ബി.ജെ.പിയുടെ എതിരാളികള്‍ക്ക് നേരെ മാത്രം ഫണം വിടര്‍ത്തിയാടുന്ന സി.ബി.ഐ | കെ ടി കുഞ്ഞിക്കണ്ണന്‍
Opinion
ബി.ജെ.പിയുടെ എതിരാളികള്‍ക്ക് നേരെ മാത്രം ഫണം വിടര്‍ത്തിയാടുന്ന സി.ബി.ഐ | കെ ടി കുഞ്ഞിക്കണ്ണന്‍
കെ.ടി. കുഞ്ഞിക്കണ്ണന്‍
Sunday, 25th October 2020, 8:20 pm
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ നേരിട്ട് കേസെടുക്കുന്നതില്‍ നിന്നും കേന്ദ്ര ഏജന്‍സിയായ സി.ബി.ഐയെ വിലക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് സി.പി.ഐ.എമ്മും സംസ്ഥാന സര്‍ക്കാരും അറിയിച്ചത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സി.ബി.ഐ ഇതുവരെ അന്വേഷിച്ച പ്രമാദമായ പല കേസുകളുടെയും അവയില്‍ സ്വീകരിച്ച പക്ഷപാതിത്വപരമായ നിലപാടുകളുടെയും ചരിത്രം പരിശോധിക്കുകയാണ് സി.പി.ഐ.എം നേതാവും കേളുവേട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ.ടി കുഞ്ഞിക്കണ്ണന്‍.

ഒരു ഭരണഘടനാ സംവിധാനമെന്ന നിലയില്‍ നാടിന്റെ സുരക്ഷക്കും ജനങ്ങളുടെ താല്പര്യങ്ങള്‍ക്കും വേണ്ടി നിയമാനുസൃതമായി പ്രവര്‍ത്തിക്കേണ്ട കുറ്റാന്വേഷണ ഏജന്‍സിയാണ് സി.ബി.ഐ എന്നാണല്ലോ നമ്മുടെയൊക്കെ വെപ്പും രാജ്യത്തിന്റെ നിയമം പറയുന്നതും. എന്നാല്‍ അനുഭവങ്ങള്‍ നേരെ തിരിച്ചാണെന്നതാണ് സത്യം. അപവാദങ്ങള്‍ ഉണ്ടാവാമെങ്കിലും സി.ബി.ഐയുടെ പൊതു ചരിത്രം ഒട്ടും ആശാസ്യമായതല്ല.

രാജ്യത്തിനും ജനങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നവരെ സംരക്ഷിക്കുകയും കുറ്റവിമുക്തരാക്കുകയും ചെയ്യുന്ന അന്വേഷണ പ്രഹസനങ്ങളാണ്
രാജ്യരക്ഷാ പ്രധാനമായ കേസുകളില്‍ പോലും സി.ബി.ഐ നടത്തി കൊണ്ടിരിക്കുന്നതെന്നതാണ് രോഷജനകമായ യാഥാര്‍ത്ഥ്യം. നിയോലിബറല്‍ രാഷ്ട്രീയം സര്‍വ്വ ഭരണഘടനാ സംവിധാനങ്ങളെയും അതിന്റെ നിഷ്പക്ഷവും സ്വതന്ത്രവുമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും തടയുകയും മൂലധനശക്തികള്‍ക്കെതിരായ ഇടപെടലുകളെ തടസപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യമാണിന്നുള്ളത്.

ഈയൊരു സാഹചര്യം സി.ബി.ഐയുടെ ലജ്ജാകരമായ രാഷ്ട്രീയ പക്ഷപാതിത്വത്തോട് കൂടിയുള്ള ഇടപെടലുകളെ പതിവായിരിക്കുന്നു. വ്യവസ്ഥാരഹിതവും ഉപാധിരഹിതവുമായ നിക്ഷേപസൗകര്യങ്ങളും വ്യാപാരവാണിജ്യ അവസരങ്ങളും ആഗ്രഹിക്കുന്ന
കോര്‍പ്പറേറ്റ് മുതലാളിമാര്‍ എല്ലാത്തിനെയും വിലക്കെടുക്കുന്ന കാലമാണല്ലോ ആഗോളവല്‍ക്കരണത്തിന്റേത്. കോഴയും കമ്മീഷനും നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും കുരുക്കഴിച്ചു മൂലധനത്തിന്റെയും ചരക്കുകളുടെയും സര്‍വ്വതന്ത്ര സ്വതന്ത്രമായ സഞ്ചാരവും കടന്നുകയറ്റവും സുഗമമാക്കി കൊടുക്കുന്ന കാലം.

