ദല്‍ഹിയിലെ കാലാവസ്ഥ കെ.വി. തോമസിന് നല്ല ഇഷ്ടമാണ്; നക്കാപ്പിച്ച കണ്ട് പോകുന്നവരാരും കോണ്‍ഗ്രസിലില്ല: കെ. മുരളീധരന്‍
Kerala News
ദല്‍ഹിയിലെ കാലാവസ്ഥ കെ.വി. തോമസിന് നല്ല ഇഷ്ടമാണ്; നക്കാപ്പിച്ച കണ്ട് പോകുന്നവരാരും കോണ്‍ഗ്രസിലില്ല: കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th January 2023, 12:26 pm

തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെ ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി കെ. മുരളീധരന്‍.

ദല്‍ഹിയിലെ കാലാവസ്ഥ കെ.വി. തോമസിന് നല്ല ഇഷ്ടമാണെന്നും ഇങ്ങനെയുള്ള നക്കാപ്പിച്ച കണ്ട് പോകുന്നവരാരും കോണ്‍ഗ്രസിലില്ലെന്നുമാണ് കെ. മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

”അത് നല്ലതാണ്. അദ്ദേഹം ദല്‍ഹി ക്ലൈമറ്റ് നന്നായി ഇഷ്ടപ്പെടുന്ന ഒരാളാണ്.

അങ്ങനെ നക്കാപ്പിച്ച കണ്ട് പോകുന്നവരാരും കോണ്‍ഗ്രസ് പാര്‍ട്ടിയിലൊന്നുമില്ല. പോകുന്നവരെ കുറിച്ച് ഞാന്‍ ആക്ഷേപമൊന്നും പറയുന്നില്ല. പോകുന്നവര് പൊയ്‌ക്കോട്ടെ.

അതുകൊണ്ട് അവര്‍ക്ക് മാനസികമായി സമാധാനം കിട്ടുമെങ്കില്‍ ഓക്കെ. പക്ഷെ ഈ കിട്ടുന്ന പദവിയിലൊന്നും അത്ര വലിയ കാര്യമൊന്നുമില്ല. കേരള ഹൗസില്‍ ഒരു റൂമുണ്ടാകും, ശമ്പളമുണ്ടാകും, സുഖമായിട്ടിരിക്കാം,” മുരളീധരന്‍ പറഞ്ഞു.

ഇന്ന് ചേര്‍ന്ന് സംസ്ഥാന മന്ത്രിസഭായോഗമായിരുന്നു കെ.വി. തോമസിന്റെ കാബിനറ്റ് റാങ്കോടെയുള്ള നിയമനത്തിന് അംഗീകാരം നല്‍കിയത്. നേരത്തെ എ. സമ്പത്തായിരുന്നു ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായിരുന്നത്.

കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി എട്ട് മാസത്തിനിപ്പുറമാണ് കെ.വി. തോമസിന് സര്‍ക്കാര്‍ ഒരു പദവി നല്‍കുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസില്‍ നിന്നുള്ള വിലക്കുകള്‍ മറികടന്ന് സി.പി.ഐ.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ കെ.വി. തോമസ് പങ്കെടുത്തത് വലിയ വിവാദമായിരുന്നു.

അച്ചടക്കലംഘനത്തിന് നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും കോണ്‍ഗ്രസിന്റെ കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള പ്രതികരണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കായി കെ.വി. തോമസ് സജീവമായി പ്രചരണത്തിനിറങ്ങുകയും ചെയ്തിരുന്നു.

Content Highlight: K. Muraleedharan mocks K. V. Thomas being appointed as the special representative of Kerala govt in Delhi