മധുമാരെ സൃഷ്ടിക്കുന്ന ഭരണനീതി
Tribal Issues
മധുമാരെ സൃഷ്ടിക്കുന്ന ഭരണനീതി
കെ. സഹദേവന്‍
Friday, 22nd February 2019, 12:58 pm

രാജ്യത്തെ പത്തുലക്ഷത്തോളം ആദിവാസികളെ വനത്തില്‍ നിന്ന് കുടിയൊഴിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെയാണ് ബാധിക്കുക. അര്‍ഹരായ ഒരാളെപ്പോലും ഭൂമിയില്‍ നിന്ന് ഇറക്കിവിടാതിരിക്കാനുള്ള സാധ്യതകളാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുന്നത്. അതിന്റെ ഭാഗമെന്നോണം കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അര്‍ഹരായ എല്ലാവര്‍ക്കും ഭൂമിയില്‍ അവകാശം ഉറപ്പാക്കുന്ന നിലയില്‍ നിയമനിര്‍മാണം അടക്കമുള്ള ആവശ്യങ്ങളും കേന്ദ്രസര്‍ക്കാറിനോട് ഉന്നയിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആദിവാസികളുടെ അവകാശം ഉറപ്പുവരുത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഈ നീക്കങ്ങള്‍ക്ക് എത്രത്തോളം സാധുതയുണ്ടെന്ന് പരിശോധിക്കുകയാണ് ഈ ലേഖനം.

പതിനൊന്ന് ലക്ഷം ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്നാണ് ഉത്തരവ്. അതായത്, ഏതാണ്ട് അറുപത് ലക്ഷം ജനങ്ങളെ! ഇന്ത്യയിലെ മൊത്തം ആദിവാസി ജനസംഖ്യയുടെ 6 ശതമാനംവരും ഇത്. വനാവകാശ പരിരക്ഷ ഇല്ല എന്നതാണ് കണ്ടുപിടുത്തം. അഞ്ച് മാസത്തെ സമയമാണ് അതത് ഗവണ്‍മെന്റുകള്‍ക്ക് കോടതി അനുവദിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ ഈ ഉത്തരവ് നടപ്പിലാക്കിയാല്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിബൃഹത്തായ കുടിയൊഴിപ്പിക്കലിനായിരിക്കും നാം സാക്ഷ്യം വഹിക്കേണ്ടി വരിക.

ഏറ്റവും ദുര്‍ബലരായ ഒരു പാരിസ്ഥിതിക ജനതയ്ക്ക് നേരെ ഭരണകൂടവും നിയമസംവിധാനങ്ങളും ചേര്‍ന്ന് നടത്തുന്ന അധികാര പ്രയോഗം കൂടിയായിരിക്കും ഇത്. ഒരു ജനതയെയോ അവരുടെ ജീവിതരീതികളെയോ, സാമൂഹ്യ പശ്ചാത്തലങ്ങളെയോ ഒട്ടും പരിഗണിക്കാത്ത, തികച്ചും മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഒരു ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

മുത്തങ്ങയിലെ ആദിവാസി ഭൂസമരത്തിന്റെ 19ാം വാര്‍ഷിക ദിനത്തില്‍ തന്നെ ഇത്തരമൊരു ഉത്തരവ് പുറത്തുവന്നത് യാദൃശ്ചികതയാകാം. എന്നാല്‍ ജീവിക്കുവാനുള്ള അവകാശങ്ങള്‍ക്കും, ജനാധിപത്യാവസരങ്ങള്‍ക്കും വേണ്ടി ഇന്ത്യയിലെമ്പാടും പോരാടിക്കൊണ്ടിരിക്കുന്ന ആദിവാസി സമൂഹങ്ങള്‍ക്കുള്ള ഭരണകൂട മുന്നറിയിപ്പാണ് ഇതെന്നത് വ്യക്തം. നിയമമോ, ഭരണകൂടമോ, പൊതുമനഃസാക്ഷിയോ ഒന്നും തന്നെ നിങ്ങളുടെ രക്ഷയ്ക്കായ് എത്തുകയില്ലെന്ന മുന്നറിയിപ്പ്.

ആദിവാസി ക്ഷേമവകുപ്പും ഒരു മന്ത്രാലയവും ഒക്കെയുണ്ടായിട്ടുപോലും ആദിവാസികളുടെ വനത്തിന്മേലുള്ള അധികാരം സംരക്ഷിച്ചെടുക്കുന്നതിനായി കോടതിയില്‍ പ്രത്യക്ഷപ്പെടാന്‍ പോലും അവര്‍ തയ്യാറായില്ല എന്നത് ശ്രദ്ധിക്കുക. ആദിവാസികളെ അവരുടെ മണ്ണില്‍ നിന്നും കുടിയിറക്കാനുള്ള ഈ ഉത്തരവ് കേവലം സാങ്കേതികമായ പിഴവുകള്‍ കൊണ്ട് സംഭവിച്ചതല്ല. ഏഴ് പതിറ്റാണ്ട് കാലമായി നാം തുടര്‍ന്നുപോരുന്ന സാമ്പത്തിക നയങ്ങളുടെ തുടര്‍ച്ചകൂടിയാണത്. ചോദ്യം ചെയ്യലുകള്‍ കൂടാതെ ഇന്ത്യയിലെ വിവിധ പദ്ധതികള്‍ക്കായി കുടിയൊഴിഞ്ഞുപോയവര്‍ തിരിഞ്ഞ് നിന്ന് ചോദ്യം ചോദിക്കാന്‍ തുടങ്ങിയതോടെ ഭൂമിയിലുള്ള അവരുടെ അവകാശത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നുവെന്ന് മാത്രം.

