'എനിക്കെന്റെ ഉമ്മച്ചിയെ കാണണം, ഉമ്മച്ചിയെ വിളിക്കോ' തെസ്‌നി ഖാന്‍ തളര്‍ന്ന് വീണ് കരയുകയായിരുന്നു: ഷാജോണ്‍
Entertainment news
'എനിക്കെന്റെ ഉമ്മച്ചിയെ കാണണം, ഉമ്മച്ചിയെ വിളിക്കോ' തെസ്‌നി ഖാന്‍ തളര്‍ന്ന് വീണ് കരയുകയായിരുന്നു: ഷാജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th January 2023, 10:25 am

തന്റെ ജീവിതത്തില്‍ സംഭവിച്ച രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് നടന്‍ കലാഭവന്‍ ഷാജോണ്‍. ഒരിക്കല്‍ വണ്ടര്‍ലയില്‍ പോയപ്പോള്‍ ഒരു റൈഡില്‍ കയറിയെന്നും അതിന്റെ ഭാഗമായി ചില രസകരമായ സംഭവങ്ങള്‍ നടന്നെന്നും ഷാജോണ്‍ പറഞ്ഞു. ആ സംഭവത്തിന് ശേഷം ഇനി അത്തരം റൈഡില്‍ കയറില്ലെന്ന് തീരുമാനിച്ചെന്നും താരം പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘വണ്ടര്‍ലയില്‍ പോയി ഒരിക്കല്‍ ഡിനോസര്‍ പോലെയൊരു സംഭവത്തില്‍ ഞങ്ങള്‍ കയറിയിരുന്നു. ഏറ്റവും ഫ്രണ്ടില്‍ ഞാന്‍, പിറകില്‍ പ്രജോദ് അതിന്റെ ബാക്കില്‍ കലാഭവന്‍ ജയകുമാര്‍ അങ്ങനെയാണ് ഇരുന്നത്. ഒരെണ്ണത്തില്‍ മൂന്ന് പേരാണ് ഇരിക്കുന്നത്. അതാണെങ്കില്‍ ബോട്ട് പോലത്തെ ഒരു സാധനമാണ്. അതിനകത്തേക്ക് നമ്മള്‍ കയറി ഇരിക്കുമ്പോള്‍ തന്നെ ഒരു ഇരുമ്പ് റാഡ് വന്ന് അടയും. ഇത് അതിന്റെ അകത്ത് എവിടെയൊക്കെയോ പോയി തിരിച്ചു വരും.

ഇത് അങ്ങോട്ട് ചെല്ലുമ്പോള്‍ ഒരു ഗേറ്റ് തുറന്ന് വരാന്‍ കുറച്ച് നേരം അവിടെ ബെല്ലടിച്ച് നിക്കും. കുറച്ച് കഴിഞ്ഞ് ഗേറ്റ് അങ്ങോട്ട് തുറക്കും. ആ സാധനം ഒറ്റ പോക്കാണ് താഴോട്ട്. ഒന്നും പറയാന്‍ പറ്റാത്ത ഒരു അവസ്ഥയാണ്. ആ സാധനം ഏതൊക്കെ വഴിയാണ് കയറി പോയതെന്ന് എനിക്കറിയില്ല. കണ്ണ് തുറക്കുമ്പോള്‍ ഏതോ ഡിനോസറിന്റെ വായിക്കകത്തേക്കാണ് പോകുന്നത്.

പ്രശ്‌നം എന്താണെന്ന് അറിയോ, എല്ലാവരും മുറുകെ പിടിച്ച് കണ്ണടച്ചിരുന്നാല്‍ മതിയെന്ന് പറഞ്ഞു. എനിക്ക് ആണെങ്കില്‍ രണ്ട് കയ്യും മുറുകെ പിടിച്ചിരിക്കാന്‍ പറ്റില്ല. കാരണം തലയില്‍ വിഗ്ഗ് വെച്ചിരിക്കുകയാണ്. ഒരു കൈ കാലിലും ഒരു കൈ വിഗ്ഗിലും പിടിച്ചാണ് ഞാനിരിക്കുന്നത്. തലയിലിരിക്കുന്ന സാധനം എങ്ങാനും പറന്ന് പോയാല്‍ തപ്പി എടുക്കാന്‍ പറ്റുവോ.

പിന്നെ ഒരു വിധത്തില്‍ അതിനകത്ത് നിന്നും ഞങ്ങള്‍ പുറത്തിറങ്ങി. വെളിയില്‍ വന്ന് നോക്കുമ്പോള്‍ കണ്ട കാഴ്ചയായിരുന്നു അതിലും രസം. തെസ്‌നി ഖാന്‍ തറയിലിങ്ങനെ വീണ് കിടക്കുകയാണ്. എനിക്ക് ഉമ്മച്ചിയെ കാണണെ എന്റെ ഉമ്മച്ചിയെ വിളിക്കോ എന്നൊക്കെയാണ് പറഞ്ഞുകൊണ്ടിരിന്നത്. പുള്ളിക്കാരി ആണെങ്കില്‍ തളര്‍ന്നുവീണു. അതോടെ ഞാന്‍ ആ സാധനത്തില്‍ കയറുന്ന പരിപാടി അവസാനിപ്പിച്ചു,’ ഷാജോണ്‍ പറഞ്ഞു.

content highlight: kalabhavan shajon about actress thesni khan