നടിയെ ആക്രമിച്ച കേസില്‍ മാപ്പു സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ഗണേഷ്‌കുമാര്‍; സി.സി.ടി.വി ദൃശ്യങ്ങളുമായി ജോതികുമാര്‍ ചാമക്കാല
Kerala News
നടിയെ ആക്രമിച്ച കേസില്‍ മാപ്പു സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ഗണേഷ്‌കുമാര്‍; സി.സി.ടി.വി ദൃശ്യങ്ങളുമായി ജോതികുമാര്‍ ചാമക്കാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th November 2020, 9:17 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതില്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജോതികുമാര്‍ ചാമക്കാല.

മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ ഗണേഷ് കുമാറിന്റെ പി.എ പ്രദീപ് സന്ദര്‍ശിച്ചെന്നാണ് ചാമക്കാല ആരോപിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ചാമക്കാലയുടെ ആരോപണം.

ഫേസ്ബുക്കിലൂടെയായിരുന്നു ചാമക്കാല ആരോപണം ഉന്നയിച്ചത്. കേസില്‍ ഇടത് എം.എല്‍.എ ഗണേഷ് കുമാറിന്റെ താല്‍പര്യമെന്താണെന്ന് സ്ത്രീസുരക്ഷയുടെ വക്താക്കള്‍ മറുപടി പറയണമെന്ന കുറിപ്പോടെയാണ് ജ്യോതികുമാര്‍ ചാമക്കാലയുടെ  പോസ്റ്റ്.

‘കേസില്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പി.എ പ്രദീപ് എന്ന് വ്യക്തമാണെന്നും മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ലാലിന്റെ ബന്ധുവിനെ കാണാന്‍ പ്രദീപ് എത്തുന്ന ദൃശ്യങ്ങള്‍ ആണിതെന്നും ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചു.

ദൃശ്യങ്ങളില്‍ ഉള്ളത് പ്രദീപ് കോട്ടത്തല. 2020 ജനുവരി 24നാണ് പ്രദീപ് കാസര്‍കോട്ടെ സ്വകാര്യ ജ്വല്ലറിയില്‍ എത്തിയത്. സ്ത്രീ സുരക്ഷയുടെ വക്താക്കള്‍ മറുപടി പറയണം . എന്താണ് ഗണേഷ് കുമാറെന്ന ഇടത് എംഎല്‍എയുടെ താല്‍പര്യം’ എന്നാണ് ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നേരത്തെ നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയുണ്ടെന്ന് കാണിച്ച് മാപ്പുസാക്ഷി ബേക്കല്‍ സ്വദേശിയായ വിപിന്‍ ലാല്‍ നേരത്തെ പൊലീസിന് പരാതി നല്‍കിയിരുന്നു.

കേസില്‍ നടന്‍ ദിലീപിനെതിരായ മൊഴി മാറ്റി നല്‍കാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തെന്നും വധഭീഷണി വന്നെന്നും വിപിന്‍ പരാതിയില്‍ പറഞ്ഞിരുന്നു. കേസില്‍ ദിലീപിന് പങ്കില്ലെന്നാണ് താന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇത് പുറത്തിറങ്ങിയാല്‍ ജീവനു ഭീഷണിയാവുമെന്ന് ഭയന്നിട്ടാണെന്നും യഥാര്‍ത്ഥ മൊഴി അതല്ലെന്നും വിപിന്‍ ലാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: K.B Ganesh Kumar tries to influence in actress attack case; Jyotikumar Chamakala with CCTV footage