് പൊലീസ് പറഞ്ഞത് തെറ്റാണെന്നും ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതികളെ പൊലീസ് വാഹനത്തില്‍ പമ്പയില്‍ എത്തിച്ചതിന് ശേഷം
കോട്ടയത്തേക്ക് കൊണ്ടുപോയത്.

മല ചവിട്ടാതെ മടങ്ങില്ലെന്നായിരുന്നു ബിന്ദുവിന്റേയും കനകദുര്‍ഗയുടേയും നിലപാട്. ശബരിമലയുടെ അടുത്തുവരെ എത്തിച്ച ശേഷം പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച് ഇറക്കുകയായിരുന്നെന്നും മല കയറാനെത്തിയ എല്ലാ സ്ത്രീകളോടും പൊലീസ് ചെയ്തത് ഇത് തന്നെയാണെന്നും ബിന്ദു ഇന്നലെ മാധ്യങ്ങളോട് പറഞ്ഞിരുന്നു.

കോട്ടയം ഡി.വൈ.എസ്.പി ശിവകുമാര്‍ ഇന്നലെ ഇവരുമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. മകരവിളക്കിനായി നടതുറക്കുമ്പോള്‍ സംരക്ഷണം നല്‍കാമെന്ന് അറിയിച്ചെന്നും മടങ്ങിപ്പോകാന്‍ അവര്‍ തയ്യാറാണെന്നുമായിരുന്നു പൊലീസ് പറഞ്ഞത്.