റോളക്‌സിന് `റോളക്‌സ്' വാച്ച് സമ്മാനം നല്‍കി ഏജന്റ് വിക്രം
Entertainment news
റോളക്‌സിന് `റോളക്‌സ്' വാച്ച് സമ്മാനം നല്‍കി ഏജന്റ് വിക്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th June 2022, 3:41 pm

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കമല്‍ ഹാസന്‍ ലോകേഷ് ചിത്രം വിക്രം നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിലൂടെ ഏറെ കാലത്തിന് ശേഷം ഉലക നായകന്‍ തിരിച്ച് വന്നിരിക്കുകയാണ്. രാജ്കമല്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെയാണ് വിക്രം നിര്‍മിച്ചത്.

ചിത്രത്തില്‍ കമല്‍ ഹാസന് ഒപ്പം അഥിതി വേഷത്തില്‍ സൂര്യയും എത്തിയിരുന്നു. റോളക്‌സ് എന്ന വില്ലന്‍ വേഷത്തിലാണ് സൂര്യ ചിത്രത്തില്‍ എത്തിയത്. വിക്രമിന്റെ തുടര്‍ ഭാഗങ്ങളില്‍ സൂര്യക്ക് മുഴുനീള കഥാപാത്രം ആയിരിക്കുമെന്നും കമല്‍ഹാസന്‍ ചിത്രത്തിന്റെ വിജയത്തിന് നന്ദി അറിയിച്ചു കൊണ്ടുള്ള വീഡിയോയില്‍ സ്ഥിരീകരിച്ചിരുന്നു.

വിക്രമിലെ അതിഥി വേഷം മനോഹരമാക്കിയത്തിന് റോളക്‌സ് വാച്ച് തന്നെ സൂര്യക്ക് സമ്മാനമായി നല്‍കിയിരിക്കുകയാണ് കമല്‍ഹാസന്‍. നേരത്തെ ചിത്രം സംവിധാനം ചെയ്ത ലോകേഷിന് ആഡംബര കാര്‍ കമല്‍ഹാസന്‍ സമ്മാനിച്ചിരുന്നു. സഹ സംവിധായകര്‍ക്ക് ബൈക്ക് സമ്മാനമായി നല്‍കിയതും വാര്‍ത്തയായിരുന്നു.

സൂര്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വാച്ച് സമ്മാനമായി ലഭിച്ച വിവരം പങ്കുവെച്ചത്. ‘ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ജീവിതം മനോഹരമാക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് താരം സന്തോഷം പങ്കുവെച്ചത്.
സമ്മാനം നല്‍കിയ കമല്‍ഹാസന് നന്ദിയും താരം അടിക്കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

കമല്‍ഹാസനെയും സൂര്യയേയും കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, എന്നിവരും വിക്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

conten highlight : Kamal hasan Gifted Rolex watch to Surya for the huge success of vikram movie