Administrator
Administrator
ചൂണ്ടമുനയില്‍ വെച്ച മനസ്സ്
Administrator
Saturday 9th July 2011 5:40pm

ka saifudeen ormakalude album

വൈകുന്നേരം കുട്ടികളുമായി മടങ്ങിപ്പോകാനുള്ള സ്‌കൂള്‍ ബസിന്റെ ഹോണ്‍ മുഴങ്ങുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ ആ കുട്ടി ചെറിയ മീനുകളെ വാട്ടര്‍ ബോട്ടിലില്‍ ആക്കിക്കൊണ്ടിരുന്നു. അതീവ ശ്രദ്ധയോടെ മീനുകളെ പിടിച്ചുകൊണ്ടിരുന്ന കുട്ടി ചുറ്റിനും നടക്കുന്നതൊന്നും അറിയുന്നേയില്ല. ഒടുവില്‍ ക്ഷമകെട്ട ബസ് െ്രെഡവര്‍ അവന്റെ ചെവിക്കുപിടിച്ച് സ്‌കൂള്‍ ബസിലേക്ക് കൊണ്ടുപോകുന്നു. അപ്പോഴും മീനുകളുമായി സ്വകാര്യസംഭാഷണം നടത്തുന്ന മറ്റൊരു ലോകത്തായിരുന്നു ഇശാന്ത് നന്ദകിശോര്‍ എന്ന ആ കുട്ടി.

ആമിര്‍ ഖാന്‍ സംവിധാനം ചെയ്ത ‘താരേ സമീന്‍ പര്‍’ എന്ന സിനിമ തുടങ്ങുന്നത് ഈ ദൃശ്യത്തോടെയാണ്. പഠനത്തില്‍ താല്‍പര്യമില്ലെങ്കിലും ഇശാന്ത് ചിത്രം വരക്കാനും മീന്‍ വളര്‍ത്താനുമൊക്കെ തല്‍പരനാണ്. അത് ചെയ്യുമ്പോള്‍ അവന്‍ ഈ ലോകത്തെ മറന്നിരുന്നു.

ക്ലാസില്‍ ശ്രദ്ധയുറക്കാത്തവരും പഠിക്കാന്‍ പുസ്തകം തുറന്നാല്‍ അതില്‍നിന്ന് പറന്ന് മനസ്സ് ദൂരേക്ക് ദൂരേക്ക് പറന്നുപോകുന്നവരുമായ കുട്ടികളായിരുന്നു ഞങ്ങളും. പക്ഷേ, ആകാശം തലയില്‍ ഇടിഞ്ഞുവീണാലും അച്ഛനമ്മമാര്‍ നീട്ടിവിളിച്ചാലും അതൊന്നുമറിയാതെ ഒരേയൊരു ബിന്ദുവിലേക്ക് അവര്‍ എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നത് അവധിക്കാലത്തായിരുന്നു.

തോട്ടിലേക്കോ പുഴയിലേക്കോ നീട്ടിയെറിഞ്ഞ ചൂണ്ടയില്‍ മീന്‍ കൊത്തുന്നതും കാത്ത് എത്രനേരം വേണമെങ്കിലും ഉലകം മറന്നിരിക്കും. മീന്‍ കൊത്തിയതിന്റെ നേരിയ സൂചനപോലും ഒരു നിമിഷത്തിന്റെ അശ്രദ്ധയില്‍ കൈവിട്ടുപോകാതിരിക്കാന്‍ കണ്ണും കാതും മനസ്സുമെല്ലാം ചൂണ്ടത്തുമ്പില്‍ കോര്‍ത്ത് കാത്തിരിക്കും.

