Administrator
Administrator
തോരാത്ത മഴയിലെ ആദ്യപാഠം
Administrator
Tuesday 27th September 2011 9:16pm

ഭാഗം: എട്ട്

ഒരു പുരയിടത്തിന്റെ ഒത്ത നടുവിലായി രണ്ട് കമുകിന്റെ കഷണങ്ങള്‍ തൂണുകളായി നാട്ടിയിട്ടുണ്ട്. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വീതിയില്‍ വലിച്ചുകെട്ടിയ ഒരു മീന്‍വല. അതിനപ്പുറവും ഇപ്പുറവും ഓരോ കളം. ആറും ആറും പന്ത്രണ്ട് പേര്‍ നിറഞ്ഞുനില്‍ക്കുന്ന ആ കളത്തില്‍നിന്ന് ഒരു പ്ലാസ്റ്റിക് പന്ത് പറന്നുയരുമ്പോള്‍ നാടന്‍ വോളിബാള്‍ കോര്‍ട്ടായി ആ പുരയിടം മാറും. പന്തിന് മിഠായിപ്പന്ത് എന്ന് നാട്ടിലെ വിളിപ്പേര്. നാവിലിട്ടാല്‍ അലിഞ്ഞുപോകുന്ന പന്തിന്റെ ആകൃതിയിലുള്ള ഒരുതരം മിഠായിയില്‍ നിന്നായിരുന്നു ആ പേര് വന്നത്. മീന്‍വലയില്‍നിന്ന് മുറിച്ചെടുത്ത കഷണങ്ങള്‍ നെറ്റാകും. അത് വലിച്ചുകെട്ടുന്ന പോളുകളുടെ ജോലി ഏതെങ്കിലും പുരയിടത്തിലെ വീഴാറായ കമുകുകളിലായിരിക്കും.

ആ വൈകുന്നേരം വിയര്‍ത്തൊലിച്ച് കളിച്ചുതിമിര്‍ക്കുന്നതിനിടയിലായിരുന്നു മാനത്തൂന്നൊരു മഴമൊട്ട് പാറി നെറ്റിയില്‍ വന്നുവീണത്. കളിയില്‍നിന്ന് കണ്ണുയര്‍ത്തി നോക്കുമ്പോള്‍ കണ്ടു തെക്കുപടിഞ്ഞാറൂന്ന് കാറ്റിനൊപ്പം കേറിവരുന്ന കരിമേഘങ്ങള്‍.
അതൊരു സൂചനയായിരുന്നു. രണ്ടുമാസം നീണ്ട അവധിക്കാലം അവസാനിച്ചതിന്റെ സൂചന. നാളെ സ്‌കൂള്‍ തുറക്കുമെന്നും കളികള്‍ക്കെല്ലാം താല്‍ക്കാലികമായി ഇടവേളയായെന്നുമുള്ള മുന്നറിയിപ്പ്.

പിന്നെ തുള്ളികള്‍ അടര്‍ന്നുവീഴാന്‍ തുടങ്ങി. ആദ്യം ഒന്ന്… രണ്ട്… മൂന്ന്… പിന്നെപ്പിന്നെ എണ്ണത്തില്‍ തികയാതെ തുള്ളികള്‍ പെരുകിവന്നു. പുതുമണ്ണ് നനഞ്ഞ മണം മൂക്കിലേക്ക് തുളച്ചു കയറി. പക്ഷേ, കളിയുടെ ആവേശത്തെ അടക്കാന്‍ ആ പുതുമഴക്കാവുമായിരുന്നില്ല. മഴയില്‍ കന്നിന്‍കുട്ടികളെപ്പോലെ തുള്ളിച്ചാടിക്കൊണ്ടിരിക്കെ മഴക്കും ഭ്രാന്തായി. കോര്‍ട്ട് കവിഞ്ഞൊഴുകി. ആദ്യ മഴയായതിനാല്‍ വെള്ളം മണ്ണിലേക്കിറങ്ങിപ്പോകാന്‍ മടിച്ചുനിന്നു.