ഇന്ത്യയിലെ ആദിവാസി-ഗോത്ര ജനതയുടെ ഭൂമി അന്യാധീനപ്പെടലിന്റെ ചരിത്ര പശ്ചാത്തലം കൂടി മനസ്സിലാക്കുമ്പോള്‍ മാത്രമേ പുതുതായി പുറത്തിറങ്ങിയ ജനവിരുദ്ധ കോടതി വിധിയുടെ പൊരുള്‍ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

ഭൂമിയെ സ്വകാര്യ സ്വത്തായി പരിഗണിക്കാത്ത ഒരു ജനതയാണ് ആദിവാസികള്‍. അവരുടെ ജീവിതരീതികള്‍, സംസ്‌കാരം, തൊഴില്‍ എന്നിവയെല്ലാം തന്നെ പൊതുസ്വത്തെന്ന നിലയില്‍ വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് അവരെ പഠിപ്പിക്കുന്നത്. സങ്കീര്‍ണ്ണമെന്ന് ആധുനിക സമൂഹത്തിന് തോന്നാവുന്ന സാമൂഹ്യബന്ധങ്ങളെ ഏറ്റവും ലളിതമായി കൈകാര്യം ചെയ്യാന്‍ ആദിവാസികളെ സഹായിക്കുന്നത് ഈയൊരു മനോഭാവമാണ്.

കൊളോണിയല്‍ ഭരണകൂടം നടപ്പിലാക്കിയ “പെര്‍മനന്റ് സെറ്റില്‍മെന്റ് ആക്ടും (1793), ഫോറസ്റ്റ് ആക്ടും (1879) ആണ് ഇന്ത്യയിലെ ആദിവാസി ജനതയുടെ സ്വച്ഛന്ദമായ ജീവിതത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തിയത്. ഇന്ത്യയിലെ വനവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ ഈ രണ്ട് നിയമങ്ങളും ആദിവാസികളുടെ വനമേഖലയിലെ സ്വതന്ത്ര ജീവിതത്തിന് വിലങ്ങുതടിയായി മാറി. വനമേഖലയിലെ വിഭവങ്ങള്‍ തങ്ങളുടെ രാജ്യത്തേക്ക് കടത്തിക്കൊണ്ടുപോകുന്നതോടൊപ്പം തന്നെ, തങ്ങളുടെ വിപണിയാവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ ഉത്പാദിപ്പിക്കാനുള്ള മേഖലയായും ഇന്ത്യന്‍ വനങ്ങളെ ബ്രിട്ടീഷുകാര്‍ ഉപയോഗപ്പെടുത്തി. ഇതിന്റെ ഫലമെന്നോണം ലക്ഷക്കണക്കിന് ഹെക്ടര്‍ വനമേഖല പലതരത്തിലുള്ള തോട്ടങ്ങളായി പരിവര്‍ത്തിക്കപ്പെട്ടു. ഇവയുടെയെല്ലാം ആത്യന്തിക പരിണതിയെന്നത്, വനമേഖലയുടെ ഉടമസ്ഥരായിരുന്ന ആദിവാസി ജനത, വനംവകുപ്പിന്റെ കീഴില്‍ കൂലിത്തൊഴിലാളികളായി മാറ്റപ്പെട്ടു എന്നതാണ്.

കൊളോണിയല്‍ വിപണി താല്‍പര്യങ്ങളും ആദിവാസികളുടെ സ്വാതന്ത്ര്യ വാഞ്ഛയും തമ്മിലുള്ള സംഘര്‍ഷം ഏതാണ്ട് രണ്ട് നൂറ്റാണ്ടുകാലത്തോളം ഇന്ത്യന്‍ വനമേഖലയില്‍ നിലനിന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായി ആയുധമെടുത്ത് പോരാടി നൂറുകണക്കായ ആദിവാസി നേതാക്കള്‍ രാജ്യത്തിന് വേണ്ടി ജീവിതം ബലിനല്‍കി. എന്നാല്‍ ഇന്ത്യയിലെ ഔദ്യോഗിക ചരിത്രത്തില്‍ ഈ ആദിവാസി ധീരന്മാരുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളെക്കുറിച്ചുള്ള നാമമാത്രമായ പരാമര്‍ശം പോലും കാണാനില്ല എന്നതാണ് വസ്തുത.

കൊളോണിയല്‍ നുകത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയില്‍ പക്ഷേ ആദിവാസി ജീവിതത്തിന് യാതൊരു സുരക്ഷിതത്വവും ലഭിച്ചില്ല എന്നതാണ് വസ്തുത. ജനാധിപത്യത്തെ സംബന്ധിച്ച വാചാടോപങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ വ്യാവസായിക വളര്‍ച്ചയ്ക്കും രാഷ്ട്ര വികസനത്തിനും ജനാധിപത്യം ഒരു വിലങ്ങുതടിയാണെന്ന ആന്തരികബോധം ഉള്‍ക്കൊള്ളുന്നവരായിരുന്നു നെഹ്രു തൊട്ടിങ്ങോട്ടുള്ള എല്ലാ ദേശീയവാദികളും.