ചൂണ്ട രണ്ടുതരമുണ്ട്. ഇല്ലിച്ചൂണ്ടയും ഏറ്ചൂണ്ടയും. ചൂണ്ട തയാറാക്കാന്‍ എല്ലാര്‍ക്കുമറിയില്ല. അതിന് ചില വിദഗ്ധന്മാരുണ്ട്. അധികം കനമില്ലാത്ത നേര്‍ത്ത എന്നാല്‍, ഒടിയാനിടയില്ലാത്ത ഇല്ലിമുള ചെത്തി മിനുക്കിയെടുക്കണം. അതിന്റെ അറ്റത്ത് ചൂണ്ടനാര് കെട്ടും. ഒരു ചൂണ്ട നാരിന് പത്ത് പൈസ. രണ്ട് നാര് വേണം ഒരു ചൂണ്ടക്ക്. ഏറ്റവും അറ്റത്തായി ‘്യ’ ആകൃതിയിലെ ചൂണ്ട ഉറപ്പിക്കും. അതിന് പിന്നെയുമൊരു പത്തുപൈസ. നേരേ താഴേക്ക് തൂങ്ങിക്കിടക്കുന്ന രീതിയില്‍ വേണം ചൂണ്ടയുറപ്പിക്കാന്‍. അല്ലെങ്കില്‍ കെണിയാണെന്ന് മനസ്സിലാക്കി മീനുകള്‍ അടുക്കില്ല. ചൂണ്ടക്കും ഇല്ലിക്കോലിനുമിടയില്‍ ഉണങ്ങിയ നേരിയ ഒരു കമ്പ് കഷണം ഉറപ്പിക്കും. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഇതിന് ‘പൊങ്ങ്’ എന്ന് പേര്. ഇതാണ് മീന്‍ കൊത്തിയാല്‍ സൂചന തരുന്ന റഡാര്‍. വരാല്‍, മുഷി, ചെമ്പല്ലി, കരിമീന്‍ തുടങ്ങിയ മീനുകളെ പിടിക്കാന്‍ ഇല്ലിച്ചൂണ്ടയേ പറ്റൂ.

ഏറ് ചൂണ്ടയുടെ നാരിന് നീളം കൂടും. ‘ഗാര്‍വെയര്‍’ എന്ന കമ്പനി ഇറക്കിയിരുന്ന 25 മീറ്റര്‍ നീളമുള്ള ആ നാരിന് രണ്ടും മൂന്നും രൂപയാണ് വില. അതിന്റെ അറ്റത്ത് പല ദിശകളിലേക്കായി നാലോ അഞ്ചോ ചൂണ്ടകള്‍ ഉറപ്പിക്കാം. ഈയക്കട്ടികളോ സൈക്കിളിന്റെ നട്ടോ കൂട്ടിക്കെട്ടിയാണ് ഏറ് ചൂണ്ട തയാറാക്കുന്നത്. വാള, കൂരി, മാലാന്‍ തുടങ്ങിയ മീനുകള്‍ക്ക് ഏറ് ചൂണ്ടയേ പറ്റൂ. ഏറ് ചൂണ്ട കടലിലോ പുഴയിലോ മാത്രമേ ഉപയോഗിക്കൂ. തോടുകളില്‍ ഇല്ലിച്ചൂണ്ട മാത്രം.

പല മീനുകള്‍ക്കും പലതരം ചൂണ്ടകളുണ്ട്. വരാലിനെ പിടിക്കാന്‍ അല്‍പം വലുത്. കരിമീനിന് അതിലും ചെറുത്. കരിമീനിന്റെ കുഞ്ഞുങ്ങള്‍ക്ക് തീരെ ചെറിയത് (പള്ളത്തിച്ചൂണ്ട). ഏറ് ചൂണ്ടയാണ് ഏറ്റവും വലുത്. ഓരോ മീനിനെ പിടിക്കാനും രീതികള്‍ വേറേ. പൊതുവേ മണ്ണിര ഉപയോഗിക്കും. പക്ഷേ, വരാല്‍ അതില്‍ പിടിക്കില്ല. വിരിഞ്ഞിറങ്ങിയ ചുവന്ന കുഞ്ഞുങ്ങള്‍ മഴ പെയ്യുന്നപോലെ തുള്ളിച്ചാടി നടക്കുമ്പോള്‍ അതിനടുത്തുണ്ടാവും അതിന്റെ അമ്മയും ഇണയും. പൂഞ്ഞാന്‍ പോലുള്ള ചെറിയ മീനിനെയോ തവളയെയോ പിടിച്ച് ചൂണ്ടയില്‍ കോര്‍ത്ത് ഇട്ടുകൊടുത്താല്‍ കുഞ്ഞുങ്ങളെ തിന്നാന്‍ വന്ന ശത്രുവാണെന്ന് കരുതി ചതി അറിയാതെ തള്ളവരാല്‍ ചൂണ്ടയില്‍ കൊത്തും. ആഞ്ഞൊരു വെട്ടിവലി. അതോടെ കഴിഞ്ഞു കഥ. ചെകിളയില്‍ ഉടക്കിയ ചൂണ്ടയില്‍ കോര്‍ത്ത് കരയില്‍ വന്നുവീഴും മീന്‍. കരിമീനിനെ ചൂണ്ടയില്‍ കോര്‍ക്കുന്നതും ഇങ്ങനെത്തന്നെ.

