Administrator
Administrator
സായിപ്പേ! തോട്ട്മീന്‍ കൂട്ടുമോ?
Administrator
Tuesday 28th June 2011 7:48pm

പ്യൂപ്പ / കെ.എ സൈഫുദ്ദീന്‍


”ഒന്ന്.., രണ്ട്.., മൂന്ന്..” പുഴക്കരയിലിരുന്ന് ഏഴ് വയസ്സുകാരന്‍ എണ്ണം പിടിക്കുന്നു. ”… തൊണ്ണൂറ്റെട്ട്…, തൊണ്ണൂറ്റൊമ്പത്…, നൂറേ….”

അപ്പോഴേക്കും പുഴയുടെ അടിയില്‍നിന്ന് ശ്വാസംകിട്ടാതെ പിടയുന്ന ചില തലകള്‍ പൊങ്ങിവരും. എണ്ണം നൂറു കടന്നിട്ടും ചില തലകള്‍ പുറത്തേക്ക് വരുകയേയില്ല. ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെടുന്ന തലക്കാരനെ വിജയിയായി പ്രഖ്യാപിക്കും. മീന്‍ പിടയ്ക്കുന്നപോലെ ഒടുവിലായിരിക്കും ആ തല വെപ്രാളപ്പെട്ട് പൊന്തിവരുക.

അവധിക്കാലത്തിന്റെ ഓര്‍മകളിലൂടെ ഒഴുകുന്ന പുഴയില്‍ ഈ തലകള്‍ ഇപ്പോഴും ഉയര്‍ന്നുപൊങ്ങുന്നു. മലമടിയില്‍നിന്ന് ഒഴുകി ഇറങ്ങുമ്പോഴുള്ള വേഗം ആ പുഴയ്ക്കില്ല. കടലില്‍ ചേരുന്നതിന് കുറച്ചുമുമ്പുള്ള ഒരു ശാന്തമായ ഒഴുക്ക്. മഴക്കാലമായാലേ പുഴ ഭ്രാന്തുപിടിച്ച് കടലിലേക്ക് ഓടിപ്പോകാറുള്ളൂ. ആ പോക്കില്‍ അത് എല്ലാം തച്ചുതകര്‍ക്കും. വേനലില്‍ അത് വേഗം കുറഞ്ഞൊഴുകും.

ചുട്ടുപൊള്ളുന്ന വേനലില്‍ പുഴ വലിയ ആശ്വാസമാണ്. തണുത്ത വെള്ളത്തില്‍ എത്രനേരം അതില്‍ മുങ്ങിക്കിടന്നാലും കൊതിതീരില്ല. പ്രായമായവരും കുട്ടികളുമെല്ലാം പുഴവെള്ളത്തിന്റെ തൊട്ടുതടവലേറ്റ് എത്രനേരം വേണമെങ്കിലും കിടക്കും.

പള്ളിക്കൂടമുള്ള ദിവസങ്ങളില്‍ പേരിനൊന്ന് പുഴയില്‍ മുങ്ങിനിവരാനേ അനുവാദമുള്ളൂ. വീട്ടുകാരുടെ വിലക്ക് മറന്ന് കുറച്ചുനേരംകൂടി മുങ്ങിക്കളിച്ചാല്‍ ക്ലാസ് തുടങ്ങിക്കഴിഞ്ഞാവും സ്‌കൂള്‍ മുറ്റത്തെത്തുക. അതിനുള്ള മറുപടി ചൂരല്‍പ്പാടുകളായി തുടയില്‍ പതിയും.

സ്‌കൂളിലേക്കുള്ള വഴിയിലും പുഴയെ കാണാം. ക്ലാസിലിരുന്നാലും കാണാം. എത്ര കണ്ടാലും അതിനോടുള്ള കൊതി മിഠായിയോടുള്ള ഇഷ്ടത്തെക്കാള്‍ കടുത്തതായിരിക്കും. എന്നിട്ടും എല്ലാവരും പുഴയില്‍നിന്ന് കുട്ടികളെ വിലക്കിക്കൊണ്ടിരുന്നു.

ഒരു വിലക്കുകളുമില്ലാത്ത നീരാട്ടിന് അനുവാദമുള്ളത് അവധിക്കാലത്ത് മാത്രമാണ്. രാവിലെ പുഴയിലിറങ്ങിയാല്‍ ഉച്ചഭക്ഷണംപോലും മറന്ന് നീരാട്ടുതന്നെയായിരിക്കും. കണ്ണുകള്‍ ചുവന്ന് ഉപ്പന്റേത് (ചെമ്പോത്ത്) പോലെയായാലും കയറിപ്പോരാന്‍ മടിയായിരിക്കും.

