എഡിറ്റര്‍
എഡിറ്റര്‍
പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടവരുടെ, ദളിതരുടെ ഗൊരഖ്പൂരിലെ കുഞ്ഞുങ്ങളുടെ ഓര്‍മ്മ ദിനമാണിന്ന്: സ്വാതന്ത്യ ദിനത്തില്‍ ജോയ്മാത്യു
എഡിറ്റര്‍
Tuesday 15th August 2017 1:24pm

കൊച്ചി: സ്വാതന്ത്യദിനത്തില്‍ ആശംസകള്‍ അറിയിച്ച് തന്നെ ശ്വാസം മുട്ടിച്ച് കൊല്ലരുതെന്ന് നടന്‍ ജോയ്മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഗൊരഖ്പൂരില്‍ ശ്വാസംമുട്ടി മരിച്ച കുട്ടികളുടെയടക്കം ഓര്‍മ്മ ദിനമാണ് ഇന്നെന്നും പശുവിനെച്ചൊല്ലി നിസ്സഹായരായവരെ തല്ലിക്കൊല്ലുകയും ദളിതരെ ജീവനോടെ ചുട്ടുകൊല്ലുകയും ജാതിയുടെ പേരില്‍ കൂട്ടക്കൊലകള്‍ നടപ്പാക്കുകയും ചെയ്യുന്ന രാജ്യമായി നമ്മള്‍ മാറിയെന്നും പോസ്റ്റില്‍ ജോയ്മാത്യു പറയുന്നു.

സ്വാതന്ത്ര്യം എന്നത് മൂന്നുവര്‍ണ്ണങ്ങളില്‍ പൊതിഞ്ഞ് നല്‍കുന്ന മിഠായിയാണെന്ന് കരുതിപ്പോരുന്ന നിരക്ഷരരുടേയും
ദരിദ്രരുടേയും രാജ്യം എഴുപതു വര്‍ഷം കൊണ്ട് എന്തു നേടിയതെന്നും ജോയ്മാത്യു ചോദിക്കുന്നു.

അധികാരികള്‍ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കുവാനും സംശങ്ങള്‍ പ്രകടിപ്പിക്കുവാനും മനസു കൊണ്ടെങ്കിലും നമുക്ക് സാധിച്ചിരുന്നെങ്കില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി രക്തം ചൊരിഞ്ഞവരോടുള്ള ആദരവായിരുന്നേനേ എന്നും ജോയ്മാത്യു പറയുന്നു.

 


Read more:  ദേശീയപതാക ഉയര്‍ത്താന്‍ മടി കാണിക്കുന്ന ആര്‍.എസ്.എസ് ഞങ്ങളുടെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ വരേണ്ടെന്ന് മുസ്‌ലീങ്ങള്‍


ഫേസ്ബുക്ക് പോസ്റ്റ്
ദയവായി സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ അയച്ചുതന്ന് എന്നെ
ശ്വാസം മുട്ടിച്ച് കൊല്ലരുത്-
എഴുപത്തിനാലു കുഞ്ഞുങ്ങള്‍
ശ്വാസം കിട്ടാതെ മരിച്ചതിന്റെ
ഓര്‍മ്മയാണിന്നത്തെ ഈ സ്വാതന്ത്ര്യദിനം –
പശുവിനെച്ചൊല്ലി നിസ്സഹായരായ
ഗ്രാമീണരെ കാടന്‍ നീതികളാല്‍
തല്ലിക്കൊല്ലുന്ന –
ദളിതരെ ജീവനോടെ ചുട്ടുകൊല്ലുന്ന-
ജാതിയുടെ പേരില്‍ കൂട്ടക്കൊലകള്‍
നടപ്പാക്കുന്ന
ഒരു രാജ്യത്ത്
സ്വാതന്ത്ര്യം എന്നത് മൂന്നുവര്‍ണ്ണങ്ങളില്‍
പൊതിഞ്ഞ് നല്‍കുന്ന മിഠായിയാണെന്ന് കരുതിപ്പോരുന്ന
നിരക്ഷരരുടേയും
ദരിദ്രരുടേയും രാജ്യം
എഴുപതു വര്‍ഷം കൊണ്ട് എന്താണു നേടിയത്?
ശ്വസിക്കാനുള്ള ശുദ്ധവായു?
കുടിക്കാനുള്ള ശുദ്ധജലം?
വിശപ്പകറ്റാനുള്ള ആഹാരം?
ഇന്നു കുഞ്ഞുങ്ങളാണു
ഓക്‌സിജന്‍ കിട്ടാതെ മരിച്ചതെങ്കില്‍
വരും ദിവസങ്ങളില്‍
ഈ രാജ്യംതന്നെ ജീവവായു ലഭിക്കാതെ ശ്വാസം മുട്ടി ചത്തുപോയാലും
ഒരക്ഷരം ശബ്ദിക്കാതെ
സ്വാതന്ത്ര്യദിന കച്ചേരി നടത്തുന്ന
അധികാരികള്‍ക്കും അണികള്‍ക്കുമിടയില്‍
ചോദ്യങ്ങള്‍ ചോദിക്കുവാനും
സംശങ്ങള്‍ പ്രകടിപ്പിക്കുവാനും
മനസ്സുകൊണ്ടെങ്കിലും നമുക്ക് കഴിഞ്ഞാല്‍ –
ത്രിവര്‍ണ്ണ കടലാസ്
നെഞ്ചില്‍ തറക്കുവാനുള്ള
ഒരു സൂചിയെങ്കിലും ആകുവാന്‍ നമുക്ക് സാധിച്ചാല്‍
സ്വാതന്ത്ര്യത്തിനു വേണ്ടി രക്തം ചൊരിഞ്ഞവരോടുള്ള
ആദരവായിരിക്കും അത്


Also read:  ഇന്ത്യന്‍ ദേശീയ പതാകയും ‘മെയ്ഡ് ഇന്‍ ചൈന’ ; ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് പറയുന്ന സംഘികള്‍ അറിയാന്‍


 

Advertisement