എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സി പൂട്ടേണ്ടിവരുമെന്ന് ആര്യാടന്‍
എഡിറ്റര്‍
Saturday 2nd March 2013 10:04am

കൊച്ചി: ഡീസല്‍ വില വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തേണ്ടി വരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

Ads By Google

ഈ നിലയ്ക്ക് മുന്നോട്ട്‌പോകാനാവില്ല. കേന്ദ്രസര്‍ക്കാരില്‍ പ്രതീക്ഷയില്ലെന്നും ആര്യാടന്‍ പറഞ്ഞു. ഡീസല്‍ വില വര്‍ദ്ധനയുടെ കാര്യവുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ പോയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല.

90 കോടി രൂപയാണ് ഒരു മാസം കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം. ഇതേ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല. ഇക്കാര്യം താന്‍ നേരത്തെ നിയമസഭയില്‍ അറിയിച്ചതാണ്.

35 കോടി രൂപ പെന്‍ഷന്‍ നല്‍കാന്‍ തന്നെ വേണം. ഇത് പോലും കണ്ടെത്താന്‍ കഴിയുന്നില്ല. വിഷയം കാബിനറ്റ് ഉടന്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ അധികം വൈകാതെ തന്നെ കെ.എസ്.ആര്‍.ടി പൂട്ടേണ്ടിവരുമെന്നും ആര്യാടന്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിയെ കടുത്ത പ്രതിസന്ധിയിലാക്കി ഇന്നലെയാണ് വീണ്ടും ഡീസല്‍ വില വര്‍ദ്ധിച്ചത്. ഒറ്റയടിക്ക് ലിറ്ററിന് 1.19 രൂപയാണ് വെള്ളിയാഴ്ച വര്‍ധിപ്പിച്ചത്.

ഒരുലിറ്റര്‍ ഡീസലിന് 63.69 രൂപ നല്‍കേണ്ടിവരുന്നതോടെ ദിനേന ഏഴുലക്ഷം രൂപയുടെ അധികബാധ്യതയാണുണ്ടാവുന്നതെന്ന് കെ.എസ്.ആര്‍.ടി.സി ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍ അറിയിച്ചു.

അധികവില മൂലം പ്രതിമാസ അധികബാധ്യത രണ്ടുകോടിയിലേറെ രൂപയാവും. ഈ അവസ്ഥയില്‍ മുന്നോട്ടുപോകാനാവില്ലെന്നും അടിയന്തര നടപടി ആവശ്യപ്പെട്ട് ശനിയാഴ്ച സര്‍ക്കാറിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുറത്തുള്ള പമ്പില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് ഡീസല്‍ അടിക്കാനുള്ള തീരുമാനം പ്രായോഗികമല്ല. സപൈ്‌ളകോ പമ്പുകളുടെ എണ്ണം പരിമിതമായതിനാല്‍ ഇതേക്കുറിച്ചും ആലോചിക്കാനാവില്ല.

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സര്‍ക്കാറിന് ശുപാര്‍ശ സമര്‍പ്പിച്ചെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ വകുപ്പുമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിപണിയില്‍ ഡീസല്‍ ലിറ്ററിന്  50.30 രൂപ മാത്രം വിലയുള്ളപ്പോള്‍ 13.39 രൂപയോളം അധികം നല്‍കിയാണ് കെ.എസ്.ആര്‍.ടി.സി  വാങ്ങുന്നത്. വന്‍കിട ഉപഭോക്താവിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി സബ്‌സിഡി ആനുകൂല്യത്തില്‍ നിന്ന് എണ്ണക്കമ്പനികള്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കിയതോടെയാണിത്. ഈയിനത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇതിനകമുണ്ടായ അധികബാധ്യത 89 കോടിയാണ്.

Advertisement