ഇവന്‍മാര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്ലേ? അതോ അതൊക്കെ മെസിയെ ഒഴിവാക്കാനുള്ള തന്ത്രമായിരുന്നൊ? ബാഴ്‌സയെ ചോദ്യം ചെയ്ത് ബയേണ്‍ പരിശീലകന്‍
Football
ഇവന്‍മാര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്ലേ? അതോ അതൊക്കെ മെസിയെ ഒഴിവാക്കാനുള്ള തന്ത്രമായിരുന്നൊ? ബാഴ്‌സയെ ചോദ്യം ചെയ്ത് ബയേണ്‍ പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th July 2022, 12:39 pm

കഴിഞ്ഞ ദിവസമായിരുന്നു സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ ബാഴ്‌സലോണ ബയേണ്‍ മ്യൂണിക്കിന്റെ സൂപ്പര്‍താരമായിരുന്ന പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ സ്വന്തമാക്കിയത്. കുറേകാലത്തിന് ശേഷമാണ് ബാഴ്‌സ ഇത്രയും പ്രശസ്തിയുള്ള താരത്തെ ടീമിലെത്തിക്കുന്നത്.

മുന്‍ താരം സാവി കോച്ചായി വന്നതിന് ശേഷം ടീമിനെ റീ ബില്‍ഡ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സ.അതിനായി മികവുറ്റ താരങ്ങളെ ടീമിലെത്തിക്കാന്‍ ബാഴ്‌സക്കായിട്ടുണ്ട്. ബ്രസീലിന്റെ വിങ്ങര്‍ റാഫിന്യയെയും ടീമിലെത്തിക്കാന്‍ ബാഴ്‌സക്ക് സാധിച്ചിരുന്നു. ഏകദേശം 115 മില്യണോളം ഇരുവരേയും ടീമിലെത്തിക്കാന്‍ ബാഴ്‌സക്ക് ചെലവായിക്കാണും.

കഴിഞ്ഞ കുറച്ചുകാലമായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ബാഴ്‌സ എങ്ങനെ ഇത്തവണ ഇത്രയും പണം മുടക്കി ഇത്രയും താരങ്ങളെ സ്വന്തമാക്കിയെന്നാണ് ബയേണ്‍ മ്യൂണിക്ക് പരിശീലകന്‍ ജൂലിയന്‍ നാഗേല്‍സ്മാന്റെ സംശയം. കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെങ്കിലും യൂറോപ്പിലെ മികച്ച താരങ്ങളെ ടീമിലേക്കെത്തിക്കാന്‍ ബാഴ്സലോണക്ക് കഴിയുന്നത് വിചിത്രമായി തോന്നുന്നുവെന്നാണ് നാഗേല്‍സ്മാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

കഴിഞ്ഞ സമ്മറില്‍ സാമ്പത്തിക പ്രതിസന്ധി മൂലം ഒരുപാട് ടീമിന്റെ എക്കാലത്തേയും മികച്ച സൂപ്പര്‍താരമായ ലയണല്‍ മെസിയെ ടീമില്‍ നിന്നും വിട്ട് നല്‍കേണ്ടി വന്നിരുന്നു. പിന്നീട് ഫ്രാന്‍സിന്റെ സൂപ്പര്‍താരം ആന്റോണിയോ ഗ്രീസ്മാനും ക്ലബ്ബ് വിട്ട് പോകേണ്ടി വന്നിരുന്നു.

‘ലെവന്‍ഡോസ്‌കി മാത്രമല്ല, അവര്‍ക്ക് ഒരുപാട് പുതിയ താരങ്ങളെ ലഭിക്കുന്നു. എങ്ങനെയാണെന്ന് എനിക്കറിയില്ല. പണമില്ലാതെ താരങ്ങളെ വാങ്ങാന്‍ കഴിയുന്ന ലോകത്തിലെ ഒരേയൊരു ക്ലബ്ബ് അവരാകും. ഇതൊരു വിചിത്രവും അസ്വാഭാവികവുമായ സംഭവമായാണ് എനിക്ക് തോന്നുന്നത്,’ ഡി.സി യുണൈറ്റഡുമായുള്ള പ്രീ സീസണ്‍ മത്സരത്തിനു മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നാഗേല്‍സ്മാന്‍.

ബാഴ്സലോണ ഈ സമ്മറില്‍ രണ്ട് വമ്പന്‍ സൈനിങ്ങുകളാണ് നടത്തിയത്. 115 മില്യണ്‍ യൂറോയോളം മുടക്കി ലെവന്‍ഡോസ്‌കി, റഫിന്യ എന്നിവരെ സ്വന്തമാക്കിയ ബാഴ്സലോണ ഒസ്മാനെ ഡെംബലെയുടെ കരാര്‍ പുതുക്കുകയും ചെയ്തിരുന്നു. ഫ്രീ ഏജന്റുമാരായ ഫ്രാങ്ക് കെസീ, ക്രിസ്റ്റന്‍സെന്‍ എന്നിവരെയും ടീമിലെത്തിക്കാന്‍ ബാഴ്‌സക്ക് സാധിച്ചിരുന്നു.

ക്ലബ്ബ് പ്രസിഡന്റായ യോന്‍ ലപോര്‍ട്ട കൊണ്ടുവന്ന പുതിയ സാമ്പത്തിക നയങ്ങളാണ് ബാഴ്സലോണക്ക് പുതിയ താരങ്ങളെ സ്വന്തമാക്കാന്‍ പ്രധാനമായും സഹായിച്ചത്. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണെന്നാണ് ലപോര്‍ട്ട മുമ്പ് പറഞ്ഞതെങ്കിലും സാമ്പത്തിക നയങ്ങളിലൂടെ അതിനെ മറികടക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

അതേസമയം ബാഴ്സലോണയുടെ സൈനിങ്ങുകള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂള്‍സ് കൂണ്ടെ, ബെര്‍ണാര്‍ഡോ സില്‍വ, ആസ്പ്ലികുയറ്റ, അലോണ്‍സോ എന്നിവരെ ബാഴ്സയെ നോട്ടമിട്ടുണ്ട്.

Content Highlights: Julian Nagelsmann asking barcelona where are they getiing money in transfer market