ഇപ്പോള്‍ സംവിധാനത്തിനൊന്നും പോവണ്ടെന്ന് മമ്മൂക്ക പറഞ്ഞു, സംവിധായകനായത് പൃഥ്വിരാജ് കാരണം: കലാഭവന്‍ ഷാജോണ്‍
Film News
ഇപ്പോള്‍ സംവിധാനത്തിനൊന്നും പോവണ്ടെന്ന് മമ്മൂക്ക പറഞ്ഞു, സംവിധായകനായത് പൃഥ്വിരാജ് കാരണം: കലാഭവന്‍ ഷാജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th September 2022, 8:22 am

സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി നല്‍കിയ ഉപദേശത്തെ പറ്റി തുറന്നുപറഞ്ഞ് കലാഭവന്‍ ഷാജോണ്‍. ഇപ്പോള്‍ പൈസ ഉണ്ടാക്കേണ്ട സമയമാണെന്നും സംവിധാനം പിന്നെയാണെങ്കിലും ചെയ്യാമെന്നും മമ്മൂട്ടി ഉപദേശിച്ചുവെന്ന് ഷാജോണ്‍ പറഞ്ഞു. പൃഥ്വിരാജ് കാരണമാണ് താന്‍ സംവിധായകനായതെന്നും ഷാജോണ്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘രാജമാണിക്യത്തിലാണ് ആദ്യമായി മമ്മൂക്കക്കൊപ്പം അഭിനയിക്കുന്നത്. അന്‍വര്‍ റഷീദ് ആയിരുന്നു അതിന്റെ സംവിധായകന്‍, നമ്മുടെ അടുത്ത സുഹൃത്താണ്. പുള്ളി വിളിച്ചിട്ടാണ് ഞാന്‍ ചെല്ലുന്നത്. ചെറിയ വേഷമായിരുന്നു. നിന്റെ ഒരു മൊഫീല്‍ എന്ന് പറഞ്ഞ് മമ്മൂക്ക ചവിട്ടി പൊട്ടിക്കുന്നത് എന്റെ ഫോണാണ്.

മമ്മൂക്ക ലൊക്കേഷനിലേക്ക് വന്നപ്പോള്‍ എല്ലാവരുടെയുമൊപ്പം ഞാനും പോയി നിന്നു. എന്നെ കണ്ടപ്പോള്‍, ആ ഇതാണ് നിങ്ങടെയൊക്കെ കുഴപ്പം, ടി.വിയില്‍ വരുമ്പോള്‍ വിഗ്ഗൊന്നും വെക്കില്ല. ഒരു സിനിമ കിട്ടിയ ഉടനെ വിഗ്ഗും വെച്ച് സുന്ദരനായി വന്ന് നിന്നാല്‍ എങ്ങനാ നിങ്ങളെ തിരിച്ചറിയുന്നത്, എന്ന് മമ്മൂക്ക ചോദിച്ചു. അപ്പോഴാണ് മമ്മൂക്ക നമ്മളെയൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലാവുന്നത്. അപ്പോള്‍ കിട്ടിയത് ഒരു ഭീകര എനര്‍ജിയാണ്. അത് ഞാന്‍ ഒരിക്കലും മറക്കില്ല.

അതിന് ശേഷം ഒരുപാട് സിനിമകളില്‍ മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ പറ്റി. മമ്മൂക്ക ഇപ്പോഴും ഒരുപാട് സിനിമകളില്‍ നമ്മുടെ പേര് പറയുന്നുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. അന്നും ഇന്നും മമ്മൂക്കക്ക് ഒരു വ്യത്യസവുമില്ല. അന്നുള്ള അടുപ്പം ഇപ്പോഴുമുണ്ട്.

എപ്പോള്‍ വേണമെങ്കിലും കാണാന്‍ ചെല്ലാം. ഇടക്ക് ഉപദേശിക്കാറുണ്ട്. പുതുതായി സംവിധാനം ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ അതിനൊന്നും പോവണ്ട, പൈസ ഉണ്ടാക്കേണ്ട സമയമാണ്, അതൊക്കെ പിന്നെ എപ്പോള്‍ വേണമെങ്കിലും ചെയ്യാം എന്നാണ് മമ്മൂക്ക പറഞ്ഞത്,’ ഷാജോണ്‍ പറഞ്ഞു.

‘പൃഥ്വിരാജിനോട് കഥ പറയാന്‍ പോയപ്പോള്‍ അദ്ദേഹം സംവിധാനം ചെയ്യാന്‍ പറഞ്ഞത് ഒരിക്കലും മറക്കില്ല. സംവിധായകനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് നടക്കുമെന്ന് വിചാരിച്ചതല്ല. അത് പൃഥ്വിരാജ് ഉള്ളത് കൊണ്ട് നടന്നതാണ്. ചേട്ടന്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ ഞാന്‍ ഡേറ്റ് തരാമെന്ന് പൃഥ്വിരാജ് പറഞ്ഞ ആ മൊമന്റ് ഞെട്ടിപ്പിച്ചു. സംവിധാനം ചെയ്യുന്നതിനെ പറ്റി ഞാന്‍ ആലോചിച്ചിട്ടില്ല. എന്നോട് കഥ പറഞ്ഞത് പോലെ ഷൂട്ട് ചെയ്താല്‍ മതിയെന്ന് പൃഥ്വിരാജ് പറഞ്ഞു. ആ ഒരു കടപ്പാട് എന്നും രാജുവിനോട് ഉണ്ടാവും,’ ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: kalabhavan shajon talks about the responses of mammootty and prithviraj upon his direction