| Sunday, 30th May 2010, 9:06 am

പ്രണയത്തിന്റെ നൂലിഴ പൊട്ടിയപ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുരളി

“എന്റെ മരണം എങ്ങനെയാകണമെന്ന് ഞാന്‍ സങ്കല്‍പ്പിക്കുന്നുണ്ട്. നിറയെ വിരിച്ച വെളളപ്പൂക്കള്‍ക്കിടയില്‍ ഏതോ സ്വപ്നം കണ്ടുകിടക്കും പോലെ”……… മരണത്തെക്കുറിച്ച് കമലാ സുരയ്യ പറഞ്ഞുവെച്ച വാക്കുകള്‍ ഇവയായിരുന്നു. പ്രണയത്തിന്റെ കഥാകാരി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം. വെള്ളി നക്ഷത്രം തിരുവനന്തപുരം ഭീമാ പള്ളിയിലെ മണ്ണിനടിയിലുറങ്ങുകയാണ്.

പറയാന്‍ ബാക്കിവെച്ച കഥകള്‍ പള്ളിക്കാട്ടില്‍ ആറടിമണ്ണില്‍ അവര്‍ ആരോടെങ്കിലും പങ്കുവെക്കുന്നുണ്ടാവും. മനുഷ്യര്‍ ആരും കൂട്ടിനില്ലാത്ത ലോകത്ത് അവര്‍ ദൈവത്തെ കാണുന്നുണ്ടാവും. ഇല്ല….പ്രണയത്തെ കുറിച്ച് ലോകത്ത ഏറ്റവും കൂടുതല്‍ സംസാരിച്ച ആ എഴുത്തുകാരിയെ പ്രിയപ്പെട്ടവര്‍ മണ്ണിനടിയിലും പോയി തൊടുന്നുണ്ട്. ഖബറിന്നടിയിലേക്കും സ്‌നേഹ ജനങ്ങളുടെ നീര്‍മാതളത്തൈവേരുകള്‍ ഇറങ്ങുന്നുണ്ട്. ലോകത്തെ മുഴുവന്‍ പ്രണയിച്ച കമലക്ക് മരണത്തോടും സ്‌നേഹമായിരുന്നു. മരണത്തെ കാമിച്ച അപൂര്‍വം ചിലരില്‍ ഒരാള്‍. മരണം വരെ ജീവിക്കാനായിരുന്നു അവര്‍ എഴുതിക്കൊണ്ടിരുന്നത്.

നിരന്തരമായ പാലായനങ്ങളായിരുന്നു മാധവിക്കുട്ടിയുടെ ജീവിതം. കൂടുവിട്ട് കൂടുമാറ്റം. ജീവിതത്തില്‍ നിന്ന് മരണത്തിലേക്കുള്ള ഒഴുക്കും അവര്‍ക്ക് അത്തരമൊരു വേഷപ്പകര്‍ച്ചയാണ്. ഹൃദയത്തിലെ വാത്സ്യല്യത്തിന്റെ കടല്‍ ആവോളം കോരിത്തന്നാണ് കമല നമ്മെ വിട്ട് പോയത്. സ്‌നേഹിച്ചവര്‍ക്കും വായിച്ചവര്‍ക്കും ഒരിക്കല്‍ പോലും കാണാത്തവര്‍ക്കും കമലയെ എതിര്‍ത്തവര്‍ക്കുപോലും അവര്‍ സ്‌നേഹം വെച്ചുവിളമ്പി. ഹൃദയം പകുത്തെഴുതിയപ്പോള്‍ കമലയുടെ വാക്കുകള്‍ തെറ്റിവായിച്ചവരായിരുന്നു നമ്മള്‍. വായിച്ചവര്‍ കോരിത്തരിച്ചു. അവര്‍ തന്നെ കല്ലെറിഞ്ഞു. നമ്മെ വിഢികളാക്കിയാണ് ഒടുവില്‍ അവര്‍ പോയത്.

സ്വപ്‌നരാജ്യത്തിലെ പരവതാനിയില്‍ മൈലാഞ്ചിയിട്ട് കമല ഇരിക്കുന്നുണ്ടാവും. തന്നെ കാണാന്‍ വരുന്നവര്‍ക്കെല്ലാം എന്തെങ്കിലും സമ്മാനം നല്‍കിക്കൊണ്ട്. സ്‌നേഹത്തെക്കുറിച്ച് തുരുതുരാ സംസാരിച്ചുകൊണ്ട്……….

Latest Stories

We use cookies to give you the best possible experience. Learn more