ഇപ്പോള്‍ തന്നെ 53 പേരെ പാര്‍ലമെന്റിലുള്ളൂ, തരൂരിനെ പുറത്താക്കിയാല്‍ ബുദ്ധിമുട്ടാകും, കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വം: കെ. മരളീധരന്‍
Kerala
ഇപ്പോള്‍ തന്നെ 53 പേരെ പാര്‍ലമെന്റിലുള്ളൂ, തരൂരിനെ പുറത്താക്കിയാല്‍ ബുദ്ധിമുട്ടാകും, കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വം: കെ. മരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th December 2021, 2:08 pm

തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ നിലപാട് തിരുത്താന്‍ തയാറാകണമെന്നാവശ്യപ്പെട്ട് കെ. മുരളീധരന്‍ എം.പി. സുധാകരന്‍ നല്‍കിയത് വാണിംഗാണെന്നും തരൂരിനെ പുറത്താക്കിയാല്‍ വിഷയം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പ്രതിസന്ധികളില്‍ ഒപ്പം നിന്നത് പാര്‍ട്ടിയാണെന്ന് ഓര്‍ക്കണം. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് വരെ അഭിപ്രായമുണ്ടായിരുന്നു. അന്ന് പാര്‍ട്ടിയുടെ സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ ഒരുപോലെ നിന്നാണ് അദ്ദേഹത്തെ പിന്തുണച്ചത്. ആ നിലയ്ക്ക് തരൂര്‍ യു.ഡി.എഫിനും പാര്‍ട്ടിയുടെ നിലപാടിനും ഒപ്പം നില്‍ക്കണം,’ മുരളീധരന്‍ പറഞ്ഞു.

‘റിപ്പോര്‍ട്ട് പഠിക്കട്ടെ എന്നാണ് തരൂര്‍ പറയുന്നത്. കോണ്‍ഗ്രസ് സമിതി പഠിച്ച റിപ്പോര്‍ട്ട് എല്ലാ എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും നല്‍കിയതാണ്. ഇനി പ്രത്യേകിച്ച് പഠിക്കണമെന്നാണെങ്കില്‍ അങ്ങനെ ആകട്ടെ അത് വിവാദമാക്കേണ്ട കാര്യമില്ല. വിഷയത്തില്‍ തരൂര്‍ തെറ്റ് തിരുത്തി പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സുധാകരന്‍ നല്‍കിയത് വാണിംഗ് മാത്രമാണ്. പുറത്താക്കിയാല്‍ വിഷയം മാറും. ഇപ്പോള്‍ തന്നെ 53 പേരെ പാര്‍ലമെന്റിലുള്ളൂ. അതിലൊരാളെ പുറത്താക്കിയാല്‍ ബുദ്ധിമുട്ടാകും. മാത്രവുമല്ല പാര്‍ട്ടി ഭരണഘടന അനുസരിച്ച് അക്കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണ്’ മുരളീധരന്‍ പറഞ്ഞു.

കെ-റെയില്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനേയും മുരളീധരന്‍ വിമര്‍ശിച്ചു. ‘കമ്മീഷന്‍ പറ്റിയുള്ള വികസനമാണ് സംസ്ഥാന സര്‍ക്കാരിപ്പോള്‍ കെ-റെയില്‍ എന്ന പദ്ധതിയിലൂടെ നടത്തുന്നതെന്നും കെ മുരളീധരന്‍ ആരോപിച്ചു. പാരിസ്ഥിതിക ആഘാത റിപ്പോര്‍ട്ട് പോലുമില്ലാതെ എന്ത് പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

എന്തടിസ്ഥാനത്തിലാണ് സ്ഥലമേറ്റെടുക്കുന്നത്. കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് പറയുന്നു. എവിടെ നിന്നാണ് ആ പണം വരിക. രണ്ട് പ്രളയം കടന്നതിന്റെ നഷ്ടപരിഹാരം നല്‍കാനോ റോഡ് ടാറുചെയ്യാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് കടം വാങ്ങി പൊറുതിമുട്ടുമ്പോഴാണ് വലിയ തുക മുടക്കി കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്രം സാമ്പത്തിക പിന്തുണ നല്‍കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ നിലയില്‍ പദ്ധതി പരാജയമാണ്. ഇതേ നിലപാടാണ് സി.പി.ഐക്കും ഉള്ളത്,’ അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ യു.ഡി.എഫിന് വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ മുരളീധരന്‍ ത്രിപുരയിലെ അവസ്ഥ ചൂണ്ടിക്കാട്ടി സി.പി.ഐ.എമ്മിനെ പരിഹസിക്കുകയും ചെയ്തു.

’25 വര്‍ഷം ഭരിച്ച ത്രിപുരയിലിപ്പോള്‍ പകല്‍ പുറത്തിറങ്ങി നടക്കാനാകാത്ത അവസ്ഥയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. തൃപുരയിലെ പാര്‍ട്ടി സഖാക്കളെ രക്ഷിക്കാന്‍ മിഠായി തെരുവില്‍ പാട്ടകുലുക്കി നടക്കുകയാണ്. ആ പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കാനിറങ്ങിയിരിക്കുന്നത്. ഗുണ്ടാവിളയാട്ടമാണോ കേരളത്തിലെ വികസനം.

കേരളത്തില്‍ ലഹരി മരുന്ന് മാഫിയ വളര്‍ന്നു പന്തലിച്ചു എന്നതിന് തെളിവാണ് കഴിഞ്ഞദിവസം പൊലീസുകാര്‍ക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തിയ ആക്രമണം. ഗുണ്ടകളില്‍ നിന്ന് സ്വന്തം പൊലീസിനെ രക്ഷിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് ഭീഷണിയുമായി വരുന്നത്,’ മുരളീധരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: k-muraleedharan-shashi-tharoor-k-rail-project