വെട്രിമാരന്റെ അടുത്ത ചിത്രത്തില്‍ നായകനായി കമല്‍ ഹാസന്‍?; സിനിമയാകുന്നത് ജനപ്രിയ നോവലെന്നും റിപ്പോര്‍ട്ട്
Entertainment news
വെട്രിമാരന്റെ അടുത്ത ചിത്രത്തില്‍ നായകനായി കമല്‍ ഹാസന്‍?; സിനിമയാകുന്നത് ജനപ്രിയ നോവലെന്നും റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd July 2021, 5:00 pm

ചെന്നൈ: വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കമല്‍ ഹാസന്‍ നായകനാവുമെന്ന് റിപ്പോര്‍ട്ട്. തമിഴിലെ ജനപ്രിയ നോവലുകളില്‍ ഒന്നാണ് സിനിമയാകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചില തമിഴ്‌സിനിമാ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഥ കമല്‍ ഹാസന് ഇഷ്ടമായെന്നും നിലവില്‍ അഭിനയിക്കുന്ന വിക്രം സിനിമയുടെ ഷൂട്ട് കഴിഞ്ഞാല്‍ ഈ ചിത്രത്തിലായിരിക്കും കമല്‍ അഭിനയിക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഗോപുരം ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുക. അസുരനാണ് വെട്രിമാരന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

നൂറ് സിംഹാസനങ്ങള്‍ എന്ന ഏറെ ചര്‍ച്ചയായ നോവലിന്റെ രചയിതാവായ ജയമോഹന്റെ തുണൈവന്‍ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന വിടുതലൈയാണ് വെട്രിമാരന്റെ പുതിയ ചിത്രം.

സൂരിയാണ് ചിത്രത്തിലെ നായകന്‍. ഗൗതം മേനോന്‍, വിജയ് സേതുപതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. സൂര്യയെ നായകനാക്കി ഒരുക്കുന്ന വടിവാസലാണ് പ്രഖ്യാപനം നടന്ന മറ്റൊരു വെട്രിമാരന്‍ ചിത്രം.

അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം ആണ് കമല്‍ ഹാസന്‍ അഭിനയിക്കുന്ന പുതിയ ചിത്രം. കമലിന്റെ 232ാം ചിത്രമായിട്ടാണ് ലോകേഷ് ‘വിക്രം’ സംവിധാനം ചെയ്യുന്നത്. ഗ്യാംങ്സ്റ്റര്‍ മൂവിയായിരിക്കും വിക്രം എന്നാണ് വിലയിരുത്തുന്നത്.

അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Kamal Haasan to star in Vetrimaran’s next film ?