ബസിലെ ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് കല്ലട ട്രാവല്‍സ്
kERALA NEWS
ബസിലെ ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് കല്ലട ട്രാവല്‍സ്
ന്യൂസ് ഡെസ്‌ക്
Monday, 22nd April 2019, 10:42 pm

കൊച്ചി: ബസിലെ ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് കല്ലട ട്രാവല്‍സ്. വൈറ്റിലയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ കല്ലട ട്രാവല്‍സ് ഖേദം പ്രകടിപ്പിച്ചു പുറത്തിറക്കിയ കത്തിലാണ് യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ചത്.

സംഭവങ്ങളെക്കുറിച്ച് അറിഞ്ഞത് ദൃശ്യങ്ങള്‍കണ്ടശേഷം മാത്രമാണെനും കല്ലട ട്രാവല്‍സ് കത്തില്‍ പറയുന്നു. യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും കല്ലട ട്രാവല്‍സ് കത്തില്‍ പറയുന്നുണ്ട്.

യാത്രക്കാര്‍ ജീവനക്കാരെ ആക്രമിച്ചെന്നും കത്തില്‍ വാദമുണ്ട്. ഹരിപ്പാട് വച്ച് യുവാക്കള്‍ ജീവനക്കാരനെ ആക്രമിക്കുകയും കൊച്ചി ഓഫിസിലെ ജീവനക്കാരനു നേരെ കയ്യേറ്റം നടത്തുകയും ചെയ്‌തെന്നും കത്തില്‍ പറയുന്നു.

അതേസമയം, ഇന്നു മൈസൂരില്‍ വെച്ച് കേടായ കല്ലട ബസ്സിലെ യാത്രക്കാരോട് മറ്റു വാഹങ്ങളില്‍ കയറി പോകാന്‍ ബസ്സിലെ ജീവനക്കാര്‍ പറഞ്ഞിരുന്നു. കേടായ ബസിനു പകരം ബദല്‍ സംവിധാനം ആവശ്യപ്പെട്ട യാത്രക്കാരോടാണ് വേണമെങ്കില്‍ മറ്റു വാഹനങ്ങളില്‍ കയറി പോകാന്‍ ബസിലെ ജീവനക്കാര്‍ പറഞ്ഞതെന്ന് ബസില്‍ യാത്ര ചെയ്തിരുന്ന താമരശ്ശേരി സ്വദേശി അരുണ്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞിരുന്നു.

‘ബെംഗളൂരുവില്‍ നിന്നും ബസ് വരുന്നുണ്ട് അതില്‍ കയറി പോകാനാണ് ജീവനക്കാര്‍ പറയുന്നത്. കുട്ടവരെ മറ്റൊരു ബസ് റെഡിയാക്കി തരാം അവിടെ നിന്നും മറ്റൊരു ബസില്‍ കയറി പോകാനും ജീവനക്കാര്‍ പറയുന്നുണ്ട്. ഇതൊന്നും അല്ലെങ്കില്‍ മറ്റു വാഹങ്ങളില്‍ കയറി പോകാനാണ് ജീവനക്കാര്‍ പറയുന്നത്. ഇവിടെ മഴയുണ്ട്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 30 പേര്‍ മഴയത്ത് നില്‍ക്കുകയാണ്. നാളെ തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള മൂന്നു ആളുകളും ബസിലുണ്ട്’- അരുണ്‍ പറയുന്നു.

അതേസമയം, കല്ലട ബസ് സര്‍വീസ് നടത്തിയിരുന്നത് നിയമ വിരുദ്ധമായാണെന്ന് വിവരാവകാശ രേഖ. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റ് മാത്രമാണ് ബസിനുള്ളതെന്ന് വിവരാവകാശ രേഖ സൂചിപ്പിക്കുന്നു. എന്നാല്‍ സ്റ്റേജ് ക്യാരേജ് പെര്‍മിറ്റുള്ള കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകളുടേതിന് സമാനമായ സര്‍വീസാണ് കല്ലട ബസുകള്‍ നടത്തിയിരുന്നത്.

പോകുന്ന വഴിക്ക് നിര്‍ത്തി ആളുകളെ കയറ്റിയിറക്കി പോകാനുള്ള അനുവാദവും കല്ലട ബസുകള്‍ക്കില്ലെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. എന്നാല്‍ ഓരോ പ്രധാന നഗരങ്ങളിലും പ്രത്യേക ബുക്കിങ് കൗണ്ടറുകള്‍ സ്ഥാപിച്ച് ആളുകളെ കയറ്റിയിറക്കി പോകുന്ന രീതിയിലാണ് കല്ലട ബസുകള്‍ സര്‍വീസ് നടത്തുന്നത്.