എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിയാകാന്‍ യോഗ്യതവേണ്ട, വിവരമില്ലാത്തവനും അതാകാം: കെ. സുധാകരന്‍
എഡിറ്റര്‍
Saturday 23rd March 2013 2:30pm

കണ്ണൂര്‍: മന്ത്രിയാകാന്‍ പ്രത്യേകിച്ച് യോഗ്യതയോ വിവരമോ വേണ്ടെന്നാണ് കെ. സുധാകരന്‍ എം.പി പറയുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ മന്ത്രിയാകാന്‍ ആര്‍ക്കും പ്രത്യേക യോഗ്യത ആവശ്യമില്ലെന്ന അവസ്ഥ പരിതാപകരമാണെന്നും എം.പി പറയുന്നു.

Ads By Google

ഇവിടെ ആര്‍ക്കും മന്ത്രിയാകാം. അതാതു വിഷയങ്ങളില്‍ ആധികാരികമായ പരിജ്ഞാനമുള്ളവരല്ല പല മന്ത്രിമാരും. ധനമന്ത്രിയാകുന്നവര്‍ ധനകാര്യം അറിയുന്നവര്‍ ആകണമെന്നില്ല. ജനാധിപത്യത്തില്‍ ഒരു ക്വാളിഫിക്കേഷനും ആവശ്യമില്ല.

ആര്‍ക്കും കേറി മന്ത്രിയാകാമെന്ന അവസ്ഥയാണ്. വോട്ട് നേടാന്‍ കഴിവുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി. അങ്ങനെയുള്ളവര്‍ക്ക് വിദ്യാഭ്യാസമോ വിവരമോ തടസ്സമല്ലെന്നും സുധാകരന്‍ പറയുന്നു.

പണ്ട് എ.കെ.ജിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മില്‍ തര്‍ക്കമുണ്ടായി. എ.കെ.ജിക്കു വേണമെങ്കില്‍ പ്രധാനമന്ത്രിയാകാന്‍ കഴിയും, പക്ഷേ ഒരു എസ്.ഐ ആകാന്‍ പോലും കഴിയില്ല, അതിനുള്ള യോഗ്യതയില്ല, എന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മറുപടി പറഞ്ഞത്.

സംഗതി സത്യമാണ്. പ്രത്യേകിച്ചൊരു യോഗ്യതയും ആവശ്യമില്ലെന്നത് രാഷ്ട്രീയത്തിന്റെ പ്രത്യേകതയാണ്. മറ്റേത് ജോലിയാണെങ്കിലും ആദ്യം ആവശ്യപ്പെടുക യോഗ്യതയാണ്. അതാണ് പരിഗണിക്കുക. എന്നാല്‍ രാഷ്ട്രീയത്തില്‍ അത്തരമൊരു പരിഗണന നോക്കുന്നില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഇങ്ങനെയൊക്കെ ആണെങ്കിലും സംസ്ഥാന ധനമന്ത്രി കെ.എം. മാണി ധനകാര്യത്തില്‍ നല്ല പിടിപാടുള്ള മന്ത്രിയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ ഇപ്പോള്‍ പറഞ്ഞത് എല്ലാ മന്ത്രിമാരും വിവരമില്ലാത്തവരാണെന്ന തരത്തിലാണെന്ന രീതിയില്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുമെന്ന ചെറിയ ഭയവും ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ടാക്‌സ് പ്രാക്ടീഷനര്‍മാരുടെ ആവശ്യങ്ങള്‍ കേന്ദ്ര-സംസ്ഥാന ബജറ്റുകളില്‍ അവഗണിക്കപ്പെട്ടതിനെക്കുറിച്ചു സംസ്ഥാന ടാക്‌സ് പ്രാക്ടീഷനേഴ്‌സ് ദിനാചരണച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു സുധാകരന്‍.

Advertisement