'ട്രബിള്‍ ഷൂട്ടര്‍' ഇനി കര്‍ണാടക കോണ്‍ഗ്രസിനെ നയിക്കും; അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഔദ്യോഗിക ചുമതലയേറ്റെടുത്ത് ഡി.കെ ശിവകുമാര്‍
national news
'ട്രബിള്‍ ഷൂട്ടര്‍' ഇനി കര്‍ണാടക കോണ്‍ഗ്രസിനെ നയിക്കും; അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഔദ്യോഗിക ചുമതലയേറ്റെടുത്ത് ഡി.കെ ശിവകുമാര്‍
ന്യൂസ് ഡെസ്‌ക്
Thursday, 2nd July 2020, 5:44 pm

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡി.കെ ശിവകുമാര്‍ ഔദ്യോഗിക ചുമതല ഏറ്റെടുത്തു. തെരഞ്ഞെടുക്കപ്പെട്ട് മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നത്. മെഗാ വെര്‍ച്വല്‍ ചടങ്ങിലൂടെയാണ് ഔദ്യോഗിക ചുമതലയേറ്റെടുത്തത്

15,000ത്തോളം സ്ഥലങ്ങളിലായി ലക്ഷക്കണത്തിന് ജനങ്ങളുടെ സാന്നിധ്യത്തിലാണ് താന്‍ ഔദ്യോഗിക പദവി ഏറ്റെടുത്തതെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു. ബെംഗളൂരുവില്‍ വെച്ചായിരുന്നു ചടങ്ങ്. കോണ്‍ഗ്രസ് നേതാക്കളായ ഈശ്വര്‍ ഖാന്ദ്രെ, സലിം അഹമ്മദ്, സതീഷ് ജാര്‍കിഹോളി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഡി.കെ പദവി ഏറ്റെടുത്തത്.

പ്രവര്‍ത്തകര്‍ക്കായി ടി.വി ചാനല്‍, സൂം ആപ്പ്, യൂ ട്യൂബ്, മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലൂടെ സത്യപ്രതിജ്ഞാ ചടങ്ങ് തല്‍സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.

കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു കോണ്‍ഗ്രസ് പതാക ഡി.കെയ്ക്ക് കൈമാറിയാണ് ചടങ്ങ് ആരംഭിച്ചത്. ഭരണഘടയുടെ ആമുഖം വായിച്ച് ഡി.കെ അധികാരമേറ്റെടുക്കുകയും ചെയ്തു.

പല തവണ മാറ്റിവെച്ച ചടങ്ങാണ് ഇന്ന് നടത്തിയത്. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഔദ്യോഗികമായി ചുമതലയേറ്റെടുക്കാനുള്ള ഡി.കെയുടെ ശ്രമങ്ങളെ യെദിയൂരപ്പ സര്‍ക്കാര്‍ പല തവണ തടഞ്ഞിരുന്നു. എന്നാല്‍ ഡി.കെയുടെ സ്ഥാനാരോഹണം ഗംഭീര പരിപാടിയായി നടത്തുമെന്ന ഉറപ്പായിരുന്നു കോണ്‍ഗ്രസ് നേതൃത്വം അണികള്‍ക്ക് നല്‍കിക്കൊണ്ടിരുന്നത്.

വെര്‍ച്വല്‍ പരിപാടിക്കും അനുമതി നിഷേധിച്ചിരുന്നെങ്കിലും ഡി.കെ ശിവകുമാറിന്റെ നിരന്തര ഇടപെടലുകള്‍ക്കൊടുവില്‍ യെദിയൂരപ്പ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

കര്‍ണാടകത്തിലുടനീളം 7,200 ടെലിവിഷന്‍ സ്‌ക്രീനുകളിലൂടെ ഒരേ സമയം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് വെര്‍ച്വല്‍ ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് ഡി.കെ ശിവകുമാര്‍ അറിയിച്ചിരുന്നു. ഓരോ നിയോജക മണ്ഡലത്തിലും ശരാശരി 30 സ്‌ക്രീനുകള്‍ വീതമാണ് സ്ഥാപിച്ചത്. 150 പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ ബെംഗളൂരുവില്‍വെച്ചായിരുന്നു സത്യപ്രതിജ്ഞ.

സത്യപ്രതിജ്ഞ സംസ്ഥാനത്തൊട്ടാകെ തത്സമയം സംപ്രേക്ഷണം ചെയ്തു. ന്യൂസ് ചാനലുകളിലും സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലും ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരും എം.പിമാരും എം.എല്‍.എമാരും അതാത് സ്ഥലങ്ങളില്‍ ഭരണഘടയുടെ ആമുഖം വായിച്ചു.

‘ബി.ജെ.പി എന്നെയും കോണ്‍ഗ്രസിനെയും ഭയക്കുന്നു. കൊവിഡ് നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയടക്കം നിരവധി വിഷയങ്ങളില്‍ ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാരിനോട് രോഷാകുലരാണ്. അതുകൊണ്ടാണ് അവര്‍ എന്റെ സത്യപ്രതിജ്ഞ വൈകിപ്പിക്കുകയും അനുമതി നിഷേധിക്കുകയും ചെയ്തത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളില്‍ ബി.ജെ.പി ഇത്തരം വെര്‍ച്വല്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടത്? സത്യപ്രതിജ്ഞയുമായി മുന്നോട്ടുപോകുമെന്ന് ഞാന്‍ ഭീഷണി മുഴക്കിയതിന് ശേഷമാണ് യെദിയൂരപ്പ സര്‍ക്കാര്‍ അര്‍ധ മനസോടെ അതിന് അനുമതി നല്‍കിയത്’, ഡി.കെ പറഞ്ഞു.

വൊക്കലിംഗ സമുദായത്തിനിടയില്‍നിന്നും നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന ഡി.കെ ഏഴ് തവണ എം.എല്‍.എയായിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷത്തോളമായി ബി.ജെ.പിയുമായി നേരിട്ട് രാഷ്ട്രീയ വാഗ്വാദത്തില്‍ അര്‍പ്പെട്ടിരിക്കുന്ന നേതാവുമാണ്.

അനധികൃത സ്വത്ത് കൈവശം വെച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് തീഹാര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. രണ്ടുമാസത്തിന് ശേഷം ജാമ്യത്തിലിറങ്ങി നേരിട്ട് കര്‍ണാടക രാഷ്ട്രീയ വേദിയില്‍ സജീവമാവുകയായിരുന്നു ഇദ്ദേഹം. അതിന് ഏതാനും മാസങ്ങള്‍
ക്ക് ശേഷമാണ് കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷനായി നിയമിതനാവുന്നത്.

പാര്‍ട്ടിക്കുള്ളിലെ ട്രബിള്‍ ഷൂട്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഡി.കെയെയാണ് പാര്‍ട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയേല്‍പിച്ചിരിക്കുന്നത്. കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റെടുത്തിന് പിന്നാലെ അദ്ദേഹം പാര്‍ട്ടിയെ അടിത്തട്ടില്‍നിന്നും ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്തുപോലും അദ്ദേഹം സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടിയുടെ കരുത്തനായ നേതാവായി മാറിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