'സി.പി.ഐ.എമ്മിന്റെ പെണ്‍കുട്ടികളോട് ഒരു ഓര്‍മപ്പെടുത്തലാണ്...'; കെ.കെ. രമയെ അധിക്ഷേപിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കെ. സുധാകരന്‍
Kerala News
'സി.പി.ഐ.എമ്മിന്റെ പെണ്‍കുട്ടികളോട് ഒരു ഓര്‍മപ്പെടുത്തലാണ്...'; കെ.കെ. രമയെ അധിക്ഷേപിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th July 2022, 1:30 pm

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ കൊടി പിടിച്ച പെണ്‍കുട്ടികള്‍ക്ക് ഒരു ഓര്‍മപ്പെടുത്തലുമായി കെ. സുധാകരന്‍. ശാക്തീകരണത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ പാര്‍ട്ടിയുടെ ശരിയായ മുഖം പുറത്തുവരുന്ന ദിവസമായിരിക്കും കഥകളില്‍ കേട്ടറിഞ്ഞ രാക്ഷസന്മാരേക്കാള്‍ ക്രൂരരായ മനുഷ്യര്‍ ഉണ്ടെന്ന് മനസ്സിലാക്കുക എന്നായിരുന്നു കെ. സുധാകരന്റെ പരാമര്‍ശം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’ എന്നായിരുന്നു എം.എം മണി കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. സംഭവം വലിയ രീതിയില്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കെ. സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്.

കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന്റെ പൈശാചിക മുഖമാണ് കെ.കെ രമയെ അധിക്ഷേപിച്ച സംഭവത്തിലൂടെ പുറത്തുവന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരനുമായ ആ ‘നീച ജന്മവും’ കേരളത്തിന്റെ മണ്ണിലാണ് ജീവിക്കുന്നത് എന്നതില്‍ ഓരോ മലയാളിയും തലകുനിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

കെ.കെ. രമ കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിന്റെ പ്രതീകമാണ്. ഈ നാട് കണ്ട ഏറ്റവും നീചരായ മനുഷ്യരെ മുഴുവനും വെല്ലുവിളിച്ചുകൊണ്ടാണവര്‍ ഇവിടെ വരെയെത്തിയത്. അതിനവര്‍ക്ക് പിന്തുണ കൊടുത്തത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. അതിനിയും തുടരുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് പിണറായി വിജയന്‍.

തന്റെ യഥാര്‍ത്ഥ മുഖം ഓരോ തവണ പൊതുസമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെടുമ്പോഴും, കൂട്ടിലിട്ട് വളര്‍ത്തുന്ന ഭ്രാന്തന്‍ നായ്ക്കളെ അദ്ദേഹം തുറന്നുവിടും. നിരായുധരും നിര്‍ദോഷികളുമായ മനുഷ്യരെ അവ ചെന്ന് ആക്രമിക്കും. ഈ പ്രവൃത്തിയെ ധീരതയായി കണ്ട് കൈയ്യടിക്കാനും സി.പി.ഐ.എമ്മില്‍ ആളുകളുണ്ട്. ഒരുപക്ഷെ സി.പി.എം എന്നൊരു പാര്‍ട്ടിയില്‍ മാത്രമേ അത്തരക്കാര്‍ ഉണ്ടാവുകയുള്ളൂ.

കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന് ഒരാളെ എത്രത്തോളം പൈശാചികമാക്കി മാറ്റാന്‍ പറ്റും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിയമസഭയില്‍ കെ.കെ. രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍. ആ ‘നീച ജന്മവും’ കേരളത്തിന്റെ മണ്ണിലാണ് ജീവിക്കുന്നത് എന്നതില്‍ ഓരോ മലയാളിയും തലകുനിക്കുന്നു.

സി.പി.ഐ.എമ്മിന്റെ കൊടി ഒരു തവണയെങ്കിലും പിടിച്ച പെണ്‍കുട്ടികളെ സ്‌നേഹത്തോടെ ഓര്‍മിപ്പിക്കുകയാണ്, ശാക്തീകരണത്തിന്റെ ആട്ടിന്‍തോലണിഞ്ഞ ഇവരുടെ യഥാര്‍ത്ഥ മുഖം കാണുന്ന ദിവസമായിരിക്കും കഥകളില്‍ കേട്ടറിഞ്ഞ രാക്ഷസന്മാരേക്കാള്‍ ക്രൂരരായ മനുഷ്യര്‍ ഉണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുക!

കെ.കെ. രമ കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിന്റെ പ്രതീകമാണ്. ഈ നാട് കണ്ട ഏറ്റവും നീചരായ മനുഷ്യരെ മുഴുവനും വെല്ലുവിളിച്ചുകൊണ്ടാണവര്‍ ഇവിടെ വരെയെത്തിയത്. അതിനവര്‍ക്ക് പിന്തുണ കൊടുത്തത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. അതിനിയും തുടരും.

ഏത് പ്രതിസന്ധിയിലും രമയ്ക്ക് താങ്ങായി കോണ്‍ഗ്രസ് ഉണ്ടാകും….’

Content Highlight: K. Sudhakaran slams communist party over controversial remark of mm mani