‘പുതുമഴ നനയാണ്ട് കേറിപ്പോ പിള്ളേരേ… പനി പിടിക്കും’

സര്‍പ്പക്കളത്തില്‍ പൂക്കുലയുമായി ഉറഞ്ഞുതുള്ളുന്ന പെണ്ണുങ്ങളെ ഓരോ തെങ്ങും കവുങ്ങും ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു

ആരോ മുതിര്‍ന്നവര്‍ പറഞ്ഞുനോക്കി. ആരും അതനുസരിക്കില്ലെന്ന് പറഞ്ഞവര്‍ക്കും ഉറപ്പുണ്ടായിരുന്നു. എങ്കിലും ഒരു നാട്ടുനടപ്പെന്ന പോലെ അങ്ങനെ പറഞ്ഞ് അവര്‍ അവരുടെ പാടുനോക്കി പോയി.

വീട്ടുമുറ്റങ്ങളില്‍ പെണ്ണുങ്ങള്‍ പരക്കം പായുന്നതു കാണാമായിരുന്നു. ഉണക്കാനിട്ട വിറക് അടുക്കളക്കകത്താക്കാന്‍ സഹായത്തിനായി അവര്‍ കുട്ടികളെ വിളിച്ചു. പറമ്പില്‍ കെട്ടിയ പശുവിനെ തൊഴുത്തില്‍ കെട്ടാന്‍ ചില പെണ്ണുങ്ങള്‍ തത്രപ്പെടുന്നുണ്ടായിരുന്നു. ചില അനുസരണശീലക്കാര്‍ കളി മതിയാക്കി വീടുകളിലേക്ക് ഓടിപ്പോയി. കളി മതിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോള്‍ വഴിയരികിലൂടെ കറുത്ത കാലന്‍കുടകള്‍ ചൂടിയ ചില പ്രായമായവര്‍ നടന്നുവരുന്നതുകണ്ടു. പിന്നെ വഴിയരികിലെല്ലാം കുടകള്‍. ആദ്യമഴ വീഴുന്ന മാത്രയില്‍തന്നെ ഇത്രയും കുടകള്‍ നിവരുന്നതെങ്ങനെയെന്നത് ഇപ്പോഴും അതിശയിപ്പിക്കുന്ന കാര്യം. മഴ വരുന്നതിനും മുന്നോടിയായി പഴയ കുടകളെല്ലാം കേടുതീര്‍ത്ത് കാത്തുവെച്ചിരുന്നിരിക്കണം.

നോക്കിനില്‍ക്കെ മഴ തകര്‍ത്തുപെയ്തുകൊണ്ടിരുന്നു. വീടിനടുത്തും വഴിയരികിലുമെല്ലാമുള്ള തോടുകള്‍ നിമിഷനേരം കൊണ്ട് നിറഞ്ഞുവന്നു. വീടിന്റെ വരാന്തയില്‍നിന്ന് പുറത്തേക്ക് നോക്കുമ്പോള്‍ മുടിയഴിച്ചിട്ടപോലെ മരങ്ങള്‍ ആടിയുലയുന്നു. സര്‍പ്പക്കളത്തില്‍ പൂക്കുലയുമായി ഉറഞ്ഞുതുള്ളുന്ന പെണ്ണുങ്ങളെ ഓരോ തെങ്ങും കവുങ്ങും ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. ആ മുടിയാട്ടത്തില്‍ ചിലതൊക്കെ നിലം പൊത്തി. മാങ്ങക്കാലം കഴിഞ്ഞിട്ടും പൊഴിഞ്ഞുപോവാതെ മാവില്‍ അള്ളിപ്പിടിച്ചുകിടന്ന മാങ്ങകള്‍ ആ കാറ്റില്‍ നിലംപതിച്ചിട്ടുണ്ടാവണം. അതുപോയി പെറുക്കിയെടുക്കണമെന്നുണ്ട്. പക്ഷേ, കാറ്റില്‍ വീടുവിട്ടുപോകാന്‍ പേടിതോന്നി.