സ്വതന്ത്ര അന്വേഷണ ഏജന്‍സികളുടെ തലപ്പത്ത് തങ്ങളുടെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരെ നിയമിച്ചും പ്രതിഷ്ഠിച്ചുമാണ് കോര്‍പ്പറേറ്റ് മൂലധന രാഷ്ട്രീയത്തിനാവശ്യമായ ചട്ടുകകങ്ങളായി ഇത്തരം ഏജന്‍സികളെ മാറ്റിയെടുക്കുന്നത്. സി.ബി.ഐ യുടെ ചരിത്രവും സമകാലീന ഇടപെടലുകളും പരിശോധിച്ചാല്‍ നമുക്കത് മനസിലാക്കാവുന്നതേയുള്ളൂ.

സി.ബി.ഐയുടെ ആവിര്‍ഭാവ ചരിത്രം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ യുദ്ധകാല അഴിമതികളുമായി ബന്ധെപ്പെട്ടതാണ്. ഇന്ത്യയിലെ ബ്രിട്ടിഷ് കൊള്ളയുമായി ബന്ധപ്പെട്ട പല പഠനങ്ങളും ബ്രിട്ടീഷ് സൈനികരും ഗവര്‍ണര്‍മാരും വൈസ്രോയിമാരും ബ്രിട്ടീഷ് സര്‍ക്കാറിനെ പോലും വെട്ടിച്ചു കൊണ്ട് നടത്തിയിട്ടുള്ള അഴിമതികളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.

രണ്ടാം ലോകയുദ്ധ സാഹചര്യത്തിലാണ് യുദ്ധകാല അഴിമതികളന്വേഷിക്കുന്നതിനായി ഇന്നത്തെ സി.ബി.ഐയുടെ പ്രാങ്ങ് രൂപമായ സ്‌പെഷല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (DSPE) സ്ഥാപിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍, 1963ലാണ് നെഹ്‌റു സര്‍ക്കാര്‍ DSPEയെ സെക്രട്ടറിതല വിജ്ഞാപനത്തിലൂടെ സി.ബി.ഐ എന്ന ദേശീയ അന്വേഷണ ഏജന്‍സിയായി പ്രഖ്യാപിക്കുന്നത്.

കൗതുകരമായ ഒരു കാര്യം 2013ല്‍ ഗുവാഹത്തി ഹൈക്കോടതി സി.ബി.ഐ ഭരണഘടനാ സാധുതയില്ലാത്ത സംവിധാനമാണെന്ന് നിരീക്ഷിച്ചു കൊണ്ട് 1963ലെ വിജ്ഞാപനം റദ്ദ് ചെയ്യുകയുണ്ടായിയെന്നതാണ്. ഗുവാഹത്തി ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി അനുവദിച്ച സ്റ്റേയുടെ ബലത്തിലാണ് സി.ബി.ഐ നിലനില്‍ക്കുന്നത്. അപ്പീല്‍ വാദം പരമോന്നത കോടതി കേട്ട് പരിശോധനക്ക് വെച്ചിരിക്കുകയാണ്.

യു.പി.എ കാലത്തെ കല്‍ക്കരിപ്പാടം അഴിമതി കേസിലാണല്ലോ ജസ്റ്റിസ് ആര്‍.എം ലോധ സി.ബി.ഐയെ സംബന്ധിച്ച വിഖ്യാതമായ പരാമര്‍ശം നടത്തിയത്. സി.ബി.ഐയോട് കൂട്ടിലെ തത്തയാണോയെന്ന് എന്ന് ചോദിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ ഇംഗിതമനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായി അധപതിച്ചു പോയിരിക്കുകയാണോ സി.ബി.ഐ എന്നാണ് ജസ്റ്റിസ് ലോധ രോഷപൂര്‍വ്വം ചോദിച്ചത്. നിയമാനുസൃതമായി പ്രവര്‍ത്തിക്കേണ്ട ഒരു കുറ്റാന്വേഷണ സംവിധാനത്തെ യു.പി.എ കാലത്ത് അവരും എന്‍.ഡി.എ കാലത്ത് അവരും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കാവശ്യമായി ഉപയോഗിക്കുന്നതാണ് രാജ്യം കണ്ടത്.