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍ച്ചേര്‍ക്കുന്നതിനപ്പുറമുള്ള ജനാധിപത്യ ഇടപെടലുകളെക്കുറിച്ച്, വികസനം, സാമൂഹ്യനീതി, സൂക്ഷ്മജനാധിപത്യം എന്നിവ സംബന്ധിച്ച സംവാദങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഭാഗഭാക്കുന്നതില്‍ അതുകൊണ്ടുതന്നെ രാജ്യത്തെ ദേശീയവാദികള്‍ വലിയ ഉത്കണ്ഠ സൂക്ഷിക്കുന്നവരായിരുന്നില്ല. ഭൂമി അടക്കമുള്ള സമ്പത്തിന്റെ ഉടമസ്ഥാവകാശം, സാമൂഹ്യക്ഷേമ മേഖലകളിലെ അസമത്വം എന്നിവ ഏഴ് പതിറ്റാണ്ട് കാലത്തിന് ശേഷവും തല്‍സ്ഥിതിയില്‍ തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നാളിതുവരെയായി 5 കോടിയോളം ആദിവാസികളെയാണ് അവരുടെ പിറന്നമണ്ണില്‍ നിന്നും പിഴുതെറിഞ്ഞിട്ടുള്ളത്. വികസന പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപ്പെട്ട മൊത്തം ജനസംഖ്യയുടെ 50 ശതമാനത്തിന് മുകളില്‍ വരും ഇത്! ഇന്ത്യന്‍ ജനസംഖ്യയില്‍ എട്ടര ശതമാനം മാത്രം വരുന്ന ഒരു വിഭാഗമാണ് ഇതെന്ന് കൂടി ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. അണക്കെട്ടുകള്‍, ഖനനപദ്ധതികള്‍, വ്യവസായശാലകള്‍, ദേശായോദ്യാനങ്ങള്‍, തോട്ടവല്‍ക്കരണം തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ഈ ജനതയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരമോ, അവരുടെ പുനരധിവാസം ഉറപ്പുവരുത്താനുള്ള നടപടികളോ ഒന്നും തന്നെ സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായില്ല. “വിശാലമായ രാജ്യതാല്‍പര്യങ്ങള്‍”ക്കും “രാഷ്ട്ര പുരോഗതി”ക്കും വേണ്ടി ബലിദാനം നടത്താനായിരുന്നു എല്ലാവരും അവരോട് ആവശ്യപ്പെട്ടത്.

90കളിലെ സാമ്പത്തിക ഉദാരനയങ്ങള്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ വനമേഖലയിലെ ഇടപെടല്‍ ശക്തമാക്കിയതും, വ്യാവസായിക വളര്‍ച്ചയ്ക്കായി യാതൊരു തത്വദീക്ഷയുമില്ലാതെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ആരംഭിച്ചതും വനമേഖലയിലെ ആദിവാസികളുടെ ജീവിതം കൂടുതല്‍ അസ്വസ്ഥമാക്കുകയായിരുന്നു. 80കളുടെ ആരംഭത്തോടെ ഉയര്‍ന്നുതുടങ്ങിയ ആദിവാസി ചെറുത്തുനില്‍പുകള്‍ കൂടുതല്‍ കരുത്തുനേടാന്‍ തുടങ്ങിയതും ഇക്കാലയളവിലാണ്. നര്‍മ്മദ അടക്കമുള്ള വിവിധങ്ങളായ വികസന പദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കാനുള്ള ആവശ്യം ശക്തമായി ഉയര്‍ന്നുവന്നു. കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസികളുടെ പുനരധിവാസം തൊട്ടുള്ള വിഷയങ്ങള്‍ ഇന്ത്യയില്‍ ആദ്യമായി ചര്‍ച്ച ചെയ്യുന്നതുപോലും ഈയൊരുഘട്ടത്തിലാണ്. തുടര്‍ന്നുള്ള കാലയളവില്‍ ആദിവാസികളുടെ വനാവകാശത്തിനും ഭൂമിക്ക് മേലുള്ള അധികാരത്തിനും വേണ്ടിയുള്ള നിരവധി പ്രക്ഷോഭങ്ങള്‍ ഇന്ത്യയില്‍ നടന്നു. കേരളത്തിലെ മുത്തങ്ങ തൊട്ട് ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ വരെ ആദിവാസി വിഭാഗങ്ങളുടെ ഉജ്വല പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

നിയാമഗിരിയില്‍ വേദാന്തയ്ക്കും, എര്‍സാമയില്‍ പോസ്‌കോയ്ക്കും, ഖുന്‍തി-ഗുംലയില്‍ ആര്‍സെലര്‍ മിത്തലിനും ആദിവാസി വിഭാഗങ്ങളുടെ എതിര്‍പ്പിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നത് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഉയിരെടുത്ത അവകാശബോധം ഒന്നുകൊണ്ടു മാത്രമാണ്. ആദിവാസി മേഖലകളില്‍ നിന്നുള്ള അതിശക്തമായ ചെറുത്തുനില്‍പുകളോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് പെസ ആക്ടും (1996), വനാവകാശ നിയമവും (2006) രൂപംകൊള്ളുന്നത്. എന്നാല്‍ ഈ കാലയളവിനുള്ളില്‍ ആദിവാസികളുടെ കൈകളില്‍ നിന്ന് അവരുടെ വനവും ഭൂമിയും ഏതൊണ്ട് വലിയൊരളവില്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു.