അതിനിടയില്‍ എപ്പോഴോ കറന്റും പോയി. നേരം ഇരുട്ടുന്നതിന് മുമ്പുതന്നെ മഴക്കാറുകൊണ്ട് സന്ധ്യയായപോലെ. മഴ അപ്പോഴും വീറോടെ പെയ്യുന്നു. രാത്രിയിലും മഴ തോരാതെ പെയ്യുകയായിരുന്നു. പല വീടുകളും ആ മഴപ്പാച്ചിലില്‍ ചോര്‍ന്നൊലിക്കുന്നുണ്ടാവണം. അക്കാലത്ത് നാട്ടില്‍ കോണ്‍ക്രീറ്റ് വീടുകളേ ഉണ്ടായിരുന്നില്ല. ഓടിട്ട വീടുകള്‍ തന്നെ അപൂര്‍വം. കെട്ടിമേയാന്‍ കെല്‍പില്ലാത്ത വീടുകള്‍ക്കകത്തും അപ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. ഓലപ്പഴുതിലൂടെ ഊര്‍ന്നിറങ്ങുന്ന മഴവെള്ളം പാത്രങ്ങളില്‍ ശേഖരിച്ച് ഊഴമിട്ട് പുറത്തുകളയല്‍ കുട്ടികള്‍ക്ക് കല്‍പിക്കപ്പെട്ട ജോലിയായിരുന്നു.

ka saifudeen ormakalude album

രണ്ടുമാസത്തെ അവധിക്കുശേഷം നാളെ സ്‌കൂള്‍ തുറക്കും. എന്തൊക്കെ ഒരുക്കണം?

പുതുമ മണക്കുന്ന പുസ്തകങ്ങള്‍ ഒരുവട്ടം കൂടി എടുത്തു മണത്തുനോക്കി പല കൂട്ടുകാരും. പുത്തന്‍ കോടിയുടെയും പുതു പുസ്തകത്തിന്റെയും നോട്ട്ബുക്കിന്റെയും പുതിയ കുടയുടെയുമൊക്കെ ഉടമകളായി പള്ളിക്കൂടത്തിലേക്ക് പോകാന്‍ എല്ലാര്‍ക്കും ഭാഗ്യം ഉണ്ടാവില്ലായിരുന്നു ആ കാലത്ത്. കഴിഞ്ഞവര്‍ഷം പഠിച്ചവരുടെ പാഠപുസ്തകങ്ങള്‍ കടം വാങ്ങിവെച്ചിട്ടുണ്ട് പലരും. പുറംതാളുകള്‍ കീറിയടര്‍ന്ന ആ പുസ്തകങ്ങളെ അവര്‍ പുതിയ കടലാസ് പുതപ്പിച്ചുവെച്ചു. കഴിഞ്ഞവര്‍ഷത്തെ കുപ്പായം കഞ്ഞിപിഴിഞ്ഞ്, ചിരട്ടക്കരിയിട്ട് കത്തിച്ച ഇസ്തിരിപ്പെട്ടിയില്‍ ചുളിവുനിവര്‍ത്തിവെച്ചു. നാളത്തെ രാവിലെ ആവുന്നത്ര പുതുമ നിറച്ചുവേണം സ്‌കൂളിലേക്കുള്ള വഴിയിലിറങ്ങാന്‍.

ചിലരുടെ കൈയില്‍ പഴയ നോട്ട് ബുക്കിന്റെ എഴുതിനിറക്കാത്ത പേജുകള്‍ തുന്നിക്കൂട്ടിയ ബുക്കായിരിക്കും ഉണ്ടാവുക. റേഷന്‍ കടയില്‍നിന്ന് കിട്ടുന്ന ചീട്ടിത്തുണി കൊണ്ട് നിക്കര്‍ തുന്നിക്കിട്ടാന്‍ തയ്യല്‍ക്കാരന്റെ കടയില്‍ രാത്രി വൈകിയും കാവല്‍ കിടന്നു ചിലരൊക്കെ.

പലതും സ്വന്തമായി വാങ്ങിയിട്ടും ഒരു കുട സ്വന്തമാക്കാന്‍ ആ പഴയ അനുഭവപാഠങ്ങള്‍ ഇപ്പോഴും അനുവദിക്കുന്നില്ല

രാത്രി പുതുമഴ നിര്‍ത്താതെ പെയ്യുമ്പോള്‍ ടോര്‍ച്ചും പെട്രോമാക്‌സുമൊക്കെയായി മീന്‍ പിടിക്കാനിറങ്ങിയവരെ ജനാലയിലൂടെ കാണാമായിരുന്നു. അതുവരെ മണ്ണിനടിയിലെവിടെയോ കിടന്ന മീനുകള്‍ പുതുമഴയുടെ താളത്തില്‍ തുള്ളിച്ചാടി വന്നതായിരിക്കണം. അവയെല്ലാം ആ രാത്രിയില്‍തന്നെ തീന്‍മേശകളില്‍ എണ്ണയും മുളകും മസാലയുമേറ്റ് പൊരിഞ്ഞുകിടന്നു.