ജസ്റ്റിസ് ആര്‍.എം ലോധ

എല്‍.കെ അദ്വാനി മുതല്‍ ബി.ജെ.പിയിലെയും കോണ്‍ഗ്രസിലെയും ഉന്നതര്‍ പ്രതിയായ രാജ്യദ്രോഹമാനങ്ങളുള്ള ഹവാല കേസ് ഒതുക്കികളഞ്ഞത് സി.ബി.ഐ എന്ന ഏജന്‍സിയെ ഉപയോഗിച്ചായിരുന്നല്ലോ. നരസിംഹറാവു സര്‍ക്കാറും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ കൂടിയാണ് ഹവാല കേസിലും അതു കൈകാര്യം ചെയ്ത രീതിയിലും നാം കണ്ടത്.

കശ്മീര്‍ താഴ്‌വരയില്‍ നിന്നും മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിലെടുത്ത ഒരു മിലിറ്റന്റിനെ (ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകര സംഘത്തില്‍ പെട്ട) ചോദ്യം ചെയ്തപ്പോഴായിരുന്നല്ലോ തങ്ങള്‍ക്കു പണവും ആയുധവും ലഭിക്കുന്നത് ഡല്‍ഹിയിലെ ചില വ്യക്തികളില്‍ നിന്നും കേന്ദ്രങ്ങളില്‍ നിന്നുമാണെന്ന് അവര്‍ വെളിപ്പെടുത്തിയത്. അതനുസരിച്ചായിരുന്നല്ലോ വ്യവസായികളായ ജെയിന്‍ സഹോദരങ്ങളുടെ വീട് റെയ്ഡ് ചെയ്യുന്നതും കുപ്രസിദ്ധമായ ഹവാല കേസു ഉണ്ടാവുന്നതും.

തീവ്രവാദികള്‍ക്കും ഉന്നത രാഷ്ട്രീയനേതാക്കള്‍ക്കും വിദേശ ബഹുരാഷ്ട്രകുത്തകകള്‍ നല്‍കുന്ന സംഭാവനകളും കമ്മീഷന്‍ തുകകളും എത്തിച്ചു കൊടുക്കുന്ന ഹവാല ഇടപാടുകാരായിരുന്നു ജെയ്ന്‍ സഹോദരങ്ങള്‍. ആ കേസന്വേഷിച്ച സി.ബി.ഐ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാതെയും വളരെ ദുര്‍ബ്ബലമായ കുറ്റപത്രങ്ങള്‍ എഴുതിയുണ്ടാക്കിയും എല്ലാവര്‍ക്കും രക്ഷപ്പെടാന്‍ വാതിലുകള്‍ തുറന്നിട്ടു കൊടുക്കുകയാണുണ്ടായത്. കുറ്റവാളികളെ ശിക്ഷിക്കുന്നത് ഒഴിവാക്കാനും ഹവാല കേസ് ഒതുക്കിയെടുക്കാനുമുള്ള നീക്കമാണ് സി.ബി.ഐ അന്വേഷണമെന്ന പേരില്‍ നടത്തിയത്.

ഒറ്റാവിയോ ക്വത്‌റോച്ചി

നേരത്തെ ബോഫേഴ്‌സ് കേസിലും ഇതുപോലെ ഇടനിലക്കാരായ ക്വത്‌റോച്ചിയെയും വില്‍ഛദ്ദയെയും ഹിന്ദുജയെയുമെല്ലാം രക്ഷിക്കാന്‍ സി.ബി.ഐ അന്വേഷണമെന്ന പേരില്‍ ഉരുണ്ടു കളിക്കുകയാണ് ചെയ്തത്. വിചാരണ കോടതി ജഡ്ജിക്ക് തന്നെ കേസ് അന്വേഷണം നീട്ടി ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കൂട്ടാക്കാതിരിക്കുന്ന സി.ബി.ഐയെ വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്.

ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി വിനോദ് യാദവ് സി.ബി.ഐയെ പരിഹസിക്കുന്നയിടം വരെയെത്തി. ക്വത്‌റോച്ചിക്ക് 64 കോടി രൂപ ലഭിച്ചുവോ എന്നന്വേഷിക്കാന്‍ നീണ്ട 21 വര്‍ഷമാണ് സി.ബി.ഐ അന്വേഷണം നീട്ടി നടത്തിയത്. എന്നിട്ടും നിയമപരമായി ഒരു തെളിവും കൊണ്ടുവരാതെ അതിന് യഥാവസരം ശ്രമിക്കാതെ ക്വത്‌റോച്ചിക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കുകയായിരുന്നു സി.ബി.ഐ. ക്വത്‌റോച്ചിയുടെ 64 കോടിയുടെ അഴിമതി അന്വേഷിക്കാന്‍ 250 കോടിയാണ് സിബിഐ ചെലവാക്കിയത്!

രാസവള കുംഭകോണം, പഞ്ചസാര കുംഭകോണം, ടെലികോം കുംഭകോണം തുടങ്ങി റാവുസര്‍ക്കാറിന്റെ കാലത്തെ അഴിമതി കേസുകളില്‍ സി.ബി.ഐ അക്ഷരാര്‍ത്ഥത്തില്‍ കൂട്ടിലെ തത്ത തന്നെയായിരുന്നു. എന്റോണ്‍ കമ്പനിക്ക് വാജ്‌പേയുടെ കാലത്ത് മുക്ത-പന്ന എണ്ണപ്പാടങ്ങള്‍ ചുളുവിലക്ക് വിറ്റ കേസ് ഉള്‍പ്പെടെ എത്രയെത്ര കേസുകളാണ് സി.ബി.ഐ അന്വേഷിച്ച് അസാധുവാക്കിക്കളഞ്ഞത്.

ഹര്‍ഷദ് മേത്തയും ഖേതന്‍ രേഖും പോലുള്ള ഓഹരിക്കമ്പോളത്തിലെ കാളക്കൂറ്റന്മാരുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന ഓഹരി കുംഭകോണ കേസില്‍ പ്രതികളായ നരസിംഹ റാവു ഉള്‍പ്പെടെയുള്ളവരെ രക്ഷിച്ചെടുത്തത് സി.ബി.ഐയുടെ അന്വേഷണമെന്ന കുറ്റവാളികളെ കുറ്റമുക്തരാക്കുന്ന തന്ത്രവിദ്യകളിലൂടെയാണല്ലോ.

ഹര്‍ഷദ് മേത്ത

ഓഹരികമ്പോളത്തിലെക്കൊഴുകിയ പൊതുമേഖലാ ബാങ്കുകളുടെ ലക്ഷക്കണക്കിന് കോടി രൂപ തട്ടിയെടുക്കാന്‍ മുകേഷ് അംബാനിക്ക് ഉദാരവല്‍ക്കരണ നടപടികളിലൂടെ സൗകര്യമൊരുക്കി കൊടുത്തതിനുള്ള പ്രതിഫലമായിട്ടാണല്ലോ ഹര്‍ഷദ് മേത്ത പണം നിറച്ച സൂട്ട് കേസ് റാവുവിന് എത്തിച്ചു കൊടുത്തത്. 5000 കോടി രൂപ തട്ടിപ്പിന്റെ ചാര്‍ജ് ഷീറ്റ് ഹര്‍ഷദ് മേത്ത ഉള്‍പ്പെടെയുള്ള ഷെയര്‍ ബ്രോക്കര്‍മാര്‍ക്ക് മേല്‍ ഇട്ട് സി.ബി.ഐ കേസ് അവസാനിപ്പിക്കുകയായിരുന്നല്ലോ.

2ജി സ്‌പെക്ട്രം കേസില്‍ സി.ബി.ഐ എടുത്ത നിലപാട് വിവാദപരമായി ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ. പാര്‍ലമെന്റിനകത്തും പുറത്തും ഉയര്‍ന്ന ജനകീയ പ്രതിഷേധങ്ങളുടെ സമ്മര്‍ദഫലമായി അനില്‍ അംബാനിയെ വരെ കേസിലുള്‍പ്പെടുത്തിയെങ്കിലും സി.ബി.ഐ അന്വേഷണം ചവിട്ടി പിടിക്കുകയായിരുന്നു. മാത്രമല്ല അംബാനിമാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കുത്തകകള്‍ ബി.ജെ.പിയോടൊപ്പം ചേര്‍ന്നതോടെ 2ജി കേസിലെ ഉന്നതരായവരെ സി.ബി.ഐ സുരക്ഷിതരാക്കി അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ ഞെട്ടിച്ച നിരവധി കേസുകളില്‍ സി.ബി.ഐയെ ഉപയോഗിച്ച് അട്ടിമറികള്‍ നടത്തിച്ചു. സൊറാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസുള്‍പ്പെടെ. ആരുഷി തല്‍വാര്‍ കൊലപാതക കേസ്, ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാന കേസ് തുടങ്ങിയവയില്‍ സി.ബി.ഐ അന്വേഷണം എവിടെയും എത്തുന്നില്ല.

