ഭാരതീയ ജ്യോതിശാസ്ത്രം ഉപയോഗിച്ച് ഓഹരി വിപണി പ്രവചിക്കലില്‍ ഡോക്ടറേറ്റ്; അഭിനന്ദിച്ച് കെ. സുരേന്ദ്രന്‍, ട്രോളി സോഷ്യല്‍ മീഡിയ
Kerala News
ഭാരതീയ ജ്യോതിശാസ്ത്രം ഉപയോഗിച്ച് ഓഹരി വിപണി പ്രവചിക്കലില്‍ ഡോക്ടറേറ്റ്; അഭിനന്ദിച്ച് കെ. സുരേന്ദ്രന്‍, ട്രോളി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th August 2022, 11:19 pm

തിരുവനന്തപുരം: ഭാരതീയ ജ്യോതിശാസ്ത്രം ഉപയോഗിച്ച് ഓഹരി വിപണി പ്രവചിക്കല്‍ വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ബാലഗോകുലം നേതാവിനെ അഭിനന്ദിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

‘ഭാരതീയ ജ്യോതിശാസ്ത്രം ഉപയോഗിച്ച് ഓഹരി വിപണി പ്രവചിക്കലും അതിനെ ആശ്രയിച്ചുള്ള പോര്‍ട്ട് ഫോളിയോ മാനേജ്മെന്റും’ (‘Prediction Of Stock Market And Portfolio Management Using Indian Astrology’) എന്ന വിഷയത്തിലാണ് ബാലഗോകുലം തിരുവനന്തപുരം ജില്ലാ സമിതി അംഗം മഹേന്ദ്രകുമാറിന് ഡോക്ടറേറ്റ് ലഭിച്ചെന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.

എന്നാല്‍ ‘എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സിന്റെ മോദിയാനന്തര കാലത്തെ ഗവേഷണം, അതിനെ പിന്തുണക്കാന്‍ ഒരു രാഷ്ട്രീയ നേതാവും, പക്ഷെ ഏത് സര്‍വകലാശാലയാണ് ഈ ഡോക്ടറേറ്റ് നല്‍കിയത്?’, എന്ന് ചോദിച്ചാണ് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം കെ.സുരേന്ദ്രന്റെ പോസ്റ്റിനോട് പ്രതികരിച്ചത്.

അതേസമയം കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ വലിയ രീതിയിലുള്ള ട്രോളുകളാണ് വന്നത്.

‘അസ്‌ട്രോളജി കൊണ്ട് ഷെയര്‍ മാര്‍ക്കറ്റ് പ്രവചിക്കാന്‍ അറിയുമെങ്കില്‍ അയാളിപ്പോള്‍ കോടീശ്വരന്‍ ആയേനെ. പിന്നെന്തിനാണ് പി.എച്ച്.ഡി ?’, ‘ Astrology എന്നാല്‍ ജ്യോതിഷവും Astronomy എന്നാല്‍ ജ്യോതിശാസ്ത്രവും; അങ്ങനെയല്ലേ കെ. സുരേന്ദ്രന്‍? ദിതാരോടാ ഈ ചോദിക്കുന്നേ…’

‘ചൊവ്വയുടെ ദൃഷ്ടി ഉള്ളതിനാല്‍ നാളെ ഷെയര്‍ മാര്‍ക്കറ്റ് ഇടിയാന്‍ ചാന്‍സ് ഉണ്ട്. ആയതിനാല്‍ മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പേരില്‍ ഒരു പുഷ്പാര്‍ച്ചന, ഗണപതി ഹോമം നടത്തേണ്ടതാണ്’ , ‘അഭിനന്ദനങ്ങള്‍ ജീ… ഉടനെ തന്നെ ഏതെങ്കിലും കേന്ദ്ര സര്‍വകലാശാലയില്‍ വി.സി ആയി നിയമിക്കപ്പെടട്ടെ…. വിടരുത് ഇന്ത്യക്കാരെ ഒരു 700 കൊല്ലം പിറകില്‍ എത്തിച്ചിട്ടേ വിശ്രമിക്കാവൂ..’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനെതിരെ വന്നത്.

Content Highlight: K Surendran’s Facebook post about Doctorate Holder in Astrology