ആയുഷ്‌കാലം സിനിമ ഇറങ്ങിയപ്പോള്‍ പ്രേതത്തിന് നിഴലുണ്ടാവുമോ എന്ന് ചോദിച്ചവരോട് എന്റെ മറുപടി ഇതായിരുന്നു; കമല്‍
Entertainment
ആയുഷ്‌കാലം സിനിമ ഇറങ്ങിയപ്പോള്‍ പ്രേതത്തിന് നിഴലുണ്ടാവുമോ എന്ന് ചോദിച്ചവരോട് എന്റെ മറുപടി ഇതായിരുന്നു; കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th January 2024, 11:15 am

1986ല്‍ മിഴിനീര്‍പ്പൂക്കള്‍ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് കമല്‍. 36 വര്‍ഷത്തിനുള്ളില്‍ 40ലധികം സിനിമകള്‍ ചെയ്തു. ഇതില്‍ പലതും മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ്. നാല് വര്‍ഷത്തിന് ശേഷം കമല്‍ സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. ഷൈന്‍ ടോം ചാക്കോയാണ് സിനിമയിലെ നായകന്‍.

കമലിന്റെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് 1992ല്‍ പുറത്തിറങ്ങിയ ആയുഷ്‌കാലം. മലയാളികള്‍ അതുവരെ കാണാത്ത ഒരു പ്രമേയമായിരുന്നു ചിത്രത്തിന്റേത്. വിവേകാനന്ദന്‍ വൈറലാണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ആയുഷ്‌കാലം സിനിമയുടെ ഓര്‍മകള്‍ കമല്‍ പങ്കുവെച്ചു. ‘അന്ന് അധികം ആളുകള്‍ കണ്ട് ശീലിച്ചിട്ടില്ലാത്ത ഒരു കഥയായിരുന്നു ആയുഷ്‌കാലത്തിന്റേത്. കാരണം അന്ന് ഹൃദയം മാറ്റിവെക്കുക എന്നത് ഇന്ത്യയില്‍ തന്നെ അപൂര്‍വമായിരുന്നു. അങ്ങനെ ഹൃയം മാറ്റിവെക്കപ്പെട്ട ഒരാള്‍ക്ക് ഹൃദയം തന്ന ആളുടെ ആത്മാവിനെ കാണാന്‍ സാധിക്കുന്നു. ആ ആത്മാവ് ഹൃദയം സ്വീകരിച്ച ആളെക്കൊണ്ട് റിവഞ്ച് ചെയ്യിക്കുന്നു. ഇതൊക്കെയായിരുന്നു ഞങ്ങള്‍ അതില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍.

ആ ആത്മാവിന് റിവഞ്ചിനോടൊപ്പം ഒരു കാര്യം കൂടി അറിയണമായിരുന്നു. എന്നെ ആരാണ് കൊന്നത്? എന്തിനാണ് കൊന്നത്? അതായിരുന്നു ആ സിനിമയില്‍ കഥാപരമായുള്ള പുതുമ. ഇന്നത്തെപ്പോലെ അന്ന് വി.എഫ്.എക്‌സ് ഒന്നും ഉണ്ടായിരുന്നില്ല. അന്നത്തെ സാങ്കേതികവിദ്യയായിരുന്നു ഞങ്ങള്‍ ഉപയോഗിച്ചത്. ടെക്‌നിക്കല്‍ ക്യാമറ ഉപയോഗിച്ചായിരുന്നു ചില സീനുകള്‍ ഷൂട്ട് ചെയ്തത്. അന്നത്തെ കാലത്ത് അതുപോലെ ഒരു സിനിമ ചെയ്യുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശം. എന്നാല്‍ അത് ഒരു ബ്രഹ്‌മാണ്ഡ സിനിമയൊന്നും അല്ല. ഹ്യൂമറിന്റെ ബാക്ക്ഗ്രൗണ്ടിലൂടെയാണ് കഥ പറയുന്നത്.

പക്ഷേ അന്ന് കേട്ട ഒരു വിമര്‍ശനമായിരുന്നു, പ്രേതത്തിന് നിഴലുണ്ടോ എന്ന്. ജയറാം പലപ്പോഴും നടന്ന് പോവുമ്പോള്‍ നിഴല് കാണുന്നുണ്ടായിരുന്നു. അതൊരു വിമര്‍ശനമായി പലരും പറഞ്ഞിരുന്നു. ഇന്നായിരുന്നെങ്കില്‍ അത് വി.എഫ്.എക്‌സില്‍ ശെരിയാക്കാമായിരുന്നു. പകല്‍സമയത്തും പുറത്തിറങ്ങി നടക്കുന്ന പ്രേതമായിരുന്നു സിനിമയില്‍. അപ്പോ എങ്ങനെയായലും നിഴല് കാണും. സണ്‍ലൈറ്റ് നമുക്ക് കട്ട് ചെയ്യാന്‍ പറ്റിലല്ലോ, അന്ന് നിഴലിന്റെ കാര്യം ചോദിച്ചവര്‍ക്ക് ഞാന്‍ പറഞ്ഞ മറുപടി, എന്റെ പ്രേതത്തിന് നിഴലുണ്ട് എന്നാണ്. നിഴലില്ലാത്ത പ്രേതത്തിനെ കാണിച്ചുതരാന്‍ അവരോട് പറഞ്ഞു. അങ്ങനെയാണ് അത് നിന്നത്’ കമല്‍ പറഞ്ഞു

കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച ഷൈന്‍ ടോമിന്റെ നൂറാമത്തെ സിനിമയാണ് വിവേകാനന്ദന്‍ വൈറലാണ്. സ്വാസിക, ഗ്രേസ് ആന്‍ണി, ജോണി ആന്റണി, വിനീത് തട്ടില്‍, മെറീനാ മൈക്കിള്‍, ശരത് സഭ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ജനുവരി 19ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Kamal speaking about his movie Ayushkalam