വെള്ളത്തില്‍ പലതരം കളികളുമുണ്ട്. പുഴനീളത്തിലേക്ക് വലിച്ചെറിഞ്ഞ പന്ത് നീന്തിച്ചെന്ന് എടുക്കലാണ് ഒരു മത്സരം. മുങ്ങാംകുഴിയിട്ടുചെന്ന് ചിലര്‍ ചെറിയ കുട്ടികളെ പേടിപ്പിക്കും.

ka saifudeen ormakalude album

അപ്പോഴാകും പുഴ അടിമുടി കുലുക്കി യാത്രക്കാരുമായി നീളമുള്ള ബോട്ടുകള്‍ കടന്നുവരുക. മിക്ക ബോട്ടിന്റെയും മുകള്‍ത്തട്ടിലിരുന്ന് സായിപ്പുമാരും മദാമ്മമാരും കാഴ്ചകള്‍ ആസ്വദിക്കുന്നുണ്ടാവും. ബോട്ട് തീര്‍ക്കുന്ന ഓളങ്ങള്‍ മുറിച്ചുകടന്ന് ചിലര്‍ അതിനുനേര്‍ക്ക് നീന്തിച്ചെല്ലും. അവരോട് പേനക്കായി കെഞ്ചും. ആര്‍ക്കും പേന കിട്ടിയിട്ടില്ല. എങ്കിലും അവരെ കാണുമ്പോള്‍ പേന ചോദിക്കല്‍ നിര്‍ത്താറില്ല. ചില സായിപ്പുമാര്‍ ആ കാഴ്ച കാമറയില്‍ പകര്‍ത്തും. അവരെ കാണുമ്പോള്‍ കുട്ടികള്‍ പതിവായി വിളിച്ചുകൂവിയിരുന്ന ഒരു വാചകമുണ്ട്. ”സായിപ്പേ! തോട്ട്മീന്‍ കൂട്ടുമോ?” ഭാഷ അറിയില്ലെങ്കിലും അവര്‍ ചിരിക്കും.

അതിനിടയില്‍ കക്കവാരലും നടക്കും. പുഴയുടെ മടിത്തട്ടിലെ ചേറില്‍ പുതഞ്ഞുകിടക്കുന്ന കക്കകള്‍ വാരിയെടുത്ത് ഉടുത്തിരിക്കുന്ന വീതിയുള്ള തോര്‍ത്തില്‍ ശേഖരിക്കും. ഭാരംകൂടുമ്പോള്‍ കരയില്‍വെച്ചിരിക്കുന്ന പാത്രത്തില്‍ കൊണ്ടുവന്നിടും. നീരാട്ടുകഴിയുമ്പോള്‍ കക്കപ്പാത്രവും നിറഞ്ഞിട്ടുണ്ടാവും.

വള്ളം മറിഞ്ഞ് അപകടമുണ്ടായിട്ടും ഒരു കുട്ടിപോലും മുങ്ങിമരിച്ചില്ല

സംഘത്തിലെ ഓരോരുത്തര്‍ക്കും ഓരോ ദിവസം ഈ കക്കപ്പാത്രം കിട്ടും. വൈകീട്ട് അവന്റെ വീട്ടില്‍ചെന്നാല്‍ കക്കയിറച്ചി കറിവെച്ചതും കപ്പയും കിട്ടും. ഓലമേഞ്ഞ ആ കുടിലുകളുടെ മുറ്റത്ത് വാഴയിലയില്‍ വിളമ്പിയ വെന്ത കപ്പക്കും കക്കയിറച്ചിക്കും ഒപ്പംനില്‍ക്കുന്ന രുചി പിന്നീട് അധികം കഴിച്ചതായി ഓര്‍മിക്കുന്നില്ല.

നീന്താന്‍ അറിയില്ല എന്നത് അന്ന് ഞങ്ങള്‍ക്കിടയില്‍ ഒരു നാണക്കേടായിരുന്നു. അവനെ/അവളെ കളിയാക്കിക്കൊല്ലും. സ്‌കൂളിലേക്ക് അക്കരെ കടന്ന് കുട്ടികള്‍ വന്നിരുന്നത് കടത്തുവള്ളത്തിലായിരുന്നു. വള്ളം മറിഞ്ഞ് അപകടമുണ്ടായിട്ടും ഒരു കുട്ടിപോലും മുങ്ങിമരിച്ചില്ല. ഒരു പുഴ വീതിയില്‍ നീന്തുന്ന കുട്ടികളെ ഒരു തോണിയപകടവും തോല്‍പ്പിച്ചില്ല.

വീണ്ടും ആ പുഴയോരത്തുകൂടി നടക്കുമ്പോള്‍ കുളിക്കടവുകള്‍ മിക്കതും ഇല്ലാതായിരിക്കുന്നു. വീട്ടിനകത്തെ കുളിമുറിയില്‍ കുളിച്ചുതുവര്‍ത്തിയാണ് കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളിലേക്ക് പോകുന്നത്. കക്കയിറച്ചി കാശുകൊടുത്ത് വാങ്ങി കഴിക്കുന്നു പുഴയോരത്തുള്ളവര്‍പോലും. ഇപ്പോഴും ആ പുഴ കാണുമ്പോള്‍ വീണ്ടും അതില്‍ മുങ്ങിക്കിടക്കാന്‍ കൊതി തോന്നിപ്പോകുന്നു.

വര: മജിനി

സൈക്കിള്‍ കാലം (ഓര്‍മകളുടെ ആല്‍ബം ഭാഗം ഒന്ന്‌)

അവധിക്കൊട്ടക ( ഓര്‍മകളുടെ ആല്‍ബം ഭാഗം: രണ്ട്)

ഒരു വോട്ടുകാലത്തിന്റെ ഓര്‍മ ( ഓര്‍മകളുടെ ആല്‍ബം ഭാഗം: മൂന്ന്)


കടപ്പാട്: മാധ്യമം വെളിച്ചം

Advertisement