'ജനങ്ങളുടെ നികുതി പണം എടുത്ത് തീറ്റയ്ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്,' ഇവര്‍ക്ക് എന്തു സാമൂഹിക പ്രതിബന്ധതയാണുള്ളത്? കെ.എസ്.ആര്‍.ടി.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍
kERALA NEWS
'ജനങ്ങളുടെ നികുതി പണം എടുത്ത് തീറ്റയ്ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്,' ഇവര്‍ക്ക് എന്തു സാമൂഹിക പ്രതിബന്ധതയാണുള്ളത്? കെ.എസ്.ആര്‍.ടി.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍
ന്യൂസ് ഡെസ്‌ക്
Thursday, 5th March 2020, 9:36 am

തിരുവനന്തപുരം: കെ.എസ്.ആര്‍.ടിസി മിന്നല്‍ പണിമുടക്കിനിടെ ഗതാഗതക്കുരുക്കില്‍ പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകം പള്ളി സുരേന്ദ്രന്‍.

മിന്നല്‍ സമരത്തിനിടെ തളര്‍ന്നു വീണ് മരിച്ച സുരേന്ദ്രന്റെ വീട് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം.

“എന്തൊരു മര്യാദ കേടാണ് യഥാര്‍ത്ഥത്തില്‍ കാട്ടിയത്. സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നില്ല. സമരം ചെയ്യാന്‍ വേണ്ടി കിഴക്കേകോട്ട പോലെ ഒരു പ്രദേശത്ത് വാഹനങ്ങള്‍ തലങ്ങനെയും വിലങ്ങനെയും കൊണ്ടിട്ട് ഡ്രൈവര്‍മാര്‍ ഇറങ്ങിപ്പോയി. ആളുകളോട് യുദ്ധമാണ് യഥാര്‍ത്തില്‍ പ്രഖ്യാപിച്ചത്. ഈ കെ.എസ്.ആര്‍.ടിസിയെ നിലനിര്‍ത്തുന്നതിനു വേണ്ടി ജനങ്ങളുടെ നികുതി പണം എടുത്ത് തീറ്റയ്ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. അവര്‍ക്ക് എന്ത് സാമൂഹിക പ്രതിബന്ധതയാണ് ഉള്ളത്. ഇതിനെയാണ് യഥാര്‍ത്ഥത്തില്‍ അക്രമം എന്നു പറയേണ്ടത്. ഒരു കാരണവശാലും ഇതിനെ ന്യായീകരിക്കില്ല, മാത്രമല്ല ഇന്നലെ ഈ അക്രമം കാണിച്ചവര്‍ക്കെതിരെ നടപടി എടുക്കേണ്ടതുണ്ട്. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തന്നെ വേണം യാതൊരു സംശയവുമില്ല,” കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സംഭവത്തില്‍ തിരുവനന്തപുരം ജില്ലാകലക്ടര്‍ ഇന്ന് ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കാനിരിക്കെയാണ് കടകംപള്ളിയുടെ വിമര്‍ശനം. മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ആലോചനയുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുരേന്ദ്രന്റെ ആകസ്മികമായ മരണത്തിലൂടെ യഥാര്‍ത്ഥത്തില്‍ കുടുംബം അനാഥമായിരിക്കുകയാണ്. മൃതദേഹം തന്നെ കൊണ്ടു വരാന്‍ ഇടമില്ല എന്നവസ്ഥയാണെന്നും കടകം പള്ളി സുരേ്ന്ദ്രന്‍ പറഞ്ഞു.

ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ അഞ്ച് മണിക്കൂറോളമാണ് തലസ്ഥാനനഗരം സ്തംഭിച്ചത്. ഇതിനിടെ കുഴഞ്ഞു വീണാണ് സുരേന്ദ്രന്‍ എന്നയാള്‍ ് മരിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തലസ്ഥാനത്ത് റോഡ് ഗതാഗതം തടസപ്പെടുത്തി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ സമരത്തില്‍ ആറ് കേസുകള്‍ ആണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് നടപടി. സ്വകാര്യ ബസുടമകളുടെ പരാതിയിലും വാഹനഗതാഗതം തടസപ്പെടുത്തിയതിനും സമരക്കാര്‍ക്ക് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തമ്പാനൂര്‍, ഫോര്‍ട്ട് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.