കുറ്റവാളികള്‍ ബി.ജെ.പിക്കാരാവുമ്പോള്‍ അന്വേഷണം മരവിപ്പിച്ചു ഒതുങ്ങി കിടക്കുകയും ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളാവുമ്പോള്‍ ഫണം വിടര്‍ത്തുകയും ചെയ്യുന്ന പാമ്പാട്ടിയുടെ കൊട്ടയില്‍ കിടക്കുന്ന ഇഴജന്തുവിനെ പോലെയായിരിക്കുന്നു സി.ബി.ഐയെന്നു പറയാം.
ഏറ്റവുമൊടുവില്‍ ബാബറി മസ്ജിദ് പൊളിച്ച ഗൂഢാലോചന കേസില്‍ അദ്വാനി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റമുക്തരാക്കിയ വിധിയിലേക്ക്, രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ വലിയൊരു കുറ്റകൃത്യത്തിലെ പ്രതികളെ തെളിവുകളില്ലെന്ന് പറഞ്ഞു രക്ഷപ്പെടുന്നതിലേക്കെത്തിച്ചത് സി.ബി.ഐയായിരുന്നല്ലോ.

രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും ആന്ധ്രയിലെയും ബംഗാളിലെയും ഇപ്പോള്‍ മഹാരാഷ്ട്രയിലെയും സര്‍ക്കാരുകള്‍ സി.ബി.ഐക്ക് അന്വേഷണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എതിരാളികളെയും സംസ്ഥാന സര്‍ക്കാറുകളെയും വേട്ടയാടാന്‍ ബി.ജെ.പി സര്‍ക്കാര്‍ സി. ബി.ഐയെ ഉപകരണമാക്കുന്ന അവസ്ഥ വ്യാപകമായ സാഹചര്യത്തിലാണ് ഈയൊരു വിലക്കിന് ബി.ജെ.പി ഇതരസംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ബന്ധിതമായതെന്ന് നിരീക്ഷിക്കാം.

കോണ്‍ഗ്രസ് ദേശീയ നേതൃത്വം ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപകരണമാക്കി നടത്തുന്ന രാഷ്ടീയ വേട്ടക്കെതിരെ പറയുമ്പോഴും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ നാണംകെട്ട സ്തുതിപാഠകരായി സി.ബി.ഐക്ക് വേണ്ടി മുറവിളി കൂട്ടുന്നത് എന്തുകൊണ്ടാണ്? ഒരു സംശയവുമില്ല ബി.ജെ.പി ബാന്ധവത്തിലൂടെ അവരെത്തിപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാപ്പരത്തെയാണ് അത് കാണിക്കുന്നത്.

കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയോടു പോലും എത്ര അസഹിഷ്ണുതയോടെയാണ് ചെന്നിത്തല പ്രതികരിച്ചത്. കേന്ദ്രമന്ത്രി മുരളീധരനുമായി ചേര്‍ന്നു ചെന്നിത്തല ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആവനാഴിയില്‍ നിന്നും ആയുധങ്ങളെടുത്ത് ഇടതുപക്ഷ സര്‍ക്കാറിനെതിരെ യുദ്ധം ചെയ്യുകയാണ്. ഹിന്ദുത്വ രാഷ്ടീയത്തിന് കളമൊരുക്കുന്ന അപകടകരമായ കളിയാണിത്.

ഇനി സി.ബി.ഐയുടെ അന്വേഷണവുമായി ബന്ധപ്പെട്ട നിയമപരമായ അധികാരങ്ങളെ സംബന്ധിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. സംസ്ഥാനങ്ങള്‍ നല്‍കുന്ന പൊതു കണ്‍സെന്റിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐക്ക് അന്വേഷണം സാധ്യമാകുന്നത്. സംസ്ഥാനം വിജ്ഞാപനം ചെയ്ത് കൈമാറുന്നവ അല്ലെങ്കില്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആണ് സി.ബി.ഐ കേസുകള്‍ എറ്റെടുക്കുന്നതും അന്വേഷിക്കുന്നതും.

