ഉപതെരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍; കമല്‍നാഥ്
national news
ഉപതെരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍; കമല്‍നാഥ്
ന്യൂസ് ഡെസ്‌ക്
Sunday, 3rd May 2020, 11:40 pm

ഭോപ്പാല്‍: സംസ്ഥാനത്തെ 24 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. ബി.ജെ.പിയുടെ നീക്കങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിയുള്ളവരാണ് വോട്ടര്‍മാരെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ചില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ച 22 മണ്ഡലങ്ങളിലെ ജനങ്ങള്‍ക്കറിയാം അവര്‍ തെരഞ്ഞെടുത്തവര്‍ തങ്ങളെയും പാര്‍ട്ടിയെയും വഞ്ചിച്ചെന്ന്. ബി.ജെ.പി എല്ലായിടത്തും ഭരണവിരുദ്ധ വികാരം നേരിടുകയാണ്, കോണ്‍ഗ്രസ് ജനങ്ങളുടെ വിശ്വാസം നേടുകയുമാണെന്നും കമല്‍നാഥ് പറഞ്ഞു.

നിലവിലെ മന്ത്രിസഭയിലുള്ളതും അല്ലാത്തതുമായ നിരവധി ബി.ജെ.പി നേതാക്കള്‍ ഇപ്പോഴും തന്നെ ബന്ധപ്പെടുന്നുണ്ട്. അതെല്ലാം അടുത്ത് തന്നെ കാണേണ്ടിവരുമെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ കമല്‍നാഥ് പറഞ്ഞു.

കമല്‍നാഥ് അധികാരമൊഴിഞ്ഞതിന് ശേഷം ശിവരാജ് സിങ് ചൗഹാന്‍ അധികാരമേറ്റെടുത്തിരുന്നു. എതിര്‍പാര്‍ട്ടിയിലെ നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഇരു ക്യാമ്പുകളും അവകാശപ്പെട്ടിരുന്നു. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും.

24 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികളായ എം.എല്‍.എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന 22 മണ്ഡലങ്ങളിലും എം.എല്‍.എമാര്‍ മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന രണ്ട് മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 230 അംഗ നിയമസഭയില്‍ നിലവില്‍ ബി.ജെ.പിക്ക് 107 എം.എല്‍.എമാരാണുള്ളത്. കോണ്‍ഗ്രസിന് 97ഉം. മറ്റ് പാര്‍ട്ടികളിലായി ഏഴും. അത് കൊണ്ട് തന്നെ വരുന്ന ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ ഭരണത്തെ ബാധിക്കുന്ന ഒന്നാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.