കാതലും കടന്ന് ജ്യോതിക ബോളിവുഡിലേക്ക്
Entertainment news
കാതലും കടന്ന് ജ്യോതിക ബോളിവുഡിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd November 2022, 11:54 pm

ജ്യോതിക നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ അഭിനയിക്കാനൊരുങ്ങുന്നു. ‘ശ്രീ’ എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രമായാണ് താരം അഭിനയിക്കുന്നത്. ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്കുമാര്‍ റാവുവാണ് ചിത്രത്തില്‍ നായകനായി എത്തുക.

വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘ശ്രീ’. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജ്കുമാര്‍ റാവുവാണ് ശ്രീകാന്ത് ബൊള്ളയുടെ കഥാപാത്രം ചെയ്യുക. സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

ജന്മനാ അന്ധനായിരുന്ന ചെറുപ്പക്കാരന്‍ തന്റെ കഠിനപ്രയത്‌നം കൊണ്ട് വിജയം സ്വന്തമാക്കുന്ന കഥയാണ് ശ്രീ പറയുന്നത്. ആന്ധ്രയിലെ കൃഷ്ണ ജില്ലയില്‍ മച്ചിലി പട്ടണത്തിനടുത്ത സീതാരാമപുരത്തെ സാധാരണ കര്‍ഷ കുടുംബത്തില്‍ നിന്ന് ലോകം അംഗീകരിക്കുന്ന വ്യവസായിയായി മാറിയ കഥയാണ് ശ്രീകാന്ത് ബൊള്ളയുടേത്.

അമേരിക്കയില്‍ നിന്ന് ബിരുദമെടുത്ത ശ്രീകാന്ത് ബൊള്ള നാട്ടിലെത്തി വ്യവസായം തുടങ്ങുകയായിരുന്നു. കടലാസും കവുങ്ങിന്‍ പാളയും ഉപയോഗിച്ചുള്ള പ്ലേറ്റുകളും കപ്പുകളും മറ്റ് പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെയും നിര്‍മാണമായിരുന്നു തുടങ്ങിയത്. ‘ബൊള്ളന്റ് ഇന്‍ഡസ്ട്രീസ്’ എന്ന ഒരു കമ്പനി ശ്രീകാന്ത് ബൊള്ള 2012ല്‍ സ്ഥാപിച്ചു.

തിരുമല- തിരുപ്പതി ദേവസ്ഥാനമടക്കം ശ്രീകാന്ത് ബൊള്ളയുടെ ഉത്പന്നങ്ങള്‍ വാങ്ങി. ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റാ മൂലധനം നിക്ഷേപം നടത്തിയതോടെ ശ്രീകാന്ത് ബൊള്ള വ്യവസായ രംഗത്ത് ശ്രദ്ധേയനായി. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ശ്രീകാന്ത് ബൊള്ള വിസ്മയകരമായ വളര്‍ച്ചയാണ് വ്യവസായ രംഗത്ത് സ്വന്തമാക്കിയത്. ശ്രീകാന്ത് ബൊള്ളയുടെ ജീവിതം സിനിമയാകുമ്പോള്‍ എങ്ങനെയായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയായ കാതലാണ് ജ്യോതികയുടെ ഷൂട്ടിങ് പൂര്‍ത്തിയായ പുതിയ ചിത്രം. മമ്മൂട്ടിയും ജ്യോതികയും അഭിനയിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ശകര്‍ കാണുന്നത്. മാത്യൂ ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് കാതല്‍.

CONTENT HIGHLIGHT: Jyothika is all set to act in Bollywood