അതിരാവിലെ എഴുന്നേല്‍ക്കുമ്പോഴും മഴ തോരില്ലെന്ന വാശിയില്‍ പെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. ഇന്നലെവരെ ചുട്ടുപഴുത്തുനിന്ന വീടിനകവും പുറവും ഒറ്റ മഴയില്‍ നനഞ്ഞു വിറച്ചു. പള്ളിക്കൂടത്തിലേക്കുള്ള വഴിയില്‍ കാലെടുത്തു കുത്തുമ്പോള്‍ മഴ അല്‍പമൊന്ന് ശമിച്ചെന്ന് തോന്നി. കൂട്ടുകാരന്റെ വലിയ കുടയില്‍ ഒരു ‘ലിഫ്റ്റ്’ ചോദിച്ചു. അല്‍പം നടന്നതേയുള്ളൂ വീണ്ടും കനംവെച്ച് മഴ. വീട്ടില്‍നിന്ന് ഒരിക്കലും കുട തന്നുവിടില്ലായിരുന്നു അന്നും ഇന്നും. മഴ മാറിനില്‍ക്കുന്ന ഇടനേരത്ത് കുട കൃത്യമായി എവിടെയെങ്കിലും വെച്ച് മറന്നുപോകുമെന്നതുറപ്പായിരുന്നു. പലതും സ്വന്തമായി വാങ്ങിയിട്ടും ഒരു കുട സ്വന്തമാക്കാന്‍ ആ പഴയ അനുഭവപാഠങ്ങള്‍ ഇപ്പോഴും അനുവദിക്കുന്നില്ല.

പള്ളിക്കൂടത്തിലേക്കുള്ള ഇടവഴിയുടെ ഓരം ചേര്‍ന്നൊഴുകുന്ന പുഴ അപ്പോള്‍ കലങ്ങിമറിഞ്ഞിട്ടുണ്ട്. കിഴക്കന്‍മലയില്‍ നിന്ന് ചുവന്നുകലങ്ങിയാണ് അത് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഒഴുക്കിനെതിരെ മത്സരിക്കാനാവാതെ ചിറകു കുഴയുന്ന താറാവുകള്‍ പിന്നെ ഒഴുക്കിന്റെ കൈകളില്‍ അഴിമുഖം നോക്കി ഒഴുകിപ്പോകുന്നു. മരക്കൊമ്പുകളും കാട്ടുമരങ്ങളുംവരെ ആ ഒഴുക്കില്‍ കൂലംകുത്തി വരും. വിരല്‍വെച്ചാല്‍ മുറിയുന്ന ആ ഒഴുക്കിലും ചിലര്‍ നീന്തിച്ചെന്ന് മരങ്ങള്‍ കരക്കടുപ്പിക്കും. കലങ്ങിപ്പായുന്ന പുഴക്കു മുകളില്‍ മഴ കുടവിരിച്ച് നില്‍ക്കുന്നത് കാണാന്‍ നല്ല രസമാണ്. അതിലേറെ രസമാണ് മഴ പെയ്യുമ്പോള്‍ പുഴയില്‍ മുങ്ങിക്കിടക്കാന്‍.

ഒരുവിധം സ്‌കൂളിലെത്തുമ്പോഴേക്കും മഴയില്‍ പുതുവസ്ത്രങ്ങള്‍ എല്ലാം നനഞ്ഞുകുതിര്‍ന്നിട്ടുണ്ടാവും. ആദ്യദിവസം എല്ലാവരും വന്നിട്ടുണ്ടോ എന്ന് എണ്ണമെടുക്കലേയുള്ളൂ. ഏഴില്‍നിന്ന് എട്ടിലെത്തുമ്പോള്‍ പുതിയ സ്‌കൂളിലെ പുതിയ ക്ലാസ് കണ്ടെത്താന്‍ ഇത്തിരി പാടുപെടേണ്ടിവരും. ആട്ടിന്‍പറ്റങ്ങളെ തെളിച്ചുകൊണ്ടുപോകുന്നപോലെ ഏതോ ടീച്ചറുടെ പിന്നാലെ ക്ലാസ്മുറി തേടി നടക്കണം.