കാരി, ചെമ്പല്ലി, തിലോപ്പിയ തുടങ്ങിയവക്ക് മണ്ണിര മതി ഇരയായി. ചൂണ്ടയില്‍ കൊത്തിയാല്‍ വെട്ടിവലിക്കാന്‍ അല്‍പം സാമര്‍ഥ്യവും ശ്രദ്ധയും വേണം. ഇല്ലെങ്കില്‍ മീന്‍ രക്ഷപ്പെടും. ഒരിക്കല്‍ മീന്‍ രക്ഷപ്പെട്ടാല്‍ അതേ ഇടത്തില്‍നിന്ന് മറ്റ് മീനുകള്‍ കുടുങ്ങാനുള്ള സാധ്യത കുറയും. മണ്ണിരക്ക് പുറമേ പൊടി ചെമ്മീന്‍ ചുട്ടതോ കപ്പ അരച്ച് ചുട്ടതോ ഇരയായി ഉപയോഗിക്കാം.

എത്ര പഠിക്കാന്‍ മോശമായവനും ഈ മീന്‍ പിടിക്കല്‍ കലയില്‍ അഗ്രഗണ്യനായിരിക്കും. അപ്പോള്‍ ശ്രദ്ധയില്ലാത്തതിന് കാരണം ഞങ്ങളല്ല പാഠപുസ്തകങ്ങളും പഠനരീതിയുമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു.

നാട്ടിലെങ്ങും തോടുകളുണ്ടായിരുന്നതിനാല്‍ മീന്‍ പിടിക്കാന്‍ എളുപ്പവുമായിരുന്നു. പുഴയുമായും കടലുമായും ബന്ധപ്പെട്ടു കിടന്നിരുന്ന തോടുകളില്‍ നല്ല വെള്ളവുമുണ്ടായിരുന്നു. ഇന്ന് ആ തോടുകള്‍ക്കു മുകളില്‍ വലിയ വീടുകള്‍ വന്നിരിക്കുന്നു. ശേഷിക്കുന്നവ ചലനം നിലച്ച് ചത്തുകിടക്കുന്നു. പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ നിറഞ്ഞ് കൊതുക് വളര്‍ത്തു കേന്ദ്രങ്ങളായിരിക്കുന്നു. കറുത്തു കുറുകിയ ആ വെള്ളത്തില്‍ മീനുകളേയില്ല. പകരം കൊതുകിന്റെ കൂത്താടികള്‍ പുളക്കുന്നു. കടകളില്‍ ഇപ്പോള്‍ ചൂണ്ടനാരോ ചൂണ്ടയോ വില്‍ക്കുന്നില്ല. ആ അറിവ് ഇപ്പോള്‍ ഓര്‍മകളില്‍ മാത്രമാണ്.

വര: മജിനി

സൈക്കിള്‍ കാലം (ഓര്‍മകളുടെ ആല്‍ബം ഭാഗം ഒന്ന്‌)

അവധിക്കൊട്ടക ( ഓര്‍മകളുടെ ആല്‍ബം ഭാഗം: രണ്ട്)

ഒരു വോട്ടുകാലത്തിന്റെ ഓര്‍മ ( ഓര്‍മകളുടെ ആല്‍ബം ഭാഗം: മൂന്ന്)

സായിപ്പേ! തോട്ട്മീന്‍ കൂട്ടുമോ? ( ഓര്‍മകളുടെ ആല്‍ബം ഭാഗം: നാല്‌)


കടപ്പാട്: മാധ്യമം വെളിച്ചം


Advertisement