കരുണാകരന്റെ ശൈലിയല്ല പിണറായി വിജയന്; മുന്‍ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് മുരളീധരന്‍
Kerala
കരുണാകരന്റെ ശൈലിയല്ല പിണറായി വിജയന്; മുന്‍ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th September 2021, 1:35 pm

കോഴിക്കോട്: എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ.കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന പ്രസ്താവനയില്‍ നിന്നും മലക്കംമറിഞ്ഞ് കെ. മുരളീധരന്‍.

കരുണാകരന്റെ ശൈലിയല്ല പിണറായി വിജയനെന്ന് കേന്ദ്ര -കേരള സര്‍ക്കാരുകള്‍ക്ക് എതിരായ യു.ഡി.എഫ് ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുരളീധരന്‍ പറഞ്ഞു.

കരുണാകരന്‍ മതനേതാക്കളെ സഹായിച്ച് പ്രശ്‌നം പരിഹരിയ്ക്കുകയാണ് ചെയ്തത്. എന്നാല്‍ പിണറായി പറഞ്ഞ് പറ്റിക്കുകയാണ് ചെയ്തതെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.

‘പിണറായി വിജയന്‍ നേരിട്ടല്ല സംഘങ്ങളെ അയച്ചാണ് പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നത്. പക്ഷെ അത് വഞ്ചിക്കുകയാണെന്നത് വൈകി മാത്രമേ മനസ്സിലാകൂ. കരുണാകരന്‍ നേരിട്ട് പോകാറുണ്ട് എന്നത് എല്ലാവര്‍ക്കും നേരിട്ട് അറിയാവുന്ന കാര്യമാണ്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അദ്ദേഹം പരിഹാരം കാണുകയും മതസൗഹാര്‍ദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. നിലക്കല്‍ സംഭവം ഉള്‍പ്പെടെ അദ്ദേഹം നേരിട്ട് കൈകാര്യം ചെയ്തിരുന്നു. പിണറായി നേരിട്ടല്ല ചെയ്യുന്നത്. സംഘങ്ങളെ അയച്ച് വാഗ്ദാനം നല്‍കും. എന്നിട്ടവരെ പറ്റിക്കും. അതാണവസ്ഥ,’ മുരളീധരന്‍ പറഞ്ഞു.

ജാതി മത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള അസാധാരണ ശേഷി പിണറായിക്ക് ഉണ്ടെന്നായിരുന്നു തിരുവനന്തപുരം ജില്ല കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ ഇന്നലെ മുരളീധരന്‍ പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയന് കെ. കരുണാകരന്റെ ശൈലിയാണ്. ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാളാണ് പിണറായി വിജയന്‍. കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായി വിജയനാണ്.

എല്ലാ സാമുദായിക സംഘടനകളുമായിട്ടും നല്ല ബന്ധം പുലര്‍ത്തണം. പറയുമ്പോള്‍ കൈയ്യടിക്കാന്‍ നമ്മുടെ പാര്‍ട്ടിയില്‍ എല്ലാവരും ഉണ്ടാവും. പക്ഷെ വോട്ട് ചെയ്യാന്‍ ആരും ഉണ്ടാവില്ല. കെ. കരുണാകരന്റെ കാലത്തും ഉമ്മന്‍ചാണ്ടിയുടെ കാലത്തും എല്ലാ സാമുദായിക നേതാക്കളുമായും നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അത് കാത്തുസൂക്ഷിക്കണം എന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Muraleedharan Comment Against Pinarayi Vijayan