സൗന്ദര്യം ഉണ്ട് എന്ന് പറയുന്നതില്‍ അശ്ലീലം ഉണ്ടെന്ന് കരുതുന്നില്ല, മേയര്‍ക്ക് മാനസിക പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നു: കെ. മുരളീധരന്‍
Kerala
സൗന്ദര്യം ഉണ്ട് എന്ന് പറയുന്നതില്‍ അശ്ലീലം ഉണ്ടെന്ന് കരുതുന്നില്ല, മേയര്‍ക്ക് മാനസിക പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നു: കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th October 2021, 11:44 am

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും എന്നാല്‍ തന്റെ പ്രസ്താവന കാരണം മേയര്‍ക്ക് മാനസിക പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നെന്നും കെ. മുരളീധരന്‍ എം.പി പറഞ്ഞു. ആര്യ രാജേന്ദ്രന്‍ പരാതി നല്‍കിയതില്‍ തനിക്ക് ഭയമൊന്നുമില്ലെന്നും തനിക്കെതിരെ ഒരുപാട് കേസുകള്‍ ഉണ്ടെന്നും കെ. മുരളീധരന്‍ പ്രതികരിച്ചു.

‘എന്റെ പ്രസ്താവന കൊണ്ട് അവര്‍ക്ക് മാനസികമായ പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ എനിക്ക് ഖേദമുണ്ട്. എന്റെ പ്രസ്താവന കൊണ്ട് സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് ഒരു മാനസിക പ്രയാസം ഉണ്ടാവാന്‍ പാടില്ലെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.

എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ കാരണം ഒരാള്‍ക്കും മാനസിക പ്രയാസമുണ്ടാവരുത്. ഞാന്‍ ചൂണ്ടിക്കാട്ടിയ തെറ്റുകളില്‍ ഉറച്ചുനില്‍ക്കുന്നു. പക്ഷേ വ്യക്തിപരമായി മേയര്‍ക്ക് എതിരായി അധിക്ഷേപം ചൊരിഞ്ഞു എന്ന തോന്നലുണ്ടെങ്കില്‍ അതിലെനിക്ക് ഖേദമുണ്ട്.

സൗന്ദര്യം ഉണ്ട് എന്ന് പറയുന്നതില്‍ അശ്ലീലം ഉണ്ടെന്ന് കരുതുന്നില്ല. ആനാവൂര്‍ നാഗപ്പനും ഡി.വൈ.എഫ്.ഐയും എനിക്ക് സര്‍ട്ടിഫിക്കേറ്റ് തരേണ്ട ആവശ്യമില്ല. ശരീരത്തിന്റെ സൗന്ദര്യം വാക്കുകളില്‍ ഇല്ല എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഖേദിക്കുന്നതില്‍ ഒരു അഭിമാന പ്രശ്‌നവുമില്ല.

നഗരസഭയുടെ ചരിത്രത്തില്‍ നടന്നിട്ടില്ലാത്ത അഴിമതിയാണ് നടന്നത്. അതുകൊണ്ട് തന്നെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണ്.

ലക്ഷങ്ങളുടെ തട്ടിപ്പ് കോര്‍പ്പറേഷനില്‍ നടന്നു. ഭരിക്കുന്നവര്‍ക്ക് ധാര്‍മിക ഉത്തരവാദിത്തം ഉണ്ട്. നടക്കാത്ത പൊങ്കാലയ്ക്ക് ലക്ഷങ്ങള്‍ എഴുതിയെടുത്തു. ചിക്കനും പൊറോട്ടയും വാങ്ങാനെന്ന് പരസ്യമായിട്ട് പറയുകയും ചെയ്തു. ഇതൊക്കെ നഗരസഭയുടെ ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ്,’ മുരളീധരന്‍ പറഞ്ഞു.

മേയര്‍ ആര്യാ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമായിരുന്നു കെ. മുരളീധരന്റെ അധിക്ഷേപം.

എം.പി പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന മേയര്‍ കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത്.

കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Muraleedharan About His Statement on Arya Rajendran