ആദ്യദിവസങ്ങളില്‍ എല്ലാവരെയും പേര് വിളിക്കും. പിന്നെ എല്ലാവരും നമ്പറുകളില്‍ അറിയപ്പെടും. ക്ലാസ് മുറിയിലിരുന്ന് നോക്കുമ്പോള്‍ കലിയിളകിയാടുന്ന കാറ്റില്‍ കിഴക്കോട്ട് പറന്നുപോകുന്ന ഒരു തെങ്ങോല കാണാമായിരുന്നു. കമ്പികളില്‍ കെട്ടിനിര്‍ത്തിയ തെങ്ങുകള്‍ പലതും കെട്ടുപൊട്ടിച്ച് നിലത്തു വീണു.
ഉച്ചവരെയുള്ള ആദ്യദിവസ ക്ലാസ് കഴിഞ്ഞുമടങ്ങുമ്പോള്‍ എതിരെ പശുവും കോഴിയും പാത്രങ്ങളും വീട്ടുസാമാനങ്ങളുമൊക്കെയായി നനഞ്ഞൊലിച്ച് കുറേപ്പേര്‍ വരുന്നു. മഴക്കെടുതിയില്‍ വീടു വീണവരും വെള്ളം പൊങ്ങി വീടു മുങ്ങിയവരുമാണവര്‍. മഴ നനയാതെ കിടന്നുറങ്ങാന്‍ അവര്‍ ഞങ്ങളുടെ ക്ലാസ് മുറികള്‍ തേടി പോവുകയാണ്. ഇനി ഞങ്ങളുടെ പള്ളിക്കൂടം അഭയാര്‍ഥി ക്യാമ്പായി മാറും. ഏഴെട്ടു നാള്‍ അങ്ങനെ ക്ലാസുമുണ്ടാവില്ല.

നിറഞ്ഞു കവിഞ്ഞ് കുട്ടികളെക്കൊണ്ട് ശ്വാസംമുട്ടി കിടന്നിരുന്ന ആ പഴയ പള്ളിക്കൂടം ഇപ്പോഴുമുണ്ട്. അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ കുട്ടികളെ റാഞ്ചിക്കൊണ്ടുപോയതിനാല്‍ മെലിഞ്ഞുപോയ ഞങ്ങളുടെ പാവം പള്ളിക്കൂടം.

കടപ്പാട്: മാധ്യമം വെളിച്ചം

വര: മജ്‌നി

സൈക്കിള്‍ കാലം (ഓര്‍മകളുടെ ആല്‍ബം ഭാഗം ഒന്ന്‌)

അവധിക്കൊട്ടക ( ഓര്‍മകളുടെ ആല്‍ബം ഭാഗം: രണ്ട്)

ഒരു വോട്ടുകാലത്തിന്റെ ഓര്‍മ ( ഓര്‍മകളുടെ ആല്‍ബം ഭാഗം: മൂന്ന്)

സായിപ്പേ! തോട്ട്മീന്‍ കൂട്ടുമോ? ( ഓര്‍മകളുടെ ആല്‍ബം ഭാഗം: നാല്‌)

ചൂണ്ടമുനയില്‍ വെച്ച മനസ്സ് ( ഓര്‍മകളുടെ ആല്‍ബം ഭാഗം: അഞ്ച്)

എത്ര മധുരമാ മാമ്പഴക്കാലം… ( ഓര്‍മകളുടെ ആല്‍ബം ഭാഗം:ആറ്‌ )

കൊടിയിറങ്ങാത്ത ഓര്‍മപ്പൂരങ്ങള്‍ ( ഓര്‍മകളുടെ ആല്‍ബം ഭാഗം:ഏഴ്‌ )

Advertisement