ഖദീജയ്ക്കും കണ്‍മണിക്കും ഇടയില്‍ പെട്ട് റാംബോ; കാതു വാക്കുല രണ്ട് കാതല്‍ പ്രമോ
Film News
ഖദീജയ്ക്കും കണ്‍മണിക്കും ഇടയില്‍ പെട്ട് റാംബോ; കാതു വാക്കുല രണ്ട് കാതല്‍ പ്രമോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th April 2022, 6:31 pm

നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കാതു വാക്കുല രണ്ട് കാതലിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ത്രികോണ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനുമെല്ലാം വലിയ സ്വീകാര്യത ആണ് ലഭിച്ചത്.

ചിത്രത്തിലെ പ്രമോ വീഡിയോയും ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഒരേ സമയം ഖദീജ, കണ്‍മണി എന്നീ രണ്ട് യുവതികളോട് പ്രണയം തോന്നുന്ന റാംബോയെയും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് പ്രമോയില്‍ കാണിക്കുന്നത്.

ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. റാംബോ എന്ന കഥാപാത്രത്തെ വിജയ് സേതുപതി അവതരിപ്പിക്കുമ്പോള്‍ നയന്‍താര കണ്‍മണിയായും സാമന്ത ഖദീജയായുമാണ് ചിത്രത്തില്‍ എത്തുന്നത്.

ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് കാതു വാക്കില രണ്ടു കാതല്‍.

ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘നാന്‍ പിഴെ’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. വിഘ്നേഷ് ശിവന്‍ തന്നെ വരികളെഴുതിയ പാട്ടിന് അനിരുദ്ധ് രവിചന്ദ്രനാണ് ഈണമിട്ടിരിക്കുന്നത്. സാക്ഷ തിരുപതിയും രവി ജിയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വിഘ്നേഷ് ശിവന്റേത് തന്നെയാണ് കഥയും തിരക്കഥയും.

കലാ മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആര്‍. കതിര്‍, വിജയ് കാര്‍ത്തിക് കണ്ണന്‍ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്.

Content Highlight: Kaathu Vaakula Rendu Kadhal promo