എല്ലാ കാര്യങ്ങളിലും ഇന്‍സെക്യൂരിറ്റിയുണ്ട്; പക്ഷെ എന്നില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ഇക്കാര്യമാണ്: കല്യാണി പ്രിയദര്‍ശന്‍
Entertainment news
എല്ലാ കാര്യങ്ങളിലും ഇന്‍സെക്യൂരിറ്റിയുണ്ട്; പക്ഷെ എന്നില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ഇക്കാര്യമാണ്: കല്യാണി പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th August 2022, 10:16 am

ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തല്ലുമാല റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പരിപാടികള്‍ വമ്പന്‍ രീതിയില്‍ നടക്കുന്നുണ്ട്.

വ്‌ലോഗര്‍ ബീപാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കല്യാണിയുടെ വേറിട്ട കഥാപാത്രം കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ക്ലബ്ബ് എഫ്.എമ്മിന് പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തനിക്ക് തന്നില്‍ തന്നെ ഇഷ്ടമുള്ള കാര്യങ്ങളെ പറ്റി പറയുകയാണ് കല്യാണി പ്രിയദര്‍ശന്‍.

തന്റെ ചിരിയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ളതെന്നും, തന്റെ ചിരി ഒരു പ്ലസ് പോയിന്റ് ആയി കാണുന്നെന്നുമാണ് കല്യാണി പറയുന്നത്.

‘ എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും എന്നില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്റെ ചിരിയാണ്. എനിക്ക് എല്ലാ കാര്യത്തിലും ഇന്‍ സെക്യൂരിറ്റിയുണ്ട് പക്ഷെ എന്റെ ചിരി ഭയങ്കര ജെനുവിനാണെന്നെനിക്കറിയാം. അതുകൊണ്ട് തന്നെ ചിരി എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ കല്യാണി പറയുന്നു.

ഇതിനോടൊപ്പം തന്നെ പ്രണവും കല്യാണിയും തന്റെ പ്രിയ സുഹൃത്തുകളാണെന്നും എന്നാല്‍ ഒരു പ്രശ്‌നം വന്നാല്‍ രാത്രിയും വിളിക്കാറുള്ളത് ദുല്‍ഖര്‍ സല്‍മാനെ ആണെന്നും കല്യാണി പറയുന്നുണ്ട്.

‘കീര്‍ത്തി സുരേഷും, പ്രണവുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്. പക്ഷെ എന്തെങ്കിലും വിഷമം വന്നാലോ ഒന്ന് മോട്ടിവേറ്റഡ് ആകാനമൊക്കെ ഞാന്‍ ആദ്യം വിളിക്കുന്നത് ദുല്‍ഖറിനെയാണ്’, കല്യാണി പറഞ്ഞു.

ആഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയ്ലറിനും മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്.

കലാ സംവിധാനം ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് റഫീക്ക് ഇബ്രാഹിം, ശില്‍പ അലക്സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ്, വാര്‍ത്താപ്രചാരണം എ.എസ്. ദിനേശ്, പോസ്റ്റര്‍ ഓള്‍ഡ്മോങ്ക്‌സ്, മാര്‍ക്കറ്റിങ് ഒബ്സ്‌ക്യൂറ, ഡിസൈനിംഗ്- പപ്പെറ്റ് മീഡിയ.

Content Highlight: Kalyani Priyadarshan about her favorite thing about herself