തിരുവനന്തപുരം: പി.ആര്.ഒയെ സസ്പെന്റ് ചെയ്ത സംഭവത്തില്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടും കൂടിക്കാഴ്ച്ചക്ക് തയാറാവാതെ കലാമണ്ഡലം വൈസ് ചാന്‍സലര്‍. കലാമണ്ഡലത്തിലെ പി.ആര്.ഒ നിയമനത്തില്‍ കോടതിയില്‍ ഹരജി ഉള്ളതിനാല്‍ ഹാജരാകാനാവില്ലെന്ന് വി.സി അറിയിക്കുകയായിരുന്നു.
കലാമണ്ഡലം വൈസ് ചാന്‍സലര്‍ ടി.കെ. നാരായണനാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ചക്ക് രാജ്ഭവനില്‍ എത്താതിരുന്നത്. പി.ആര്.ഒയെ സസ്പെന്റ് ചെയ്ത കേസില്‍ ഹൈക്കോടതിയില്‍ ഹരജി നിലനില്‍ക്കുന്നതിനാല്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരാകുന്നത് കോടതിയലക്ഷ്യമാകുമെന്ന് വി.സി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.സി ഗവര്‍ണര്‍ക്ക് കത്തയക്കുകയായിരുന്നു.
പിരിച്ചുവിട്ട പി.ആര്.ഒയെ തിരികെ നിയമിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് വി.സി ഇതുവരെ തയാറായിട്ടില്ല.
വിദേശത്ത് ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ മുഴുവന്‍ പണവും സര്‍വകലാശാലക്ക് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കലാമണ്ഡലം പി.ആര്.ഒ ആര്. ഗോപീകൃഷ്ണനെ നേരത്തെ സസ്പെന്റ് ചെയ്തത്.
എന്നാല്‍ കിട്ടാനുണ്ടെന്ന് പറഞ്ഞ തുക മുഴുവനായും ഗോപീകൃഷ്ണന് തിരിച്ചടച്ചിട്ടും അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ വി.സി തയാറാകാതിരിക്കുകയും പി.ആര്.ഒ തസ്തിക തന്നെ നിര്‍ത്തലാക്കാന്‍ മുഖ്യമന്ത്രിക്ക് കത്തയക്കുകയുമായിരുന്നു.
ഇതോടെയാണ് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപ്പെടുന്നത്. പി.ആര്.ഒയെ തിരികെ ജോലിയില്‍ നിയമിക്കാന്‍ വി.സിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടപ്പോള്‍ സര്‍വകലാശാല വിഷയത്തില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നായിരുന്നു വി.സിയുടെ നിലപാട്.