'പിണറായിയുടെ ചെത്തുകാരനായ പിതാവ് കള്ളുകുടിച്ച് നടക്കുകയായിരുന്നു'; വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി കെ. സുധാകരന്‍
Kerala News
'പിണറായിയുടെ ചെത്തുകാരനായ പിതാവ് കള്ളുകുടിച്ച് നടക്കുകയായിരുന്നു'; വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th February 2021, 8:01 am

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും അധിക്ഷേപവുമായി കോണ്‍ഗ്രസ് എം. പി കെ. സുധാകരന്‍. മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിലെ കള്ളുഷാപ്പില്‍ കള്ളുകുടിച്ച് നടക്കുകയായിരുന്നുവെന്നാണ് സുധാകരന്‍ പറഞ്ഞത്.

കാസര്‍ഗോഡ് കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

‘ഞങ്ങളുടെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ പിണറായി വിളിച്ചത് അട്ടം പരതി ഗോപാലനെന്നാണ്. ഗോപാലന്‍ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നാടിന്റെ മോചനത്തിന് വേണ്ടി പടവെട്ടുമ്പോള്‍ പിണറായി വിജയന്റെ ചെത്തുകാരന്‍ കോരേട്ടന്‍ പിണറായില്‍ കള്ളുംകുടിച്ച് പിണറായി അങ്ങാടിയില്‍ തേരാപാര നടക്കുകയായിരുന്നു,’ കെ. സുധാകരന്‍ പറഞ്ഞു.

നേരത്തെയും മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ. സുധാകരന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് പറഞ്ഞായിരുന്നു സുധാകരന്‍ രംഗത്തെത്തിയത്. ചെത്തുകാരന്റെ മകനായ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വേണമെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.

യു.ഡി.എഫിന്റെ ഐശ്വര്യ കേരളയാത്രയ്ക്ക് തലശേരിയില്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ വെച്ചാണ് സുധാകരന്‍ എം.പി വിവാദ പരാമര്‍ശം നടത്തിയത്.

ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ചെങ്കൊടി പിടിച്ച് നേതൃത്വം കൊടുത്ത പിണറായി വിജയന്‍ എവിടെ…പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്നും ഉയര്‍ന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്ററെടുത്ത, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് അഭിമാനമാണോ അപമാനമാണോ എന്ന് സി.പി.ഐ.എമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം എന്നായിരുന്നു സുധാകരന്റെ പ്രസംഗം.

ഇതിന് പിന്നാലെ സുധാകരനെതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നു. സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. സുധാകരന്‍ മാപ്പ് പറയണമെന്നും തൊഴിലിനെ അപമാനിച്ച് സംസാരിച്ചത് അംഗീകരിക്കാനാവില്ലെന്നും ഷാനിമോള്‍ ഉസ്മാനും പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെ ഷാനിമോള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സുധാകരന്‍ എത്തി. പിണറായിയെ പറയുമ്പോള്‍ ഷാനിമോള്‍ ഉസ്മാന് വേദനിക്കുന്നത് എന്തിനാണെന്നും ഉമ്മന്‍ ചാണ്ടിക്കെതിരെ സംസ്‌ക്കാരമില്ലാത്ത വാക്കുകള്‍ സി.പി.ഐ.എം ഉപയോഗിച്ചപ്പോള്‍ അന്നൊന്നും ഇല്ലാത്ത വികാരം പിണറായിയെ വിമര്‍ശിച്ചപ്പോള്‍ തോന്നാന്‍ എന്തുപറ്റിയെന്നായിരുന്നു സുധാകരന്‍ ചോദിച്ചത്. വിഷയത്തില്‍ കെ.പി.സി.സിക്ക് കത്തയച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ഇതോടെ ചെന്നിത്തല നിലപാട് മാറ്റി. തൊട്ടുപിന്നാലെ തന്നെ മാപ്പപേക്ഷുമായി ഷാനിമോളും രംഗത്തെത്തി. പെട്ടെന്ന് പ്രതികരിച്ചത് തന്റെ പിഴവാണെന്നും മാപ്പ് ചോദിക്കുന്നെന്നുമായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞത്.

കെ.സുധാകരന് ഉണ്ടായ വ്യക്തിപരമായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നെന്നും ഒപ്പം തന്റെ പ്രതികരണത്തിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും ഷാനിമോള്‍ പറഞ്ഞിരുന്നു. എന്നാല്‍ സുധാകരനെതിരായ വിമര്‍ശനത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് ഷാനിമോള്‍ പിന്നീട് തിരുത്തിയിരുന്നു.

ഉന്നത നേതാവെന്ന നിലയിലുണ്ടായ പ്രയാസത്തിനാണ് മാപ്പ് പറഞ്ഞത്. അതാണ് ഉചിതമെന്ന് തോന്നിയത് കൊണ്ടാണ് മാപ്പ് പറഞ്ഞത്. വിവാദത്തില്‍ കൂടുതല്‍ ചര്‍ച്ചക്കില്ലെന്നും ഷാനിമോള്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K Sudhakaran again controversial statement against CM Pinarayi Vijayan