ആ സമയത്ത് ന്യായമെന്ത്, അന്യായമെന്ത് എന്നൊന്നും നോക്കുകയല്ല വേണ്ടത്, അതിജീവിതയ്‌ക്കൊപ്പം നില്‍ക്കണം; അമ്മ പരിപാടിയില്‍ വിമര്‍ശനവുമായി കെ.കെ ശൈലജ
Kerala
ആ സമയത്ത് ന്യായമെന്ത്, അന്യായമെന്ത് എന്നൊന്നും നോക്കുകയല്ല വേണ്ടത്, അതിജീവിതയ്‌ക്കൊപ്പം നില്‍ക്കണം; അമ്മ പരിപാടിയില്‍ വിമര്‍ശനവുമായി കെ.കെ ശൈലജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th March 2022, 11:42 am

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’ സംഘടിപ്പിച്ച പരിപാടിക്കിടെ നടി ഭാവനയുടെ തുറന്നുപറച്ചില്‍ പരാമര്‍ശിച്ച് മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.കെ. ശൈലജ.

കുടുംബത്തിലെ ഒരാള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ ആ സമയത്ത് ഒപ്പം നില്‍ക്കേണ്ടത് മറ്റ് കുടുംബാംഗങ്ങളാണെന്നും ആ സമയത്ത് ന്യായമെന്ത്, അന്യായമെന്ത് എന്നൊന്നും നോക്കേണ്ടതില്ലെന്നും അതൊക്കെ പിന്നീട് നോക്കിയാല്‍ മതിയെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. താന്‍ ഇരയല്ല അതിജീവിതയാണെന്ന് ഒരു പെണ്‍കുട്ടി പറയാന്‍ തയ്യാറായത് വലിയ മാറ്റമാണെന്നും ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ പിന്തുണച്ച് അമ്മയിലെ വലിയ താരങ്ങള്‍ പോലും രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. അക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നെന്നും കുറ്റാരോപിതന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നുമുള്ള അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ പരാമര്‍ശമുള്‍പ്പെടെ വിമര്‍ശിക്കപ്പെട്ടിരുന്നു.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അതിജീവതയ്‌ക്കൊപ്പം നില്‍ക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് അമ്മയുടെ പരിപാടിയില്‍ തന്നെ ശൈലജ ടീച്ചര്‍ ഓര്‍മിപ്പിച്ചത്.

എല്ലാ മേഖലയിലും പരാതിപരിഹാര സെല്‍ വേണമെന്നും സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ താരസംഘടനകള്‍ക്ക് കഴിയണമെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

സിനിമാ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകളും അതുകേള്‍ക്കാന്‍ സംഘടനകളും തയ്യാറാകണം. പരാതി പറയാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടതില്ല. അനുഭവിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ ഉടനടി പറയാനുള്ള ആര്‍ജ്ജവം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്നും മുന്‍ മന്ത്രി വ്യക്തമാക്കി.

കലൂരിലുള്ള ‘അമ്മ’ ഓഫീസില്‍ നടന്ന പരിപാടിയില്‍ സംഘടനയുടെ വൈസ് പ്രസിഡന്റ് ശ്വേതാ മേനോനാണ് അദ്ധ്യക്ഷത വഹിച്ചത്. ആര്‍ ശ്രീലേഖ, ഷബാനിയ അജ്മല്‍, രചന നാരായണന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലാണ് വനിതകളുടെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.

Content Highlight: K.K Shylaja Teacher About Actress attack case AMMA Programme