'സെഫിയെന്ന കാരുണ്യം വറ്റിയ സ്ത്രീയുടെയും തോമസ് കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചുവാങ്ങണം'; ജൂഡ് ആന്റണി
Sister Abhaya murder case
'സെഫിയെന്ന കാരുണ്യം വറ്റിയ സ്ത്രീയുടെയും തോമസ് കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചുവാങ്ങണം'; ജൂഡ് ആന്റണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd December 2020, 6:31 pm

കൊച്ചി: സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സി.സെഫിയുടെയും ഫാ.തോമസ് കോട്ടൂരിന്റെയും തിരുവസ്ത്രം സഭ തിരിച്ചുവാങ്ങണമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി. കേസില്‍ ഫാ.കോട്ടൂരിനും സി. സെഫിയ്ക്കും ജീവപര്യന്തം തടവ് വിധിച്ച കോടതി വിധിയ്ക്ക് പിന്നാലെയായിരുന്നു ജൂഡിന്റെ ഈ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്.

ഇനിയെങ്കിലും സെഫി എന്ന കാരുണ്യം വറ്റിയ സ്ത്രീയുടേയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണമെനന്ന് ജൂഡ് പറഞ്ഞു.

സഭയെയും തിരുവസ്ത്രമണിയുന്നവരെയും ബഹുമാനിക്കുന്ന ഞാനുള്‍പ്പെടെയുള്ള വിശ്വാസികളെ കൊഞ്ഞനം കുത്തി കാണിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതി.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കുറ്റക്കാരായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും കോടതി ജീവപര്യന്തം തടവ് വിധിച്ചിരിക്കുകയാണ്.

ജീവപര്യന്തത്തിന് പുറമേ അഞ്ച് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി പറഞ്ഞു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.

അഭയ കൊല്ലപ്പെട്ടതാണെന്നും പ്രതികളായ ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നും ചൊവ്വാഴ്ച തിരുവനന്തപുരം സി.ബി.ഐ കോടതി വിധി പറഞ്ഞിരുന്നു. എന്നാല്‍ ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

തോമസ് കോട്ടൂര്‍ അര്‍ബുദ രോഗിയാണെന്നും പ്രായാധിക്യമുള്ളതിനാലും പരമാവധി ശിക്ഷാ ഇളവ് നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. താന്‍ നിരപരാധിയാണെന്ന് കോട്ടൂര്‍ ജഡ്ജിയുടെ ചേമ്പറിലെത്തി ഇന്നും ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കൊലക്കുറ്റം തെളിഞ്ഞുകഴിഞ്ഞെന്നും തോമസ് കോട്ടൂര്‍ മഠത്തില്‍ അതിക്രമിച്ചുകയറുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി സുപ്രധാന വിധി പറഞ്ഞത്.

ഫാ.തോമസ്‌കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരായിരുന്നു കേസിലെ പ്രതികള്‍. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെറ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും തുടക്കത്തില്‍ ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് സി.ബി.ഐ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്.

ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇനിയെങ്കിലും സെഫി എന്ന കാരുണ്യം വറ്റിയ സ്ത്രീയുടേയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണം .സഭയെയും തിരുവസ്ത്രമണിയുന്നവരെയും ബഹുമാനിക്കുന്ന ഞാനുള്‍പ്പെടെയുള്ള വിശ്വാസികളെ കൊഞ്ഞനം കുത്തി കാണിക്കരുത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Jude Antony Facebook Post On Abhaya Case