ഭൂമി അന്യാധീനപ്പെടല്‍

ആദിവാസി ഭൂമി അവരുടെ കൈകളില്‍ തന്നെ നിലനിര്‍ത്തുന്നതിനായി ഒട്ടനവധി ഭൂസംരക്ഷണ നിയമങ്ങള്‍, നിയന്ത്രണങ്ങള്‍, വനനിയമങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍, ഉത്തരവുകള്‍, കോടതി ഉത്തരവുകള്‍, വിധി പ്രസ്താവങ്ങള്‍, എന്നിവയൊക്കെ ഉണ്ടായിട്ടും അവ യാഥാര്‍ത്ഥ്യമാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഗവണ്‍മെന്റുകള്‍ക്ക് ഉണ്ടായിരുന്നില്ല. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ “നിയമപരമായി” ആദിവാസികളുടെ ഭൂമി ഏറ്റെടുക്കല്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ നിയമവിരുദ്ധമായി ആദിവാസി ഭൂമികളിലേക്ക് കടന്നുകയറല്‍, ആദിവാസി ഭൂമി സര്‍ക്കാര്‍ ഭൂമിയായി ഔദ്യോഗിക രേഖകളില്‍ എഴുതിച്ചേര്‍ത്ത് തട്ടിയെടുക്കല്‍, ബിനാമി ഇടപാടുകളിലൂടെ ഭൂമി സ്വന്തമാക്കല്‍, ദേശീയോദ്യാനങ്ങള്‍, സംരക്ഷിതവനങ്ങള്‍ എന്നിവയ്ക്കുവേണ്ടി ആദിവാസികളെ അവരുടെ താമസ സ്ഥലങ്ങളില്‍ നിന്ന് പുറത്താക്കല്‍, പ്രാദേശിക ഭൂവുടമകളുടെയും വട്ടിപ്പലിശക്കാരുടെയും ഇടപെടലിലൂടെ ഭൂമി അന്യാധീനപ്പെടല്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ആദിവാസികളുടെ ഭൂമിയില്‍ നിന്നുള്ള അന്യവല്‍ക്കരണം ഇത്രയധികം രൂക്ഷമായതെന്ന് പറയാം.

നിയമവിരുദ്ധമായ ഭൂമി അന്യവല്‍ക്കരണത്തിന് കാരണം റവന്യൂ ഉദ്യോഗസ്ഥന്മാരുടെ പങ്കാളിത്തമാണെന്നും നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും, രേഖകള്‍ തിരുത്തിയും അന്യവല്‍ക്കരിക്കപ്പെട്ട ആദിവാസി ഭൂമികള്‍ പതിച്ചുനല്‍കുന്നതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും ആദിവാസി അന്യവല്‍ക്കരണത്തിന് ഇടയാക്കുന്നതില്‍ സംസ്ഥാനങ്ങളിലെ നിയമനിര്‍മ്മാണങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നും ആദിവാസികളുടെ സാമ്പത്തിക-ആരോഗ്യ-വിദ്യാഭ്യാസ സ്ഥിതിയെക്കുറിച്ച് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ഉന്നതതല സമിതി വിലയിരുത്തുകയുണ്ടായി.

ദേശീയോദ്യാനങ്ങളുടെ നിര്‍മ്മാണം ആദിവാസികളുടെ അവകാശങ്ങളെ ഹനിക്കുന്നതും അവരെ വനഭൂമയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതിനും നിര്‍ബ്ബന്ധിതമായ കുടിയേറ്റത്തിന് കാരണമാക്കിയെന്നും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ആദിവാസികളെ തെരുവാധാരമാക്കിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഛത്തീസ്ഗഢ്, ഝാര്‍ഘണ്ട്, ഒഡീഷ എന്നീ ആദിവാസി ഭൂരിപക്ഷ സംസ്ഥാനങ്ങളിലെ ഉദാഹരണങ്ങള്‍ ഇന്ത്യയിലെ ആദിവാസികളുടെ ദയനീയാവസ്ഥയുടെ സമ്പൂര്‍ണ്ണ ചിത്രം നമ്മുടെ മുമ്പില്‍ വരച്ചുകാട്ടുന്നുണ്ട്. നിയമങ്ങളിലെ പഴുതുകള്‍ കണ്ടെത്തിയും, നിയമങ്ങളെ തെറ്റായി വ്യാഖ്യാനിച്ചും, നിയമലംഘനങ്ങള്‍ നടത്തിയും ഒക്കെത്തന്നെ വന്‍തോതിലുള്ള ഭൂമി കവര്‍ച്ച ഈ പ്രദേശങ്ങളില്‍ സാധ്യമാക്കിയിട്ടുണ്ട്. എസ്സാര്‍ സ്റ്റീല്‍സ്, അവന്ത ഗ്രൂപ്പ് ഓഫ് കമ്പനീസ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, ബിര്‍ള ഗ്രൂപ്പ് ഓഫ് കമ്പനീസ്, സ്റ്റെര്‍ലൈറ്റ്, വീഡിയോകോണ്‍ തുടങ്ങി സ്വദേശിയും വിദേശിയുമായ നിരവധി കമ്പനികള്‍ ഇന്ത്യയുടെ കിഴക്കന്‍ മേഖലകളില്‍ ആദിവാസി ഭൂമി കയ്യേറുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച് നിരവധി രേഖകള്‍ പുറത്തുവന്നിട്ടുണ്ട്.

