കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
kERALA NEWS
കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
ന്യൂസ് ഡെസ്‌ക്
Thursday, 6th December 2018, 7:43 am

പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനാണ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

സന്നിധാനത്ത് നവംബര്‍ ആറിന് 52 വയസുള്ള സ്ത്രീയേയും ബന്ധുവിനേയും അക്രമിച്ച സംഭവത്തിലാണ് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. മറ്റൊരു കേസില്‍ അറസ്റ്റിലായ തനിക്ക് 15 ദിവസത്തിനുശേഷം ജാമ്യം ലഭിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് സുരേന്ദ്രന്റെ ആരോപണം.


അതേസമയം, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ സുരേന്ദ്രന്റെ റിമാന്റ് കാലാവധി ഇന്നവസാനിക്കും. പക്ഷേ, സന്നിധാനത്ത് അന്‍പത്തിരണ്ടുകാരിയെ ആക്രമിച്ച കേസിലുള്‍പ്പെടെ ജാമ്യം ലഭിച്ചാല്‍ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാനാകൂ. 2013ല്‍ ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് തീവണ്ടി തടഞ്ഞ കേസ്, 2016ല്‍ നിയമം ലംഘിച്ച് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി എന്നീ കേസുകളില്‍ സുരേന്ദ്രന് ജാമ്യം കിട്ടിയിരുന്നു.

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ദര്‍ശനത്തിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും വധശ്രമം നടത്തിയെന്നുമാണ് സുരേന്ദ്രനും മറ്റ് പ്രതികള്‍ക്കും എതിരായ കേസ്. അന്‍പത്തിരണ്ട് വയസുകാരിയായ ലളിതാദേവിയെ ആചാരലംഘനം ആരോപിച്ച് പ്രതിഷേധക്കാര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ലളിതാ ദേവിക്കും കുടുംബത്തിനും പരിക്കേറ്റിരുന്നു.


അതേസമയം, അനുമതിയില്ലാതെ സുരേന്ദ്രന് ഹോട്ടല്‍ ഭക്ഷണത്തിന് സൗകര്യമൊരുക്കിയതിന്‍ കൊല്ലം എ.ആര്‍ ക്യാംപിലെ ഇന്‍സ്പെക്ടര്‍ വിക്രമന്‍ നായരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കൊട്ടാരക്കര ജയിലില്‍ നിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോയപ്പോഴാണ് കെ.സുരേന്ദ്രന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കിയത്. സുരക്ഷ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് എ.ആര്‍ ക്യാംപില്‍ നിന്ന് ഭക്ഷണം നല്‍കണമെന്ന നിര്‍ദേശത്തെ മറികടന്നായിരുന്നു സഹായം.

അതേസമയം, ബി.ജെ.പി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. കെ സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.