ടിനി ടോം കാടടച്ച് വെടിവെക്കുകയാണ്, ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കണം: ജോയ് മാത്യു
Kerala News
ടിനി ടോം കാടടച്ച് വെടിവെക്കുകയാണ്, ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കണം: ജോയ് മാത്യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th May 2023, 8:28 pm

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള നടന്‍ ടിനി ടോമിന്റെ പ്രസ്താവന കാടടച്ച് വെടിവെക്കലായിരുന്നു എന്ന് സംവിധായകനും നടനുമായ ജോയ് മാത്യു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെപ്പറ്റി ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കണമെന്നും, അല്ലെങ്കില്‍ അതിനെ കാടടച്ച് വെടിവെക്കുക എന്ന് പറയുമെന്നും നടന്‍ ജോയ് മാത്യു പറഞ്ഞു.

സിനിമാ താരങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗത്തെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടന്‍. താരങ്ങള്‍ താമസിച്ചുവരുന്നത് അവരുടെ സ്വഭാവം അങ്ങനെ ആയതുകൊണ്ടായിരിക്കാമെന്നും അവര്‍ ലഹരി ഉപയോഗിച്ചിട്ടാണോ വരുന്നതെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അവര്‍ താമസിച്ചുവരുന്നു എന്നുള്ളത് അവരുടെ സ്വഭാവമായിരിക്കാം. അവര്‍ ലഹരി ഉപയോഗിച്ചിട്ടായിരിക്കാം വരുന്നത് എന്ന് നമുക്ക് പറയാനാകില്ല. ഞാന്‍ വിശ്വസിക്കുന്നതും ഇല്ല. അങ്ങനെ ലഹരി ഉപയോഗിച്ചിട്ടൊന്നും ആര്‍ക്കും പെര്‍ഫോം ചെയ്യാന്‍ സാധിക്കില്ല. വല്ല പാട്ടുപാടാനൊക്കെ പറ്റുമായിരിക്കും. മദ്യപിച്ചാല്‍ പോലും സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ല. കാരണം ഇത് വളരെ കോണ്‍ഷ്യസ് ആയി ചെയ്യേണ്ട ഒരു കാര്യമാണ്.

സിനിമയില്‍ ഡയലോഗ് പറയാന്‍ ഉണ്ടാകും, ഫൈറ്റും ഉണ്ടാകും. ഇതില്‍ ലഹരിയൊന്നും സഹായകമായ ഒരു ഘടകമേയല്ല. നിര്‍മാതാക്കളുടെ ഭാഗത്തുനിന്നാണ് ഈ പരാതി വന്നത്. അവരോടു ചോദിക്കണം ആരൊക്കെയാണ് നിങ്ങള്‍ ലഹരി ഉപയോഗിക്കുന്നു എന്ന് പറയുന്നത്. വെറുതെ ശൂന്യാകാശത്തേക്ക് വെടിവച്ചിട്ട് കാര്യമില്ല. ജനറലൈസ് ചെയ്ത് പറയരുത്.

ഔദ്യോഗിക ഭാരവാഹികള്‍ സഹപ്രവര്‍ത്തകരെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് കൃത്യമായി അറിഞ്ഞിട്ടുവേണം പറയാന്‍. അമ്മ ഭാരവാഹികളെ സംബന്ധിച്ചിടത്തോളം അതൊരു വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിയായിപ്പോയി. അമ്മ സംഘടനയിലെ ഭാരവാഹികള്‍ സഹപ്രവത്തകരെ താറടിച്ചുകാണിക്കുന്ന പ്രവര്‍ത്തിയാണ് ചെയ്തത്.

താരങ്ങള്‍ ചെയ്തത് തെറ്റാണോയെന്നുള്ളത് തീരുമാനിക്കുന്നത് അടുത്ത ജനറല്‍ ബോഡിയിലാണ്. മറ്റു മാധ്യമങ്ങളുടെ മുന്‍പിലല്ല. നടന്‍മാരോട് സഹകരിക്കില്ലായെന്ന് പറഞ്ഞെങ്കില്‍തന്നെ ഇവര്‍ രണ്ടാളും ഇപ്പോള്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ടല്ലോ? പ്രൊഡ്യൂസര്‍മാര്‍ക്ക് ഇവര്‍ സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ ഇവരെ വെച്ച്പടമെടുക്കണ്ട.അവര്‍ക്ക് പടത്തില്‍ അഭിനയിക്കണം എന്നാഗ്രഹമുണ്ടെങ്കില്‍ അവര്‍ സ്വന്തം പണം മുടക്കി പടം എടുക്കട്ടെ,’ ജോയ് മാത്യു പറഞ്ഞു.

സിനിമയിലെ ലഹരിയുപയോഗത്തെതുടര്‍ന്ന് ടിനി ടോം തന്റെ മകനെ സിനിമയിലേക്ക് വിടാതിരുന്നത് കാടടച്ച് വെടിവെക്കുന്ന പ്രവര്‍ത്തിയാണെന്നും, ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കണമെന്നും ജോയ് മാത്യു പറഞ്ഞു. ഈ വിഷയത്തില്‍ ജനറലൈസ് ചെയ്ത് പറയരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: Joy Mathew’s reaction to Tiny Tom’s comments on drug use in the film industry