ഒറീസ്സയിലെ ജഗത്സിംഗ്പൂരില്‍ എസ്സാര്‍ കമ്പനി സ്ഥാപിച്ച സ്റ്റീല്‍ പ്ലാന്റിന് വേണ്ടി അക്വയര്‍ ചെയ്ത 2000 ഏക്കര്‍ ഭൂമിയില്‍ 1663 ഏക്കര്‍ ഭൂമിയും ഗ്രാമീണരുടേതായിരുന്നു. മധ്യപ്രദേശിലെ സത്പുര മലനിരകളിലെ ആദിവാസി ഭൂമിയില്‍ ഒട്ടനവധി ഖനന കമ്പനികള്‍ നിയമവിരുദ്ധമായി ഖനനപ്രവര്‍ത്തനങ്ങള്‍ നടത്തിയത് സംബന്ധിച്ച് പരാതികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടും നാളിതുവരെയായും യാതൊരു നിയമ നടപടികളും കൈക്കൊണ്ടിട്ടില്ല. ഝാര്‍ഘണ്ടില്‍ മാത്രമായി 1951-1995 കാലഘട്ടത്തില്‍ വിവിധ പദ്ധതികള്‍ക്കായി 15,45,947 ഏക്കര്‍ ഭൂമി ഏറ്റെടുത്തതായി കണക്കുകള്‍ പറയുന്നു. ഈ ഭൂമിയില്‍ ഏതാണ്ട് 65-70 ശതമാനവും ആദിവാസികളുടേതാണ്. ഇതേകാലയളവില്‍ ഒഡീഷയില്‍ 23ലക്ഷം ജനങ്ങള്‍ക്ക് തങ്ങളുടെ ഭൂമിയില്‍ നിന്നും കുടിയൊഴിഞ്ഞുപോകേണ്ടതായി വന്നിട്ടുണ്ട്. ഇതില്‍ 42.02% (14,65,909)വും ആദിവാസി വിഭാഗങ്ങളില്‍ പെട്ടവരാണ്. കുടിയൊഴിപ്പിക്കലിനെ സംബന്ധിച്ച നിര്‍വ്വചനങ്ങളിലെ അവ്യക്തതയും, സങ്കുചിതത്വവും ഈ വിഷയത്തിന്മേലുള്ള അധികൃതരുടെ അവഗണനയെയും അലംഭാവത്തെയും വ്യക്തമാക്കുന്നുണ്ട്. പദ്ധതിബാധിതരായ ജനങ്ങളില്‍ പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും അവകാശമുള്ളവര്‍ ഭൂരേഖകള്‍ കൈവശമുള്ളവര്‍ മാത്രമാകുമ്പോള്‍ ഭൂരഹിതരും ദൈനംദിന ഉപജീവനത്തിനായി വനങ്ങള്‍, നദികള്‍, മലകള്‍ എന്നിവയെ ആശ്രയിച്ചു കഴിയുന്നവരുമായ ഭൂരിപക്ഷം ആദിവാസികളും നിര്‍ദ്ദയം അവഗണിക്കപ്പെടുന്നു എന്നത് നാളിതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ കണ്ടുവരുന്ന കാഴ്ചകളാണ്.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഗവണ്‍മെന്റ് ഏജന്‍സികളും

വ്യാവസായികാവശ്യങ്ങള്‍ക്കായി ആദിവാസി ഭൂമി ഏറ്റെടുക്കുന്നതോടൊപ്പം തന്നെ വ്യക്തിതലത്തില്‍ വന്‍ഭൂവുടമകളും കച്ചവടക്കാരും, വട്ടിപ്പലിശക്കാരും ആദിവാസികളുടെ ഭൂമി കയ്യേറുന്നത് സാധാരണ സംഭവമായിക്കഴിഞ്ഞിരിക്കുന്നു. ആദിവാസികളുടെ കൈകളില്‍ നിന്നും ഈ രീതിയില്‍ നഷ്ടമാകുന്ന ഭൂമിയുടെ കണക്ക് അമ്പരപ്പിക്കുന്നതാണ്.

ഇന്ത്യന്‍ ഭൂവിഭവ വകുപ്പ് (Department of Land Reosurces, GoI) 2007-08 കാലയളവില്‍ ഇന്ത്യയിലെ പന്ത്രണ്ടോളം സംസ്ഥാനങ്ങളിലെ ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കുകയുണ്ടായി. 12 സംസ്ഥാനങ്ങളിലെ വിവിധ കോടതികളിലായി 5,06,307 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. 9,02,417 ഏക്കര്‍ ആദിവാസി ഭൂമി ഈ രീതിയില്‍ കേസില്‍ അകപ്പെട്ടു കിടക്കുകയാണ്. ഇവയില്‍ 2,25,343 കേസുകള്‍ ആദിവാസികള്‍ക്കനുകൂലമായി വിധിക്കുകയുണ്ടായി (5,00,376 ഏക്കര്‍). 1,99,000 കേസുകള്‍ കോടതികള്‍ തള്ളിക്കളഞ്ഞു (4.11 ലക്ഷം ഏക്കര്‍ ഭൂമി) (Xaxa Commttiee report 2014). കോടതി അനുകൂലമായി വിധിച്ച കേസുകളില്‍പ്പോലും ആത്യന്തികമായി ഭൂമിയുടെ അവകാശം ആദിവാസികളുടെ കൈകളിലേക്കെത്തിപ്പെടാത്ത നിരവധി സംഭവങ്ങളുണ്ട്.

