ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടെന്ന് കരുതുന്നില്ല; 'ഉള്ളി, ഉള്ളി' എന്ന വിളി വേദനിപ്പിക്കുന്നുവെന്നും കെ.സുരേന്ദ്രന്‍
kERALA NEWS
ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടെന്ന് കരുതുന്നില്ല; 'ഉള്ളി, ഉള്ളി' എന്ന വിളി വേദനിപ്പിക്കുന്നുവെന്നും കെ.സുരേന്ദ്രന്‍
ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2019, 5:26 pm

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വ്യാപകമായി പ്രചാരത്തിലുള്ള ‘ഉള്ളി, ഉള്ളി’ എന്ന വിളി വേദനിപ്പിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. എന്നാല്‍ മറ്റു പല ട്രോളുകളും ആസ്വദിക്കാറുണ്ടെന്നും മനോരമയിലെ നേരേ ചൊവ്വേയില്‍ സുരേന്ദ്രന്‍ പറഞ്ഞു.

‘ഞാന്‍ ബീഫ് കഴിക്കുമോ ഇല്ലയോ എന്ന് എനിക്ക് കൃത്യമായി ബോധ്യമുണ്ട്. ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടെന്ന് കരുതുന്ന വ്യക്തിയുമല്ല ഞാന്‍. ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെ എന്തും ചെയ്യാം എന്ന അവസ്ഥ വന്നിട്ടുണ്ട്. കുമ്മനം രാജേട്ടനെ തന്നെ സൊമാലിയ പരാമര്‍ശത്തില്‍ എത്ര മ്ലേച്ഛമായാണ് അപമാനിച്ചത്. എല്ലാവരും സ്വയം ഒരു കണ്ണാടിക്കൂട്ടിലാണെന്ന ബോധ്യം ഉണ്ടാവണം’- സുരേന്ദ്രന്‍ പറഞ്ഞു.

‘ട്രോളുകള്‍ ആസ്വദിക്കാറുണ്ട്. ആരോടും അസഹിഷ്ണുത കാണിക്കാറില്ല. എനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നവരെ ബ്ലോക്ക് ചെയ്യാറുമില്ല. എനിക്ക് കൂടുതല്‍ റീച്ച് കിട്ടാന്‍ അതെല്ലാം സഹായിക്കുമെന്ന് കരുതുന്നു. ശത്രുക്കളാണെങ്കിലും അവരുടെ ഹാസ്യാത്മകതയെ അംഗീകരിക്കണ’മെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ടയില്‍ മത്സരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ആറ് മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.