ശശി തരൂരിനെ കെ.പി.സി.സി തടഞ്ഞോ? കെ. സുധാകരന്‍ വിശദീകരണം ഇങ്ങനെ
Kerala News
ശശി തരൂരിനെ കെ.പി.സി.സി തടഞ്ഞോ? കെ. സുധാകരന്‍ വിശദീകരണം ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th November 2022, 11:49 pm

കോഴിക്കോട് : യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന സംവാദ പരിപാടിയില്‍ നിന്നും കെ.പി.സി.സി നേതൃത്വം ഡോ. ശശി തരൂര്‍ എം.പിയെ തടഞ്ഞു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ് പ്രസിഡന്റ് കെ. സുധാകരന്‍.

യൂത്ത് കോണ്‍ഗ്രസിനെ ഇത്തരത്തില്‍ ഒരു പരിപാടിയില്‍ നിന്ന് വിലക്കാന്‍ കെ.പി.സി.സി ശ്രമിക്കില്ലെന്നും ശശി തരൂര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണെന്നും സുധാകരന്‍ പറഞ്ഞു.

‘യൂത്ത് കോണ്‍ഗ്രസ് എന്നത് സമര പാരമ്പര്യം പേറുന്ന ജനാധിപത്യ സംഘടനയാണ്. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും, കലഹിച്ചും ചരിത്രത്തില്‍ ഇടംപിടിച്ച യൂത്ത് കോണ്‍ഗ്രസിനെ ഇത്തരത്തില്‍ ഒരു പരിപാടിയില്‍ നിന്ന് വിലക്കാന്‍ കെപിസിസി ശ്രമിക്കില്ല.

ശ്രീ. ശശി തരൂര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് കേരളത്തില്‍ എവിടെയും രാഷ്ട്രീയ പരിപാടികള്‍ നല്‍കാന്‍ കെ.പി.സി.സി നേതൃത്വം പൂര്‍ണമനസ്സോടെ തയ്യാറാണ്.
രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവജ്ഞയോടെ തള്ളിക്കളയണം,’ സുധാകരന്‍ പറഞ്ഞു.

വിഷയത്തല്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സുധാകരന്റെ വിശദീകരണം.

കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് എം.പിയായി മൂന്ന് വട്ടം വിജയിച്ച ശശി തരൂര്‍ പങ്കെടുക്കാമായിരുന്ന പരിപാടി ഒഴിവാക്കാന്‍ പാടില്ലായിരുന്നുവെന്നും ഈ ലോകത്ത് വേദികള്‍ക്ക് ദൗര്‍ലഭ്യമില്ലാത്ത വ്യക്തിയല്ല ശശി തരൂരെന്നുമായിരുന്നു ശബരിനാഥന്‍ പറഞ്ഞത്.

ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കള്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടിയില്‍ നിന്ന് അവര്‍ പിന്മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അനുകൂല സാംസ്‌കാരിക സംഘടന ഏറ്റെടുത്തു. കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജവഹര്‍ ഫൗണ്ടേഷനാണ് സെമിനാര്‍ നടത്തുക.

CONTENT HIGHLIGHT:  K. Sudhakaran said The news baseless Shashi Tharoor  was stopped youth congress programe