പി.എഫ്.ഐ മാത്രമല്ല, ഹര്‍ത്താലും ബന്ദും നടത്തി പൊതുമുതല്‍ നശിപ്പിച്ചത്; എല്ലാവരില്‍ നിന്നും നഷ്ടമീടാക്കണം: ജോയ് മാത്യു
Kerala News
പി.എഫ്.ഐ മാത്രമല്ല, ഹര്‍ത്താലും ബന്ദും നടത്തി പൊതുമുതല്‍ നശിപ്പിച്ചത്; എല്ലാവരില്‍ നിന്നും നഷ്ടമീടാക്കണം: ജോയ് മാത്യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd January 2023, 11:35 pm

 

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി പി.എഫ്.ഐ പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ ജപ്തി ചെയ്യുന്ന നടപടിയില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു.

പി.എഫ്.ഐ മാത്രമല്ല കേരളത്തില്‍ ഹര്‍ത്താലും ബന്ദും നടത്തി പൊതുമുതല്‍ നശിപ്പിച്ചതെന്നും വേറെയും രാഷ്ട്രീയ പാര്‍ട്ടികളുണ്ടെന്നും അഭിപ്രായപ്പെട്ട ജോയ് മാത്യു അതിന്റെയൊക്കെ നേതാക്കന്മാരുടെ സ്വത്തുക്കളും കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ടു.

‘പോപ്പുലര്‍ ഫ്രണ്ട് മാത്രമല്ല കേരളത്തില്‍ ഹര്‍ത്താലും ബന്ദും നടത്തി പൊതുമുതല്‍ നശിപ്പിച്ചത്. അതിനും മുന്‍പേ ഇതൊക്കെ ചെയ്തുകൂട്ടിയ വേറെയും രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. അതിന്റെയൊക്കെ നേതാക്കന്മാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയാല്‍ തീര്‍ക്കാവുന്ന കടമേ ഇപ്പോള്‍ കേരളത്തിനുള്ളൂ- ബഹുമാനപ്പെട്ട ഹൈക്കോടതി ഇക്കാര്യം ശ്രദ്ധിക്കാനപേക്ഷ.

ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ കിരാതപ്രവൃത്തികള്‍ക്ക് ഇരയായി കൊല്ലപ്പെടുകയോ അംഗഭംഗം നേരിടുകയോ ചെയ്യേണ്ടിവന്ന അസംഖ്യം സാധാരണക്കാരുണ്ട്.
അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരത്തിന് ഈ ഹൈക്കോടതി വിധി ഒരു സഹായമാകും. അഭിഭാഷകര്‍ തയ്യാറാവുക,’ ജോയ് മാത്യു പറഞ്ഞു.

അതേസമയം, സംഭവത്തില്‍ പി.എഫ്.ഐ പ്രവര്‍ത്തകരല്ലാത്ത വ്യക്തികള്‍ക്ക് വരെ നടപടി നേരിടേണ്ടിവരുന്നെന്ന് അക്ഷേപമുണ്ട്. പി.എഫ്.ഐ പ്രവര്‍ത്തകരല്ലാത്തവരുടെ ജപ്തി നടപടികള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ്- കോണ്‍ഗ്രസ് അനുകൂലികളായ ഉദ്യോഗസ്ഥരെന്നായിരുന്നു മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.ടി. ജലീല്‍ പറഞ്ഞിരുന്നത്.

തന്റെ ഫേസ്ബുക്ക് പേജിലെ ഒരു പോസ്റ്റിന് താഴെ എല്‍.ഡി.എഫിന് വോട്ട് ചെയ്തയാളുകള്‍ക്ക് പോലും നടപടി നേരിടേണ്ടിവന്നുവെന്ന് ഒരാള്‍ കമന്റ് ചെയ്തതിന് മറുപടി പറയുകയായിരുന്നു ജലീല്‍.

ഉദ്യോഗസ്ഥരുടെ കൊള്ളരുതായ്മ തിരുത്താന്‍ കേരളത്തില്‍ ജനകീയ സര്‍ക്കാരുണ്ടെന്നും വിഷയം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ജലീല്‍ മറുപടി നല്‍കി.