പത്രിക തള്ളിയ ഇടങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വോട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് കെ.സുരേന്ദ്രന്‍
Kerala News
പത്രിക തള്ളിയ ഇടങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വോട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് കെ.സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st March 2021, 3:37 pm

തിരുവനന്തപുരം: തലശ്ശേരിയിലും, ഗുരുവായൂരിലും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതില്‍ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശം തള്ളിയത് പോരായ്മ തന്നെയാണെന്ന് സമ്മതിച്ച സുരേന്ദ്രന്‍ ഹൈക്കോടതി വിധി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

വിധി അനുകൂലമല്ലെങ്കില്‍ ബി.ജെ.പി വോട്ടര്‍മാരുടെ വോട്ട് ആര്‍ക്കാണ് എന്നത് തീരുമാനിച്ച് പാര്‍ട്ടി വോട്ടര്‍മാര്‍ക്ക് ആ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” വളരെ വിവേചന പരമായിട്ടാണ് ഇങ്ങനെയൊരു സംഭവം നടന്നിരിക്കുന്നത്. സാധാരണഗതിയില്‍ നോമിനേഷനില്‍ അപാകതയുണ്ടെങ്കില്‍ അത് പരിശോധിച്ച് നോട്ടീസ് നല്‍കേണ്ടതാണ്. ഇവിടെ അതൊന്നും സംഭവിച്ചിട്ടില്ല. നാമനിര്‍ദേശം തള്ളിയത് പോരായ്മ തന്നെയാണ്.

അത് എങ്ങനെ സംഭവിച്ചുവെന്നത് ഞങ്ങള്‍ പരിശോധിക്കും. തലശ്ശേരിയിലെയും ഗുരുവായൂരിലെയും എന്‍.ഡി.എ വോട്ട് കണ്ട് രണ്ട് മുന്നണികളും മനപ്പായസം ഉണ്ണരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

കോടതി വിധി അനുകൂലമല്ലെങ്കില്‍ ഞങ്ങളെ പിന്തുണയ്ക്കുന്ന വോട്ടര്‍മാരുടെ കാര്യമെന്താണെന്ന് ഞങ്ങള്‍ തീരുമാനിച്ച് വോട്ടര്‍മാര്‍ക്ക് ആ സന്ദേശം നല്‍കും,” സുരേന്ദ്രന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

താന്‍ ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ സര്‍ക്കാരിന്റെ ചെലവില്‍ അല്ലാത്തതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട് ഉയരുന്ന പരിഹാസത്തിന് പ്രസക്തിയില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയം അത്രപെട്ടെന്ന് അണയുന്നതല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തലശ്ശേരിയിലും ഗുരുവായൂരിലും, ദേവീകുളത്തും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശം തള്ളിയിരുന്നു. ഇതിനെതിരെ ബി.ജെ.പി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.

ഫോം എ, ഫോം ബി എന്നിവ ഇല്ലാത്തത് പത്രിക തള്ളാനുള്ള കാരണം അല്ലെന്നും നിര്‍ബന്ധമാക്കേണ്ടത് ഫോം 26 മാത്രമാണെന്നും ഹരജിയില്‍ പറയുന്നു.പത്രിക തള്ളിയ റിട്ടേണ്ടിങ് ഓഫീസറുടെ ഉത്തരവ് പിന്‍വലിക്കണമെന്നും പത്രിക സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Surendran on BJP’ s vote in Thalssery and Guruvayoor