നിയമം നടപ്പിലാക്കേണ്ട പോലീസ് സംവിധാനം ഭൂവുടമസ്ഥരുടെയും വട്ടിപ്പലിശക്കാരുടെയും സഹായത്തിനെത്തുന്നതാണ് ഇതിനുകാരണം. കോടതികളില്‍ എത്താത്ത കേസുകളുടെ എണ്ണം എത്രയോ വരും. നിയമപരമായി ഇത്തരം കേസുകളില്‍ ആദിവാസികളെ സഹായിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അത്തരം കേസുകള്‍ ഏറ്റെടുക്കാന്‍ വക്കീല്‍മാര്‍ തയ്യാറാക്കത് ആദിവാസികളുടെ ഭൂമി എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. സര്‍ക്കാര്‍ അനുവദിക്കുന്ന നിയമസഹായ ഫണ്ട് വളരെ കുറഞ്ഞതാണ് എന്നതാണ് വക്കീല്‍മാരെ പിന്തിരിപ്പിക്കുന്ന ഘടകം.


ഭൂമി ഏറ്റെടുക്കല്‍

1894 ല്‍ പാസാക്കിയ “ഭൂമി ഏറ്റെടുക്കല്‍ നിയമ” (Land Aquisition Act 1894)ത്തെ അടിസ്ഥാനപ്പെടുത്തിയാണ് നാളിതുവരെയും സര്‍ക്കാരുകള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുത്തിട്ടുള്ളത്. കൊളോണിയല്‍ ഭരണകൂടം തങ്ങളുടെ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടുകൊണ്ട് തയ്യാറാക്കിയ നിയമം മാറ്റങ്ങളൊന്നും കൂടാതെ തുടരാന്‍ “ജനാധിപത്യ ഇന്ത്യ”യിലെ ഭരണസാരഥികള്‍ക്ക് ലജ്ജയേതുമില്ലായിരുന്നു. “എമിനന്റ് ഡൊമൈന്‍” (Eminent Domain), “പബ്ലിക് പര്‍പസ്” (Public Purpose) എന്നീ പ്രയോഗങ്ങളിലൂടെയായിരുന്നു ഈ നിയമത്തിനു കീഴില്‍ സര്‍ക്കാരുകള്‍ ജനങ്ങളില്‍ നിന്ന് ഭൂമി ഏറ്റെടുത്തത്. ഈ രണ്ട് പദങ്ങളുടെയും സാധുതയെ സുപ്രീം കോടതി അടക്കമുള്ള വിവിധ കോടതികള്‍ പലപ്പോഴായി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.

ഭൂരഹിതരാക്കപ്പെട്ട ജനങ്ങളുടെ പരിദേവനങ്ങള്‍ എല്ലായ്പോഴും സ്റ്റേറ്റിന്റെ സമാനതകളില്ലാത്ത അധികാരത്തിന് മുന്നില്‍ നിഷ്ഫലമാകുകയാണുണ്ടായത്. “സമൂഹത്തിന്റെ മൊത്തത്തിലൂള്ള താല്‍പര്യം എല്ലായ്പോഴും വ്യക്തികളുടെ താല്‍പ്പര്യങ്ങളേക്കാള്‍ ഉപരിയാണ്” എന്നതാണ് “എമിനന്റ് ഡൊമൈന്‍” തത്വത്തിന്റെ കാതല്‍. ഏതൊരു സ്വകാര്യ ഭൂമിയും യാതൊരു ചോദ്യം ചെയ്യലും കൂടാതെ ഏറ്റെടുക്കുവാനുള്ള അധികാരമാണ് ഇതുവഴി രാഷ്ട്രത്തിന് മേല്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. “പൊതുആവശ്യം” എന്ന മുദ്രകുത്തി ഈ അധികാരം പ്രയോഗിക്കുവാന്‍ ഭരണകൂടം എല്ലാകാലത്തും തയ്യാറായിട്ടുണ്ട്.

“ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുമ്പോള്‍” അതിന് ഏറ്റവും പ്രധാന ഇരകളായി മാറുന്നത് ഭൂരഹിതരായ ജനങ്ങളായിരിക്കും. ഇന്ത്യയില്‍ അത് പ്രധാനമായും ആദിവാസി വിഭാഗങ്ങളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഏറ്റെടുത്ത ഭൂമിക്ക് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ഭൂരേഖകള്‍ കൈവശമുള്ളവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുള്ളപ്പോള്‍ ഭൂരഹിതരായ ആളുകളെ സംബന്ധിച്ചിടത്തോളം നഷ്ടപരിഹാരമെന്നത് മരീചിക മാത്രമാകുന്നു.

ആദിവാസികളുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും അവകാശ സംരക്ഷണങ്ങള്‍ക്കായി നിരവധി നിയമനിര്‍മ്മാണങ്ങള്‍ കാലാകാലങ്ങളായി കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും നിയമനിര്‍മ്മാണ സഭകള്‍ നടത്തിയിട്ടുണ്ട്. ആദിവാസികളുടെ ഭൂമി നഷ്ടപ്പെടാതിരിക്കാനുള്ള പ്രത്യേക നിയമങ്ങള്‍ വരെ ഇവിടെ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഭൂമി നഷ്ടപ്പെട്ട ആദിവാസി – ഗോത്ര വിഭാഗങ്ങളുടെ കണക്കുകള്‍ മറ്റേതൊരു സമൂഹങ്ങളെക്കാളും കൂടുതലാണ് എന്നത് വസ്തുതയാണ്.