കേന്ദ്രപരിധിയിലെ ചില വിഷയങ്ങളില്‍ സി.ബി.ഐയെ ഏജന്‍സിയായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. അതു പ്രകാരം പ്രത്യേകമായി സി.ബി.ഐക്ക് കേസെടുക്കാന്‍ വകുപ്പുണ്ടെന്നാണ് വെപ്പ്. എന്നാല്‍ അക്കാര്യത്തില്‍ നിയമപരമായ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും കാണണം.

ഇപ്പോഴുള്ള പൊതു കണ്‍സെന്റ് പിന്‍വലിച്ചാല്‍ സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സി.ബി. ഐക്ക് കേസെടുക്കാന്‍ ആവില്ലായെന്നതാണ് നിയമപരമായ വസ്തുത. സി.ബി.ഐ രാഷ്ട്രീയ ഉപകരണമാകുന്നു എന്ന അഭിപ്രായം ശക്തമാണ്. സി.പി.ഐ.എം നേരത്തെ തന്നെ ഈയൊരു നിലപാട് എടുത്തിട്ടുള്ളതാണല്ലോ. സമീപകാലത്ത് കേരളത്തില്‍ നടന്ന സംഭവം തന്നെ ഇതിന് ഉദാഹരണമാണ്. അത് സി.പി.ഐ.എമ്മിനെ സി.ബി.ഐയുടെ അന്വേഷണ അനുമതിയെ പിന്‍വലിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നതാണ്.

വടക്കാഞ്ചേരി സംഭവവുമായി ബന്ധപ്പെട്ട കേസ് തന്നെയാണ് പ്രശ്‌നം. സംസ്ഥാനത്തിന്റെ അധികാര അതിര്‍ത്തിയിലേക്ക് അന്യായമായി കയറാനുള്ള കുറുക്കു വഴിയായിരുന്നു കേസ്. സി.ബി.ഐക്ക് നേരിട്ട് കേസ് എടുക്കാന്‍ കഴിയുന്ന എഫ്.സി.ആര്‍.എ വകുപ്പ് ചുമത്തി കേസ് എടുക്കുന്നു. തിടുക്കപ്പെട്ട് കോടതിയില്‍ ഒരു എഫ്.ഐ.ആര്‍ നല്‍കുന്നു. വെബ്‌സൈറ്റില്‍ മറ്റൊരു എഫ്.ഐ.ആര്‍ നല്‍കുന്നു.
എഫ്.സി.ആര്‍.എ നിയമം ബാധകം അല്ലെന്ന് ഉറപ്പുണ്ടായിട്ടും രാഷ്ട്രീയക്കളിയുടെ ഭാഗമായി ലൈഫ് മിഷനെ കേസില്‍ പ്രതിയാക്കുന്നു.

കോടതി ആ കേസില്‍ ലൈഫ് മിഷന്റെ വാദങ്ങള്‍ അംഗീകരിച്ചു. സി.ബി.ഐയുടെ ലൈഫ് മിഷനെ പ്രതിയാക്കാനുള്ള വാദങ്ങള്‍ തള്ളി. എന്തിനായിരുന്നു അങ്ങനെ കേസ് എടുത്തത്.? ഒരു സംശയവുമില്ല. ബി.ജെ.പിക്കും യു.ഡി.എഫിനും ഈ സര്‍ക്കാറിനെ വേട്ടയാടാന്‍ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കണം. അതിന് സി.ബി.ഐ നിയവിരുദ്ധമായ ഇടപെടല്‍ നടത്തി. സര്‍ക്കാറിന പ്രതിചേര്‍ക്കാനുള്ള സി.ബി.ഐ വാദം കോടതി അംഗീകരിച്ചില്ല.

സ്വര്‍ണ്ണക്കേസ് വഴിമുട്ടി എന്ന് മനസിലായപ്പോ കേരള സര്‍ക്കാരിനെ വേട്ടയാടാനായി സൃഷ്ടിച്ചതായിരുന്നു ഈ സി.ബി.ഐ കേസ് എന്നത് പകല്‍ പോലെ വ്യക്തം. എഫ്.സി.ആര്‍.എ വകുപ്പ് രജിസ്റ്റര്‍ ചെയ്ത് മറ്റു കാര്യങ്ങള്‍ അന്വേഷിക്കാനായിരുന്നു സി.ബി.ഐ വ്യഗ്രത കാണിച്ചത്.
എന്നാല്‍ അഴിമതി അന്വേഷിക്കാനാണ് താല്‍പര്യമെങ്കില്‍ സി.ബി.ഐക്ക് ഇങ്ങനെ കേസെടുക്കാനാവില്ല. പ്രാഥമികമായ നിയമ നടപടിക്രമങ്ങളെ കുറിച്ച് അറിവുള്ളവര്‍ക്കറിയാം.

സി.ബി.ഐ അന്വേഷിക്കണമെങ്കില്‍ ഒന്നുകില്‍ കോടതി വിധി വേണം. അല്ലെങ്കില്‍ സംസ്ഥാനം വിജ്ഞാപനം നല്‍കി കേസ് കൈമാറണം. അത് മറികടക്കാന്‍ വേണ്ടിയാണ് വളഞ്ഞ വഴി സ്വീകരിച്ചത്. കാര്യങ്ങള്‍ ആഴത്തില്‍ പരിശോധിച്ചാല്‍ അതിന്റെ രാഷ്ട്രീയം മനസിലാകും.

  വടക്കാഞ്ചേരി കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കര

ഒരു കോണ്‍ഗ്രസ് എം.എല്‍.എ, പരാതി നല്‍കുന്നു. എഫ്.സി.ആര്‍.എ ലംഘനമാണെന്നാണ് പരാതിയില്‍ പറഞ്ഞത്. അഴിമതിയെ കുറിച്ചേ അല്ല. നാലാം ദിനം പ്രാഥമിക പരിശോധന പോലുമില്ലാതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നു. കോണ്‍ഗ്രസും, ബി.ജെ.പിയും ഒരുമിച്ച് ഈ സര്‍ക്കാരിനെതിരെ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി നടക്കുമ്പോഴാണ് സി.ബി.ഐ എഫ്.ഐ.ആര്‍ ഇട്ടത് എന്ന് വ്യക്തം.

അഴിമതി അന്വേഷിക്കാനുള്ള വ്യഗ്രതയിലാണ് സി.ബി.ഐ നീക്കം എന്ന് ഒരിക്കലും പറയാനാവില്ല. അങ്ങനെയാണെങ്കില്‍ ഒരു വര്‍ഷം മുമ്പ് 2019 സെപ്റ്റംബര്‍ മൂന്നിന് സംസ്ഥാന സര്‍ക്കാര്‍ ഒരു അഴിമതി കേസ് സി.ബിഐക്ക് കൈമാറിയിട്ടുണ്ടല്ലോ. വിജ്ഞാപനം പുറപ്പെടുവിച്ച് ഔദ്യോഗികമായി കൈമാറിയ കേസില്‍ എന്തായിരുന്നു സി.ബി.ഐ നിലപാട്.

വിദേശ കമ്പനികള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ വിദേശത്തും അന്വേഷണം വേണമെന്നായിരുന്നു സര്‍ക്കാരിന്റെ നിഗമനം. അതുകൊണ്ടു തന്നെയാണ് സി.ബി.ഐക്ക് നല്‍കിയത്. ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കെതിരായ അന്വേഷണമാണല്ലോ ആവശ്യപ്പെട്ടത്. വിജിലന്‍സ് ഇവര്‍ക്കെതിരെ പ്രധാന കണ്ടെത്തല്‍ നടത്തി. അതടക്കമുള്ള തെളിവുകള്‍ സിബിഐക്ക് കൈമാറിയതാണ്. ഒരു വര്‍ഷം കഴിഞ്ഞിട്ട് സി ബി ഐ നല്‍കിയ മറുപടി ഞങ്ങള്‍ ഈ കേസ് അന്വേഷിക്കില്ല എന്നായിരുന്നു.

അതായത് സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെടുന്നത് ഏറ്റെടുക്കാനാവില്ല എന്നാണല്ലാ അതിന്റെ അര്‍ത്ഥം. ഇവിടെയാണ് രാഷ്ട്രീയ സഖ്യം കാണേണ്ടത്. ബി.ജെ.പി യു.ഡി.എഫ് ഒത്തുകളിയുടെയും സി.ബി.ഐയെ ആയുധമാക്കി സംസ്ഥാന സര്‍ക്കാറിനെതിരായുള്ള നീക്കങ്ങളുടെയും രാഷ്ടീയം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K T Kunhikannan about Kerala’s move to withdraw general consent to CBI

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