കെ.വേണുവിന്റേതും എന്‍.എം പിയേഴ്‌സന്റേതും മാപ്പര്‍ഹിക്കാത്ത ഫാസിസ്റ്റ് സേവ
FB Notification
കെ.വേണുവിന്റേതും എന്‍.എം പിയേഴ്‌സന്റേതും മാപ്പര്‍ഹിക്കാത്ത ഫാസിസ്റ്റ് സേവ
കെ.ടി കുഞ്ഞിക്കണ്ണന്‍
Tuesday, 19th February 2019, 4:46 pm

കെ.വേണുവും എന്‍.എം പിയേഴ്‌സണും ആര്‍.എസ്.എസ് പരിപാടിയില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രതിസന്ധിയെ കുറിച്ച് ക്ലാസെടുത്തതില്‍ ആശ്ചര്യം പ്രകടിപ്പിച്ച് കൊണ്ട് പല സുഹൃത്തുക്കളും എഴുതിയ കുറിപ്പുകള്‍ വായിച്ചു. സി വിക് ചന്ദ്രന്റെ കട്ട സപ്പോര്‍ട്ട് കുറിപ്പും വായിച്ചു… കമ്യൂണിസം ഉപേക്ഷിച്ച് ലിബറല്‍ ജനാധിപത്യത്തിലഭയം തേടിയ ബുദ്ധിജീവിതത്തിന്റെ ദുരന്ത പരിണതിയാണ് കെ.വേണുവിന്റെ ഈ ഫാസിസ്റ്റ് സേവ…

വേണു സത്യസന്ധമായി സമ്മതിച്ചത് പോലെ അദ്ദേഹം ഇതാദ്യമല്ല സംഘപരിവാര്‍ അധ്യാപകനാവുന്നത് . എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ പാലക്കാട് നടന്ന യുവമോര്‍ച്ച സമ്മേളനത്തിലും വേണു കമ്യൂണിസ്റ്റുകാരുടെ പ്രത്യയശാസ്ത്ര പ്രതിസന്ധിയെക്കുറിച്ച് ക്ലാസെടുത്ത് സംഘികളെ ആഹ്ലാദചിത്തരരാക്കിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം മറ്റു പല ബുദ്ധിജീവികളും ജനാധിപത്യവാദം കെട്ടഴിച്ചുവിടാനായി സംഘി ക്യാമ്പുകളിലേക്ക് പോയിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ ആര്‍.എസ്.എസ് രൂപീകരിച്ചതിന്റെ അമ്പതാം വാര്‍ഷികത്തില്‍ പ്രധാന അതിഥികളായി വേണുവും ഇപ്പോ വേണുവിന് രക്ഷാകവചവുമായി ഇറങ്ങിയ സിവിക്കും, മാത്രമല്ല നമ്മുടെ സാറടീച്ചറും പങ്കെടുത്തു. ആര്‍.എസ്.എസിന്റെ വിചാര സത്രത്തില്‍ സ്വദേശിയെ കുറിച്ചും ഹിന്ദുത്വമെന്ന പ്രത്യയശാസ്ത്ര രംഗത്തെ സ്വദേശിയെ കുറിച്ചുമെല്ലാം തട്ടിവിട്ടു…

ഇതൊന്നും വ്യക്തിപരമായ ദോഷമായി പരിമിതപ്പെടുത്തി കാണരുത് നിയോലിബറല്‍ ചരിത്ര കാലഘട്ടത്തെയും ഫാസിസത്തെയും അതിന് പിറകിലെ വര്‍ഗ താല്പര്യങ്ങളെയുമൊക്കെ മനസിലാക്കുന്നതിലെ വീക്ഷണ പരമായ ദുരന്തങ്ങളാണ്…

 

1930 തുകളില്‍ ബോള്‍ഷെവിസവും ഫാസിസവും ഇരട്ടപെറ്റ സന്തതികളാണെന്ന് വാദിച്ച ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് നേതാവ് ഓട്ടോ വെല്‍ സിനെപ്പോലുള്ളവരുടെ നിലപാടുകള്‍ നാസികളെ സഹായിക്കുന്നതിലേക്കാണ് എത്തിയത്… കമ്മ്യൂണിസത്തിന്റെ ജനാധിപത്യമില്ലായ്മക്ക് പരിഹാരം തേടി ഫാസിസ്റ്റുകളെ അറിഞ്ഞും അറിയാതെ പുല്‍കാന്‍ നോക്കിയ ബൗദ്ധിക ദുരന്തങ്ങളുടെ ലളിതമായൊരു ആവര്‍ത്തനമാകാമിത് ..

നിരുപാധികവും വ്യവസ്ഥാ രഹിതവുമായ ഫൈനാസ്മൂലധനത്തിന്റെ ആധിപത്യവാഞ്ഛകളിലാണ് സര്‍വ്വസ്വതന്ത്രമായ ജനാധിപത്യ വാദം ഉയര്‍ന്നു വരുന്നത്. അത് ഫ്യൂഡല്‍ മത പൗരോഹിത്യത്തോട് കലഹിച്ച് ചരിത്രത്തിലേക്ക് കടന്നു വന്ന വിപ്ലവകാരിയായ ബൂര്‍ഷാസി മുറുകെ പിടിച്ച ലിബറലിസമല്ല. വ്യക്തി സ്വാതന്ത്രത്തിന്റെയും പൗരാവകാശങ്ങളുടെ പതാകവാഹകനെന്ന നിലയിലാണ് ബൂര്‍ഷാസി ലിബറല്‍ മൂല്യങ്ങളെ വളര്‍ത്തിയെടുത്തത്…

എന്നാല്‍ നവലിബറല്‍ കാലത്തെ ബൂര്‍ഷാ മൂലധനശക്തികള്‍ ഒരു കാലത്ത് തങ്ങളെതിര്‍ത്ത് തോല്പിക്കാന്‍ ശ്രമിച്ച ചരിത്രത്തിലെ കാലഹരണപ്പെട്ട ജീര്‍ണ ശക്തികളുമായി സന്ധി ചെയ്തിരിക്കുകയാണ്.

മധ്യകാലികമായ മത വംശീയ പ്രത്യയശാസ്ത്രങ്ങളെ പുനരുജ്ജീവിപ്പിക്കുകയും വര്‍ത്തമാനപ്രശ്‌നങ്ങള്‍ക്കെല്ലാം ഭൂതകാലത്തിന്റെ പ്രാക്തന സംസ്‌കാരങ്ങളില്‍ പരിഹാരം തേടുകയും ചെയ്യുന്ന പ്രതിലോമ ദൗത്യമാണ് ആര്‍.എസ്.എസും താലിബാനിസ്റ്റുകളും നിര്‍വഹിക്കുന്നത്. ജീര്‍ണ മുതലാളിത്യത്തിന്റെ കമ്യൂണിസ്റ്റ് വിരുദ്ധമായ പ്രത്യയശാസ്ത്ര ദല്ലാള്‍ പണിയാണ് വേണുവിനെ പോലുള്ളവര്‍ ചെയ്തു കൂട്ടുന്നത്. മാപ്പര്‍ഹിക്കാത്ത ഫാസിസ്റ്റ് സേവ..

കെ.ടി കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