എമിനന്റ് ഡൊമൈന്‍ എന്ന അധികാരം നല്‍കി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ പിന്തുണ ഒരു ഭാഗത്ത് ഭരണഘടന ഭരണകൂടത്തിന് നല്‍കുമ്പോള്‍, മറുഭാഗത്ത് ഇതേ ഭരണഘടനയുടെ 14ാം ഖണ്ഡം ആദിവാസികളുടെ സംരക്ഷണത്തെക്കുറിച്ചും ഉറപ്പുനല്‍കുന്നുണ്ട്. ആദിവാസികളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുവാനുള്ള ബാധ്യത ഭരണഘടന ഉറപ്പുനല്‍കുമ്പോള്‍, ഇതേ ഭരണഘടന നല്‍കുന്ന അധികാരമുപയോഗിച്ചാണ് ആദിവാസികളുടെ ഭൂമി കൈക്കലാക്കാനും തല്‍പര കക്ഷികള്‍ പ്രാപ്തരാകുന്നത്. സുപ്രീംകോടതിയുടെ 1994ലെ ഒരു വിധിയില്‍ പറയുന്നത്, “പൊതു ആവശ്യങ്ങള്‍ക്കുവേണ്ടി സ്വകാര്യ സ്വത്ത് ഏറ്റെടുക്കുവാനുള്ള അധികാരം പരമാധികാരത്തെ സംബന്ധിച്ച മനോഭാവം കൂടിയാണ്, ഭരണകൂടങ്ങളുടെ നിലനില്‍പിന് അത് അനിവാര്യമാണ്. ഉടമസ്ഥരുടെ അനുമതി കൂടാതെ പരമാധികാര രാഷ്ട്രത്തിന് പൊതുനന്മയ്ക്കായി ഏതൊരു പൗരന്റെയും ഭൂമി ഏതുസമയത്തും ഏറ്റെടുക്കാമെന്ന തത്വത്തെ അംഗീകരിച്ചുകൊണ്ടാണ് എമിനന്റ് ഡൊമൈന്‍ എന്ന കാഴ്ചപ്പാട് നിലനില്‍ക്കുന്നത്.

“പൊതു ആവശ്യം” പരിഗണിച്ചുകൊണ്ട് ഭരണകൂടത്തിന് ലഭിക്കുന്ന ഈ അമിതാധികാരത്തെ സംബന്ധിച്ച് വളരെ കാതലായ പല ചോദ്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ജനാധിപത്യ സങ്കല്പങ്ങള്‍ക്ക് ഒട്ടും നിരക്കാത്തതാണ് ഭരണകൂടത്തിന് ലഭിക്കുന്ന ഈ അമിതാധികാരം. “പൊതു ആവശ്യം” എന്ന സങ്കല്പത്തിന്റെ അടിത്തറയെത്തന്നെ ഇന്ന് പലരീതിയില്‍ ചോദ്യം ചെയ്തുവരുന്നുണ്ട്. “പൊതുആവശ്യങ്ങളെ” നിര്‍വ്വചിക്കുന്നത് ആരാണ് എന്ന സുപ്രധാന ചോദ്യം ഉന്നയിക്കപ്പെടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇന്നത്തെ നിലയില്‍ ഇന്ത്യയിലെ “പൊതു ആവശ്യങ്ങളെ” നിര്‍ണ്ണയിക്കുന്നതില്‍ വിപണി ശക്തികള്‍ക്കുള്ള സ്വാധീനത്തെക്കുറിച്ച് എത്ര ശ്രമിച്ചാലും മറച്ചുവെക്കാന്‍ സാധിക്കുകയില്ല.

ഇന്ത്യാ ഗവണ്‍മെന്റിന്റെ വ്യാവസായിക-സാമ്പത്തിക നയങ്ങള്‍ മറ്റെല്ലാ സാമൂഹ്യക്ഷേമ, ജനാധിപത്യാവകാശ നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഉപരിയാണ് എന്നതാണ് വസ്തുത. “വ്യാവസായിക-സാമ്പത്തിക വളര്‍ച്ച” എന്ന മന്ത്രവടിക്കുമുന്നില്‍ മറ്റെല്ലാം നിഷ്പ്രഭമാകും. മനുഷ്യാവകാശത്തെക്കുറിച്ചോ, സുരക്ഷിതമായി ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചോ, വിഭവാധികാരങ്ങളെ സംബന്ധിച്ചോ ഉള്ള എല്ലാ ചോദ്യങ്ങളും ഇവിടെ അവസാനിക്കുന്നു. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭരണവര്‍ഗ്ഗമായി മാറുന്ന ഒരു സന്ദര്‍ഭമാണിത്.

സുപ്രീം കോടതിയുടെ പുതിയ ഉത്തരവനുസരിച്ച് 11, 27, 446 കുടുംബംഗങ്ങളെയാണ് വനാവകാശ നിയമത്തിന് വെളിയില്‍ നിര്‍ത്തിയിരിക്കുന്നത്. 17 സംസ്ഥാനങ്ങളില്‍ നിന്നായി കുടിയൊഴിപ്പിക്കേണ്ട ആദിവാസി കുടുംബംഗങ്ങളുടെ സംഖ്യ പരിശോധിച്ചാല്‍ ഏറ്റവും വലിയ അളവില്‍ കുടിയൊഴിപ്പിക്കല്‍ നടക്കാന്‍ പോകുന്നത് ഇന്ത്യയിലെ ആദിവാസി ഇടനാഴിയിലായിരിക്കും എന്ന് മനസ്സിലാക്കാന്‍ സാധിക്കും. മധ്യപ്രദേശ് (3,54,787), ഒഡീഷ (1,48,870), ഝാര്‍ഘണ്ട് (28,107), ഛത്തീസ്ഗഢ് (20,095), പശ്ചിമബംഗാള്‍ (86,144), തെലങ്കാന (82,075) എന്നീ ആറ് സംസ്ഥാനങ്ങളില്‍ മാത്രമായി ഏഴ് ലക്ഷത്തോളം കുടുംബംഗങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ കഴിയുന്നത്.

ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ മിനറല്‍ നിക്ഷേപമുള്ള ഈ മേഖലയിലാണ് സ്വദേശിയും വിദേശിയുമായ എല്ലാ ബഹുരാഷ്ട്ര കമ്പനികളും കണ്ണുംനട്ടിരിക്കുന്നത് എന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കുമ്പോള്‍ മാത്രമേ കോടതി വ്യവഹാരത്തിന്റെയും അതിന്മേലുള്ള ഭരണാധികാരികളുടെ ഉദാസീനതയുടെയും പൊരുള്‍ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

കോടതി ഉത്തരവ് കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെയാണ് ബാധിക്കുവാന്‍ പോകുന്നത്. ഇതിനെതിരെ കേരള സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. കേരളത്തിലെ ജനസംഖ്യയുടെ 1.4% വരുന്ന ആദിവാസി സമൂഹം നാളിതുവരെ നടന്ന എല്ലാതരം സാമൂഹ്യക്ഷേമ പദ്ധതികളുടെയും പുറത്തായിരുന്നു. ഏറെ വാഴ്ത്തപ്പെട്ട ഭൂപരിഷ്‌കരണ പരിപാടികളില്‍ നിന്നുംപോലും പുറത്താക്കപ്പെട്ടവരാണവര്‍. ടാറ്റയെയും ഹാരിസണെയും പോലുള്ള വന്‍കിട കമ്പനികള്‍ പതിനായിരക്കണക്കിന് ഹെക്ടര്‍ വനഭൂമി അനധികൃതമായ കൈവശം വെക്കുകയും സര്‍ക്കാര്‍ അതിന് ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്യുന്ന ഈ നാട്ടില്‍ പതിനായിരക്കണക്കിന് ആദിവാസി കുടുംബങ്ങളാണ് ഭൂരഹിതരായി കഴിയുന്നത്.

2006ല്‍ നിലവില്‍ വന്ന വനാവകാശം എങ്ങിനെ നടപ്പിലാക്കാതിരിക്കാം എന്നതിനക്കുറിച്ചാണ് സംസ്ഥാനങ്ങള്‍ അന്വേഷിക്കുന്നത്. ഒഡീഷ പോലുള്ള സംസ്ഥാനങ്ങള്‍ വനാവകാശ നിയമത്തെ അട്ടിമറിക്കുന്ന രീതിയിലുള്ള നിയമങ്ങള്‍ നിയമസഭയില്‍ പാസാക്കുക പോലുമുണ്ടായി. കേരളത്തില്‍ വനാവകാശ നിയമം വളരെ ചുരുങ്ങിയ പ്രദേശങ്ങളില്‍ മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ. കൈവശാവകാശ രേഖകളുടെ കുടുംബംഗങ്ങള്‍ക്ക് അത് അംഗീകരിച്ചുകൊടുക്കുക എന്നതില്‍ കവിഞ്ഞുള്ള നടപടികള്‍ ഒന്നും തന്നെ സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായില്ല. ആദിവാസി സമൂഹങ്ങളുടെ പൊതുവിഭവ വിനിയോഗ കാഴ്ചപ്പാടുകള്‍ക്ക് അനുരൂപമാകുന്ന നിലയില്‍ സാമൂഹിക വനാവകാശം, വിഭവാധികാരം തുടങ്ങിയവ അംഗീകരിക്കാന്‍ ഭരണതലപ്പത്തുള്ളവര്‍ക്ക് ഇപ്പോഴും വിമുഖതയാണ്.

കോടതി ഉത്തരവിലൂടെ ലക്ഷക്കണക്കിന് ആദിവാസികളുടെ കുടിയിറക്കല്‍ എളുപ്പമാക്കാം എന്ന കുടില ചിന്തയാണ് ഭരണാധികാരികളെ ഭരിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകുകയില്ലെന്ന് ഹിമാചല്‍ സര്‍ക്കാരിനെങ്കിലും അറിയാം. വനാവകാശ പരിരക്ഷയില്ലെന്ന് പ്രഖ്യാപിച്ച് 2016ല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഒഴിപ്പിച്ചെടുക്കാന്‍ ആവശ്യപ്പെട്ട 10000 ഹെക്ടര്‍ ആദിവാസി ഭൂമിയില്‍ ജനങ്ങളെ കുടിയിറക്കാന്‍ സര്‍ക്കാരിന് ഇതുവരെയും സാധിച്ചിട്ടില്ല. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലെ ആയിരക്കണക്കിന് ആദിവാസികള്‍ ഹരിത ട്രിബ്യൂണലിന്റെയും സര്‍ക്കാരിന്റെയും ജനവിരുദ്ധ നടപടികള്‍ക്കെതിരെ ഇപ്പോഴും പ്രക്ഷോഭപാതയിലാണ്. വരുംനാളുകളില്‍ അത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും എന്നുതന്നെയാണ് കരുതേണ്ടത്.

കെ. സഹദേവന്‍
എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ്